'ഇത് യഥാർത്ഥ കേരളസ്റ്റോറി, ഇതിനപ്പുറം പറയാൻ വാക്കുകളില്ല, വയനാട്ടിലെത്തുമ്പോൾ നേരിട്ടുകാണും, ഉറപ്പ്’

തിരുവനന്തപുരം: വയനാട് ചിത്രഗിരിയിൽ മക്കളോ ബന്ധുക്കളോ ഇല്ലാത്ത കല്യാണിയമ്മയ്ക്ക് അന്ത്യം കർമ്മം ചെയ്ത റസാക്കിനേയും സുലൈമാനേയും അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വയനാട് മൂപ്പൈനാട് പഞ്ചായത്ത് ചിത്രഗിരിയിൽനിന്നുള്ള ഈ വാർത്തയിൽ തെളിഞ്ഞുകണ്ടത് മനുഷ്യസ്നേഹത്തിന്റെ യഥാർത്ഥ കേരള സ്റ്റോറിയാണെന്ന് വി.ഡി. സതീശൻ ഫേയ്സ്ബുക്കിൽ കുറിച്ചു. കല്യാണിയമ്മയുടെ അന്ത്യകർമ്മം സംബന്ധിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത സൂചിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.
വി.ഡി. സതീശന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് പൂർണരൂപം:
മക്കളോ ബന്ധുക്കളോ ഇല്ലാത്ത എൺപത്തിയഞ്ചുകാരി കല്യാണിയമ്മയ്ക്ക് അന്ത്യകർമ്മം ചെയ്തത് അയൽപക്കത്തെ ഇസ്ലാം മത വിശ്വാസികളായ സഹോദരൻമാർ. വയനാട് മൂപ്പൈനാട് പഞ്ചായത്ത് ചിത്രഗിരിയിൽനിന്നുള്ള ഈ വാർത്തയിൽ തെളിഞ്ഞുകണ്ടത് മനുഷ്യ സ്നേഹത്തിന്റെ യഥാർത്ഥ കേരള സ്റ്റോറിയാണ്.
വാർധക്യവും രോഗവും കല്യാണി അമ്മയെ തളർത്തിയപ്പോഴും അയൽവാസികളായ റസാഖും സഹോദരൻ സുലൈമാനും കുടുംബവുമാണ് അവർക്ക് തുണയായത്. പെറ്റമ്മയെ പോലെ അവർ കല്യാണി അമ്മയെ പരിചരിച്ചു. കല്യാണി അമ്മ ഈ ലോകത്തുനിന്ന് മടങ്ങുമ്പോൾ സ്വന്തം മക്കളെപ്പോലെ റസാഖും സുലൈമൈനും അന്ത്യകർമ്മങ്ങൾ ചെയ്തു. അവർ അതവരുടെ കടമയായി കരുതി.
അത്രയേറെ ഹൃദയസ്പർശിയായിരുന്നു ആ വാർത്ത. ഇന്ന് രാവിലെ റസാഖിനെ ഫോണിൽ വിളിച്ചു. ആ സ്നേഹത്തിന് കേരളത്തിന്റെ പിന്തുണയും നന്ദിയും അറിയിച്ചു. വയനാട്ടിലെത്തുമ്പോൾ അവരെ കാണാമെന്നും ഉറപ്പു നൽകി. ‘മനുഷ്യത്വത്തിന്റെ പട്ടുപുതച്ച് കല്യാണി അമ്മ യാത്രയായെ’ന്നാണ് ഞാൻ വായിച്ച വാർത്തയുടെ തലക്കെട്ട്. അതിനുമപ്പുറം പറയാൻ വാക്കുകളില്ല.
Content Highlights: Razak and Sulaiman performed the last rites of 85-year-old Kalyani Amma in Wayanad., CM VD Satheesan praised their humanitarian act on Facebook, calling it the true Kerala story., Satheesan called Razak over the phone to express gratitude and promised to visit them in Wayanad.