പാട്ടുപാടിച്ച് എതിരാളിയെ വീഴ്ത്തിയ സ്ട്രാറ്റജിസ്റ്റ്; തന്ത്രങ്ങളുടെ ഉസ്താദായ VD എന്ന രാഷ്ട്രീയക്കാരൻ

#സിറാജ് കാസിം
1987-ലെ എം.ജി. സർവകലാശാലാ കലോത്സവത്തിൽ, അന്ന് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനായിരുന്ന വി.ഡി. സതീശൻ പ്രസംഗിക്കുന്നു. മുൻ കേന്ദ്രമന്ത്രിമാരായിരുന്ന ഹെന്റി ഓസ്റ്റിൻ, പ്രൊഫ. കെ.വി. തോമസ് തുടങ്ങിയവർ സമീപം
1987-ലെ എം.ജി. സർവകലാശാലാ കലോത്സവത്തിൽ, അന്ന് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനായിരുന്ന വി.ഡി. സതീശൻ പ്രസംഗിക്കുന്നു. മുൻ കേന്ദ്രമന്ത്രിമാരായിരുന്ന ഹെന്റി ഓസ്റ്റിൻ, പ്രൊഫ. കെ.വി. തോമസ് തുടങ്ങിയവർ സമീപം

കൊച്ചി: കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് എസ്.എഫ്.ഐ. സ്ഥാനാർഥിയായി ഗായകൻ ശശികുമാർ വരുമ്പോൾ വി.ഡി. സതീശൻ കെ.എസ്.യു. സ്ഥാനാർഥി ജോർജ് ജേക്കബിനോട് പറഞ്ഞത് ഒരുകാര്യം മാത്രമായിരുന്നു- 'നീ പാടണം'. അസാധ്യഗായകനായ ശശികുമാറിന്റെ മുന്നിൽ തനിക്ക് പിടിച്ചുനിൽക്കാനാകുമോയെന്ന് ആശങ്കപ്പെട്ടുനിന്ന ജോർജിന് സതീശൻ ഒരു പാട്ടും നിർദേശിച്ചു, 'നീ മധു പകരൂ' എന്ന ഹിറ്റ് ഗാനം. സതീശന്റെയും കൂട്ടുകാരുടെയും ഭാഷയിൽ പറഞ്ഞാൽ ശശികുമാറിന് പിന്നിൽ 'അര ഗായകൻ' പോയിട്ട് 'കാൽ ഗായകൻ' പോലുമല്ലായിരുന്നു ജോർജ്. പക്ഷേ, ഒടുവിൽ ജയിച്ചത് സതീശന്റെ ആ ഇലക്ഷൻ സ്ട്രാറ്റജി തന്നെയായിരുന്നു. എതിരാളിയുടെ മികവറിഞ്ഞ് അതിന് ഫലപ്രദമായി തടയിടുന്ന തന്ത്രങ്ങളുടെ ഉസ്താദായി വി.ഡി. സതീശൻ എന്ന രാഷ്ട്രീയക്കാരൻ പിറവിയെടുക്കുന്ന ആ കാലം ഇന്നും കൂട്ടുകാരുടെ മനസ്സിൽ മായാതെയുണ്ട്.

വാക്കുകളുടെ തീപ്പൊരി

1983-ൽ തേവര എസ്.എച്ച്. കോളേജിൽ ബി.എ. സോഷ്യോളജി വിദ്യാർഥിയായി സതീശൻ വന്ന കാലം. അന്നുമുതൽ ഇന്നുവരെ അദ്ദേഹത്തിന്റെ ആത്മസുഹൃത്തായ രഞ്ജിത്ത് തമ്പി ഇപ്പോഴും ഓർക്കുന്നുണ്ട്. ''വളരെ മെലിഞ്ഞ ഒരു പയ്യൻ, പക്ഷേ, പരിചയപ്പെട്ട് സംസാരിച്ചുതുടങ്ങിയപ്പോൾ അയാളിലെ വാക്കുകളുടെ തീപ്പൊരി ഞങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നു. പ്രസംഗത്തിലും ഡിബേറ്റിലുമെല്ലാം തിളങ്ങിയ സതീശൻ, കോളേജ് പഠനകാലത്ത് ഒരുപാട് സമ്മാനങ്ങളും വാരിക്കൂട്ടിയിരുന്നു. ഡിഗ്രിക്ക് ചേർന്ന് രണ്ടാം വർഷമാണ് ഞാനും സതീശനും ഒരുമിച്ച് കെ.എസ്.യു. പാനലിൽ യു.യു.സി.മാരായി മത്സരിച്ച് ജയിച്ചത്. തിരഞ്ഞെടുപ്പുകാലത്ത് കെ.എസ്.യു. സ്ഥാനാർഥികളുടെ പാനൽ അവതരിപ്പിക്കുന്നത് സതീശനാണ്. ക്ലാസുകളിൽ ചെന്ന് ഓരോ സ്ഥാനാർഥിയെയും പരിചയപ്പെടുത്തി മനോഹരമായി സതീശൻ പ്രസംഗിക്കുമ്പോൾത്തന്നെ അവർ പാതി വിജയിച്ചുകഴിഞ്ഞിരുന്നു'' -രഞ്ജിത്ത്, സതീശന്റെ കോളേജ് പഠനകാലം വരച്ചിട്ടു.

ഇന്നത്തെ മുട്ടറോസ്റ്റ്

കോളേജ് പഠനകാലത്ത് ഡിബേറ്റിലെയും പ്രസംഗത്തിലെയുമൊക്കെ വിജയത്തിൽ ചെലവുചെയ്തിരുന്ന സതീശനെയും കൂട്ടുകാർ മറന്നിട്ടില്ല. ''അന്ന് മത്സരങ്ങളിൽ ജയിച്ചാൽ കിട്ടുന്ന ചെറിയ കാഷ് പ്രൈസ് കൊണ്ട് സതീശൻ ഞങ്ങൾക്കെല്ലാം ചെലവ് ചെയ്യുമായിരുന്നു. കോളേജിനടുത്തുള്ള റസാഖിന്റെ അപ്‌സര എന്ന ചായക്കടയിലായിരുന്നു ഞങ്ങളെല്ലാം കൂടിയിരുന്നത്. അവിടെ ചെന്നാൽ പൊറോട്ടയും മുട്ടറോസ്റ്റുമായിരുന്നു ഇഷ്ടഭക്ഷണം. റസാഖ് ഇക്കയെ കളിയാക്കാൻവേണ്ടി പൊറോട്ടയും ഇന്നത്തെ മുട്ടറോസ്റ്റും തരൂ എന്ന് ഞങ്ങൾ പറയും. അതിന് കൗണ്ടറായി ഇന്നത്തെ മുട്ടറോസ്റ്റ് വേണമെങ്കിൽ മറ്റന്നാൾ വരൂ എന്ന് ഇക്കയും തമാശപൊട്ടിക്കും'' -രഞ്ജിത്ത് ആ ചിരിക്കാലം ഓർത്തെടുത്തു.

ക്ലാസ്മേറ്റും ഫുട്ബോളും

കോളേജ് പഠനകാലത്തെ കൂട്ടുകാരുമായി ഇന്നും സൗഹൃദം തുടരുന്ന സതീശന്റെ അപാരമായ ഓർമ്മയും എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. പ്രിയപ്പെട്ട കോളേജുകുമാരനെ വരച്ചിടുന്ന സംസാരം തീരുമ്പോൾ രഞ്ജിത്ത് ഒരു കാര്യംകൂടി പറഞ്ഞു- ഒരുപാട് മികവുകളുടെ ആൾരൂപമാണ് സതീശൻ. അതിന്റെയെല്ലാം കാരണങ്ങളിലൊന്ന് പുസ്തകങ്ങളോടും വായനയോടുമുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ഇഷ്ടംതന്നെയാണ്.

Content Highlights: Early political emergence of VD Satheesan during his college days at SH College, Thevara., His unique ability to counter opponents with psychological and creative strategies., The role of public speaking and debating in building his political foundation., Deep-rooted connections with long-term friends and his commitment to reading and knowledge.