സിപിഐക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാട്; ആഴ്ചയിൽ നിലപാട് മാറും- ബിനോയ് വിശ്വത്തിനെതിരെ വി.ഡി. സതീശൻ

ബിനോയ് വിശ്വം, വിഡി സതീശൻ | Photo: Mathrubhumi
ബിനോയ് വിശ്വം, വിഡി സതീശൻ | Photo: Mathrubhumi

ആലപ്പുഴ: സിപിഐക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണെന്നും ഓരോ ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിനോയ് വിശ്വത്തിന്റെ നിലപാട് എത്ര ദിവസം നിലനിൽമെന്ന് കണ്ടറിയാമെന്നും പാർട്ടിയിലും മുന്നണിയിലും അസ്വസ്ഥതകൾ പുകയുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ട്രിബ്യൂണലിനെതിരെ കോടതിയെ സമീപിച്ച വഖഫ് ബോർഡും സംസ്ഥാന സർക്കാരും മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു. നീതി വൈകിപ്പിക്കുന്ന സർക്കാർ സംഘപരിവാർ അജണ്ടയ്ക്ക് വഴിയൊരുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊതുസമൂഹത്തിന് മുന്നിൽ ഒറ്റപ്പെട്ടു പോകുന്നതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസിൽ സിപിഐ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. പിണറായി വിജയനെ ഭയന്ന് സിപിഎം നേതാക്കൾ മുഖ്യമന്ത്രിയുടെ മകൾക്ക് മത്സരിച്ച് പിന്തുണ നൽകുകയാണ്. അധികാരത്തിന്റെ കൂടെ നിൽക്കാനാണ് ഇപ്പോൾ സിപിഎം നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്. ഇതേ നിലപാടുതന്നെയാണ് ബിനോയ് വിശ്വവും ആദ്യം സ്വീകരിച്ചത്. പിന്നീട് പാർട്ടി യോഗം ചേർന്നപ്പോഴാണ് പുതിയ അഭിപ്രായം വന്നത്. സിപിഐ നേതാക്കൾക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണ്. ഓരോ ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കും. ബിനോയ് വിശ്വത്തിന്റെ നിലപാട് എത്രദിവസം നിലനിൽക്കുമെന്ന് അറിയില്ല. പാർട്ടിയിലും മുന്നണിയിലും അസ്വസ്ഥതകൾ പുകയുന്നു എന്നതിന്റെ ഉദാഹരണമാണിത്. 

കേരള സർക്കാർ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഫറൂഖ് മാനേജ്‌മെന്റ് നൽകിയ കേസ് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയിൽ ഇരിക്കെയാണ് സർക്കാർ നിയന്ത്രണത്തിലുള്ള വഖഫ് ബോർഡ് ഹൈക്കോടതിയിൽ പോയി ട്രിബ്യൂണലിന്റെ നടപടിക്രമങ്ങൾക്ക് സ്റ്റേ വാങ്ങിയത്. ഇതിന് പിന്നിൽ ഗൂഡാലോചനയുണ്ട്. മെയ് 19-ന് ട്രിബ്യൂണലിന്റെ കാലാവധി അവസാനിക്കാനിരിക്കെ മെയ് 29 വരെയാണ് സ്‌റ്റേ വാങ്ങിയിരിക്കുന്നത്. ഇപ്പോഴത്തെ വഖഫ് ട്രിബ്യൂണൽ മുനമ്പം നിവാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഭയന്നാണ് സർക്കാർ ഇങ്ങനെ ചെയ്തത്. വഖഫ് മന്ത്രിയുടെകൂടി അനുമതിയോടെയാണ് വഖഫ് ബോർഡ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. 

മുനമ്പത്തെ ജനങ്ങൾക്ക് കിട്ടേണ്ട നീതി സംസ്ഥാന സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണ്. ക്രൈസ്തവ-മുസ്ലീം ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്ക് സംസ്ഥാന സർക്കാർ വഴിയൊരുക്കിക്കൊടുക്കുകയാണ്. എന്തിനുവേണ്ടിയാണ് കോടതിയെ സമീപിച്ചതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Content Highlights: VD Satheesan criticizes CPI`s inconsistent stance on various issues