പുനർജനി കേസിൽ വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻചിറ്റ്; കേസ് അവസാനിപ്പിച്ചതായി ചെന്നിത്തല

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്. തെളിവുകളൊന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ കേസുകളിൽനിന്ന് സതീശനെ ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സതീശനെതിരായ കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതായും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
'പുനർജനിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിജിലൻസ് വളരെ വിശദമായി കാര്യങ്ങൾ പരിശോധിച്ചു. ആ പരിശോധനയിൽ തെളിവുകളൊന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ കേസുകളിൽനിന്ന് സതീശനെ ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കഴിഞ്ഞ സർക്കാർ എടുത്ത കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര വിജിലൻസ് വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്', ചെന്നിത്തല പറഞ്ഞു.
2018-ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ചുകൊടുക്കാനുള്ള പദ്ധതിയിലാണ് ക്രമക്കേട് നടന്നെന്ന ആരോപണം ഉയർന്നത്. തെളിവുകൾ കണ്ടെത്താനാകാത്തതിനെ തുടർന്ന് കേസിന്റെ തുടർ നടപടികൾ വേണ്ടെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേസിന്റെ അന്വേഷണം സിബിഐക്ക് വിടാൻ വിജിലൻസ് ശുപാർശചെയ്തത് രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. അതിനുശേഷം വീണ്ടും അന്വേഷണം നടത്തി. ഫയൽ മുഴുവൻ പഠിച്ചിട്ടാണ് താൻ പറയുന്നത്. സതീശന് ഇതിൽ യാതൊരു പങ്കുമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Content Highlights: Vigilance gives clean chit to VD Satheesan in Punarjani project case., Director of Vigilance reports no evidence found to sustain allegations., Home Minister Ramesh Chennithala confirms the closure of the investigation., The project was intended to provide housing for 2018 flood victims.