‘കേടായപ്പോൾ വാഹനം മാറി യാത്ര ചെയ്തതോ കുറ്റം? മുമ്പ് പല മന്ത്രിമാരും സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്’

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്രയിലും സ്വകാര്യ വാഹന ഉപയോഗത്തിലും വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. മന്ത്രിയുടെ വാഹനം കേടായതിനെത്തുടർന്നാണ് മറ്റൊരു വാഹനം ഉപയോഗിക്കാൻ പ്രോട്ടോക്കോൾ വിഭാഗം അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വാഹനം കേടായപ്പോൾ അനുമതി കൊടുത്തുവെന്നും ഓർഡർ തന്റെ കൈയിൽ ഇരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാർത്താസമ്മേളനത്തിനിടെ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
10 കൊല്ലത്തോളം പഴക്കമുള്ള വാഹനങ്ങളാണ് മന്ത്രിമാർ ഉപയോഗിക്കുന്നത്. പുതിയ വാഹനങ്ങൾ വാങ്ങുന്നത് ഒഴിവാക്കിയത് ഭരണനേതൃത്വത്തിൽ നിന്ന് നല്ലൊരു സന്ദേശം നൽകാനാണ്. വഴിയിൽ വച്ച് വണ്ടി കേടാവുമ്പോൾ മന്ത്രിമാർ സുഹൃത്തുക്കളുടെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ല.
രണ്ടു ദിവസത്തേക്ക് നൽകിയ അനുമതിയേക്കാൾ കുറച്ചു മണിക്കൂറുകൾ കൂടുതൽ യാത്ര ചെയ്തതാണോ ഗുരുതരമായ കുറ്റകൃത്യമെന്നും അദ്ദേഹം ചോദിച്ചു. ‘ഒരാളുടെ വണ്ടി കേടായി, അപ്പോൾ പ്രോട്ടോക്കോൾ വിഭാഗം ആ മന്ത്രിക്ക് അനുമതി കൊടുത്തു വേറൊരു വാഹനത്തിൽ യാത്ര ചെയ്യാൻ. അത് ആ കൊടുത്തതിനേക്കാൾ കുറച്ചുകൂടി മണിക്കൂർ യാത്ര ചെയ്തു, ഗുരുതരമായ കുറ്റകൃത്യമാണല്ലോ’ എന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
ഇതിനു മുമ്പും പല മന്ത്രിമാരും സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്വകാര്യ വാഹനം ഉപയോഗിക്കാൻ മുമ്പും അനുമതി നൽകിയിട്ടുണ്ടെന്നും അതിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ ഒരു തെറ്റുമില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
മന്ത്രിമാർ വിദേശത്തുപോയതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ധൂർത്ത് ഉണ്ടായിട്ടില്ലെന്നും ഗവൺമെന്റിന് ഒരു പൈസയും ചെലവായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർ വിദേശത്തുപോയത് മലയാളി സംഘടനകളും അലൂമിനികളും സ്വന്തം ചെലവിൽ ടിക്കറ്റെടുത്ത് ക്ഷണിച്ചതുകൊണ്ടാണ്. ഇതിൽ സർക്കാരിന് ഒരു രൂപപോലും ചെലവായിട്ടില്ല. താൻ മുമ്പ് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വിദേശയാത്രകൾക്ക് സർക്കാരിന്റെ പണം ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Kerala Chief Minister VD Satheesan defended the ministers' foreign trips and private vehicle usage, clarifying that no government funds were spent on these travel arrangements.