സതീശന് അഭിവാദ്യമർപ്പിച്ച് ഷാഫി; ‘ഗ്രൂപ്പിസം തോറ്റു ജനം ജയിച്ചു’ എന്ന് കമന്റ്

കോഴിക്കോട്: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യ പ്രതികരണവുമായി ഷാഫി പറമ്പിൽ എം.പി. 'കേരളത്തിന്റെ, കോൺഗ്രസ്സിന്റെ, യുഡിഎഫിന്റെ മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശന് അഭിവാദ്യങ്ങൾ'- എന്നായിരുന്നു ഷാഫി പറമ്പിൽ ഫേയ്സ്ബുക്കിൽ കുറിച്ചത്.
പതിനൊന്ന് നാൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവിൽ ഇന്ന് എഐസിസി കേരളത്തിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിരുന്നു. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല പക്ഷങ്ങൾ മുഖ്യമന്ത്രി സ്ഥാനത്തിനായി ശ്രമം നടത്തിയെങ്കിലും ഒടുക്കം വി.ഡി. സതീശനിൽ മുഖ്യമന്ത്രിസ്ഥാനം എത്തുകയായിരുന്നു.
മുഖ്യമന്ത്രി ചർച്ചകളിൽ കെ.സി. പക്ഷത്തായിരുന്നു ഷാഫി പറമ്പിലിനെതിരേ സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിമർശനമുണ്ടായിരുന്നു. വി.ഡി. സതീശനെതിരെ പ്രവർത്തിച്ചുവെന്നും ഒറ്റിയെന്നും ആരോപിച്ചായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ ഷാഫിക്കെതിരേ പ്രചാരണം നടന്നത്.
യുഡിഎഫ് മിന്നും ജയത്തിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ ഫോട്ടോയ്ക്കൊപ്പം നിൽക്കുന്ന ഷാഫി പറമ്പിലിന്റെ ചിത്രം ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. മേയ് അഞ്ചിനായിരുന്നു ഈ പോസ്റ്റ്. ഇതിന് ശേഷം 10 ദിവസങ്ങൾ കഴിഞ്ഞ് ഇന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ പോസ്റ്റുമായി എത്തുന്നത്.
Content Highlights: AICC officially declares VD Satheesan as the Chief Minister of Kerala., Shafi Parambil responds to the announcement via social media., The decision follows 11 days of intense internal discussions within the Congress party., Shafi Parambil addresses previous cyber attacks and group politics allegations.