മന്ത്രിമന്ദിരങ്ങൾ അനുവദിച്ചു; ചെന്നിത്തലയ്ക്ക് 'പമ്പ', സണ്ണി ജോസഫിന് ‘അശോക’

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാർക്ക് ഔദ്യോഗിക വസതികൾ അനുവദിച്ചു. ഔദ്യോഗിക വസതികൾ സംബന്ധിച്ച ചർതച്ചകളിൽ ഒരേ വസതിക്കായി മൂന്നുമന്ത്രിമാർ വരെ രംഗത്തുവന്നിരുന്നു. നിള, സാനഡു, ഗ്രേസ് എന്നീ മന്ദിരങ്ങൾക്കായും പലരും ആവശ്യമുന്നയിച്ചിരുന്നു. ചർച്ചകൾക്കൊടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മന്ത്രിമന്ദിരങ്ങളുടെ അന്തിമപട്ടിക തയ്യാറാക്കി ഉത്തരവിറങ്ങിയത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള 'പമ്പ' വേണമെന്ന് രമേശ് ചെന്നിത്തല നേരത്തേ ആവശ്യം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന് ഈ വസതി തന്നെയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസാണ് ഇവിടെ താമസിച്ചിരുന്നത്. ക്ലിഫ് ഹൗസിന് അടുത്തുള്ള 'അശോക' ആണ് സണ്ണി ജോസഫിന് അനുവദിച്ചിരിക്കുന്നത്.
കെ. മുരളീധരൻ- സാനഡു, എ.പി. അനിൽകുമാർ- കാവേരി, പി.സി. വിഷ്ണുനാഥ്- നിള, എം. ലിജു- അജന്ത, റോജി എം. ജോൺ- ഗ്രേസ്, ടി. സിദ്ദിഖ്- ഗംഗ, കെ.എ. തുളസി- പ്രശാന്ത്, ബിന്ദു കൃഷ്ണ- തൈക്കാട് ഹൗസ്, ഒ.ജെ. ജനീഷ്- മൻമോഹൻ ബംഗ്‌ളാവ് എന്നിവയാണ് അനുവദിച്ചിട്ടുള്ളത്.
ലീഗ് മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി- ലൈന്ത്രസ്റ്റ്, എൻ. ഷംസുദീൻ- നെസ്റ്റ്, കെ.എം. ഷാജി- പൗർണമി, പി.കെ. ബഷീർ- ഉഷസ്, വി.ഇ. അബ്ദുൾ ഗഫൂർ- കവടിയാർ ഹൗസ് എന്നീ വസതികൾ അനുവദിച്ചു. മോൻസ് ജോസഫ്- പെരിയാർ, ഷിബു ബേബി ജോൺ- എസ്സെൻഡേൻ, സി.പി. ജോൺ- റോസ് ഹൗസ് എന്നിങ്ങനെയാണ് മറ്റ് വസതികൾ. അനൂപ് ജേക്കബിന് വാടകവീട് എടുക്കും.
മുൻമന്ത്രിമാർ താമസമൊഴിഞ്ഞ കെട്ടിടങ്ങളിലെല്ലാം അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. 3.96 കോടിയാണ് അറ്റകുറ്റപ്പണികൾക്കായി ചെലവഴിക്കുന്നത്. അതിനായി തയ്യാറാക്കി നൽകിയ എസ്റ്റിമേറ്റ് അംഗീകരിച്ച് ഉത്തരവും ഇറങ്ങിയിട്ടുണ്ട്.
Content Highlights: Official allocation of residences for the new 2026 Kerala cabinet ministers. Ramesh Chennithala allotted 'Pamba' near Cliff House. Sunny Joseph assigned 'Ashoka' bungalow. Public Works Department approved 3.96 crores for maintenance of ministerial residences. Comprehensive list of allocations for various ministers including League and other alliance partners.