‘പീഡന പരാതി മുഖ്യമന്ത്രി 13 ദിവസം പൂഴ്ത്തിവെച്ചു, മുഖ്യമന്ത്രിയുടേത് ഇരട്ട നീതി, രാഹുലിനെതിരായ രണ്ടാം പരാതിയിൽ സംശയമില്ല’

#ന്യൂസ് ഡെസ്ക്
വി.ഡി. സതീശൻ | Photo: Mathrubhumi
വി.ഡി. സതീശൻ | Photo: Mathrubhumi

കൊച്ചി: സിപിഎം മുൻ എംഎൽഎക്കെതിരായ ലൈംഗിക പീഡന കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇരട്ട നീതിയാണ് സ്വീകരിച്ചതെന്നും 13 ദിവസം പരാതി പൂഴ്ത്തിവെച്ചതിൻ്റെ കാരണം വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

കോൺഗ്രസ് പശ്ചാത്തലമുള്ള ഒരു എംഎൽഎക്കെതിരെ പരാതി വന്നപ്പോൾ മുഖ്യമന്ത്രി അപ്പോൾ തന്നെ പോലീസിന് ഫോർവേർഡ് ചെയ്തു. അതിൽ യുഡിഎഫിന് പരാതിയില്ല, അങ്ങനെത്തന്നെയാണ് ചെയ്യേണ്ടത്. എന്നാൽ സിപിഎം സഹയാത്രികനായ മുൻ എംഎൽഎ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ഒരു യുവതി നൽകിയ പരാതി മുഖ്യമന്ത്രിയുടെ കയ്യിൽ കിട്ടിയത് നവംബർ 27നാണ്. അത് പോലീസിന് കൈമാറിയത് ഡിസംബർ 2-നും കേസ് എടുത്തത് ഡിസംബർ 8-നുമാണ്. അതായത്, മൊത്തം 13 ദിവസമാണ് ഈ പരാതിയുടെ കാര്യത്തിൽ താമസം ഉണ്ടായത്. ഇതിൽ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ് നയമാണുള്ളത്, സതീശൻ വിമർശിച്ചു.

കോൺഗ്രസിൽ മുഴുവൻ സ്ത്രീലമ്പടന്മാരാണെന്ന് മുഖ്യമന്ത്രി പറയുന്നു. അദ്ദേഹത്തിൻ്റെ മന്ത്രിസഭയിൽ എത്ര പേർ ലൈംഗിക അപവാദ കേസുകളിൽപ്പെട്ടവരായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലും മന്ത്രിസഭയിലും ഇടതുപക്ഷ എംഎൽഎമാരുടെ കൂട്ടത്തിലും ലൈംഗിക അപവാദ കേസിൽ പെട്ട എത്രപേരുണ്ട് എന്നൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും സതീശൻ പറഞ്ഞു.

ഗെയിൽ സമരവുമായി ബന്ധപ്പെട്ട് വി.എം. സുധീരനെതിരായും പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായും മുഖ്യമന്ത്രി പ്രസ്താവനകൾ നടത്തിയിരുന്നു. 2017-ൽ നടന്ന സമരത്തെ പോലീസ് ക്രൂരമായി അടിച്ചമർത്തിയെങ്കിലും, അന്നത്തെ വ്യവസായ മന്ത്രി എ.സി. മൊയ്തീൻ ചർച്ച നടത്തുകയും പോലീസിനെ താക്കീത് ചെയ്യുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ സമരക്കാരുടെ ഡിമാൻഡുകൾ മുഴുവൻ അംഗീകരിച്ചു. പുതുക്കിയ ന്യായവിലയുടെ പത്തിരട്ടിയാക്കി കോമ്പൻസേഷൻ നൽകി. 116 കോടി രൂപ അധിക വർദ്ധനവ് നൽകുകയും 2012 മുതൽ മുൻകാല പ്രാബല്യം നൽകുകയും ചെയ്തു. വീടിനടുത്ത് 20 മീറ്റർ എന്നുള്ളത് 2 മീറ്റർ ആക്കി മാറ്റി. എന്നിട്ടും ആ സമരത്തെ പുച്ഛിക്കുകയാണ് മുഖ്യമന്ത്രി. ഉമ്മൻചാണ്ടിയുടെ കാലത്ത് ഗെയിലിൻ്റെ പൈപ്പ് ഇടാൻ നേരത്ത് ഇത് ഭൂമിക്കടിയിൽ കുഴിച്ചിട്ട ബോംബാണ് എന്ന് പറഞ്ഞ ആളാണ് ഈ പിണറായി വിജയൻ മന്ത്രിസഭയിലെ മന്ത്രി എന്നും സതീശൻ ഓർമ്മിപ്പിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ അപ്പീൽ പോകേണ്ട കേസാണെന്നും, യുഡിഎഫിൻ്റെയും കോൺഗ്രസിന്റെയും നിലപാട് അത് തന്നെയാണ് എന്നും സതീശൻ വ്യക്തമാക്കി. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കോടതി റിമാൻഡ് ചെയ്ത പ്രതി വീണ്ടും രണ്ടാമത്തെ കവർച്ച കേസിൽ കൂടി പ്രതിയായിട്ടും, പാർട്ടി നടപടി എടുത്തില്ലെങ്കിൽ "അയ്യപ്പന്റെ സ്വർണം കവർന്നവൻ ഇപ്പോഴും പാർട്ടിക്കാരനാണ്" എന്ന് ജനങ്ങൾ പറയുമെന്നും സതീശൻ വിമർശിച്ചു. പ്രതി മറ്റു സിപിഎം നേതാക്കളുടെ പേര് പറയും എന്നുള്ള ഭയം കൊണ്ടാണ് ഒരു നേതാവും നടപടി എടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുന്നതിൽ സിപിഎം ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. 42 കൊല്ലം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടുകൂടി തിരഞ്ഞെടുപ്പിനെ നേരിട്ട കക്ഷിയാണ് ഇടതുപക്ഷവും സിപിഎമ്മും. എം.വി. ഗോവിന്ദൻ ഉൾപ്പെടെ എല്ലാ പ്രാവശ്യവും നിയമസഭയിലേക്ക് വന്നത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടുകൂടിയാണ്.

വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചിട്ടുണ്ട്. 42 വർഷം സിപിഎമ്മിന് ആ പിന്തുണ സ്വീകരിക്കാം, കോൺഗ്രസിന് പാടില്ല. 2016ൽ ദേശാഭിമാനി മുഖപ്രസംഗം എഴുതിയത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയിൽ അഭിമാനിക്കുന്നു എന്നാണ്. "ഞങ്ങൾക്ക് ഒരു അകൽച്ചയുമില്ല, ജമാഅത്തെ ഇസ്ലാമി ഞങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചത് ഞങ്ങൾ അതിനെ സ്വാഗതം ചെയ്യുന്നു" എന്ന് പിണറായി വിജയൻ തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ട്, ഇപ്പോൾ വന്നിട്ട് ഇങ്ങനെ പരിഹാസ്യരാകരുത് എന്നും സതീശൻ മുന്നറിയിപ്പ് നൽകി.

രാഹുൽ മാങ്കൂത്തിലിനെതിരായ രണ്ടാമത്തെ പരാതി നന്നായി തയ്യാറാക്കിയ പരാതി(well drafted document)യാണെന്നാണ് കെപിസിസി അധ്യക്ഷൻ പറഞ്ഞത്. അതിൽ തെറ്റൊന്നുമില്ല. അങ്ങനെ തന്നെയാണ് പരാതി നൽകേണ്ടത്. പരാതികളെ മുൻവിധിയോടെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് പ്രിന്റ് മീഡിയ മാത്രമുണ്ടായിരുന്ന കാലത്ത് നിലപാടുകൾ മാറ്റാൻ എളുപ്പമായിരുന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷം വന്നിട്ട് താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് എളുപ്പത്തിൽ അവകാശപ്പെടാമായിരുന്നു. കാലം മാറി. പൊതുപ്രവർത്തകർ കാലഹരണപ്പെട്ടുപോകരുത്. അബദ്ധം പറയാതിരിക്കാൻ ശ്രമിക്കണം.

തന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നിലവാരം കുറഞ്ഞ മറുപടി എഴുതുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഓഫിസിലുള്ള ആരെങ്കിലും എഴുതിയ മറുപടി ആയിരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Opposition Leader VD Satheesan criticizes CM Pinarayi Vijayan for allegedly delaying action on a complaint against a former CPM MLA and highlights perceived double standards.