‘മരുമകൾക്ക് പരമ്പരാഗത ഭക്ഷണരീതി പറഞ്ഞുകൊടുക്കണം’; സതീശന്റെ പരാമർശം സ്ത്രീവിരുദ്ധമെന്ന് വിമർശനം

#ന്യൂസ് ഡെസ്ക്
വി.ഡി.സതീശന്‍ |ഫോട്ടോ:മാതൃഭൂമി
വി.ഡി.സതീശന്‍ |ഫോട്ടോ:മാതൃഭൂമി

ചെങ്ങന്നൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം. അമ്മമാർ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണം എന്ന മുഖ്യമന്ത്രിയുടെ പരാമർശം സ്ത്രീവിരുദ്ധമെന്നാണ് വിമർശനം. 14-ാമത് 'പംപ' സാഹിത്യോത്സവം ചെങ്ങന്നൂർ ഡി ചാർളി പമ്പ റെമിനിസൻസിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

‘കല ഉൾപ്പെടെയുള്ള പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്. മുൻ തലമുറകൾ നമുക്കു പകർന്നു തന്നു. പക്ഷെ ഇന്ന് ആരും അടുത്ത തലമുറയ്ക്ക് പകർന്നു നൽകുന്നില്ല. ഞാൻ ചില അമ്മമാരോട് പരാതി പറയും. ചില അമ്മമാർ പ്രത്യേക ഡിഷ് (വിഭവം) ഉണ്ടാക്കും. പക്ഷെ അവരുടെ മക്കൾക്ക് അത് പകർന്നുകൊടുക്കുന്നില്ല.  മക്കൾക്കോ മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞുകൊടുക്കണം’, എന്നായിരുന്നു വി.ഡി. സതീശന്റെ പരാമർശം. ഇതിനെതിരേയാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുയരുന്നത്.

"കലയും സംഗീതവും വായനയും എഴുത്തും ഇല്ലാത്ത ലോകത്തേക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. സാംസ്‌കാരിക മൂല്യങ്ങളും പാരമ്പര്യവും തലമുറകളിലേക്ക് പകർന്നു നൽകുന്നതിൽ എഴുത്തുകാരുടേയും കലാകാരന്മാരുടേയും പങ്ക് വലുതാണ്. എല്ലാവരും തങ്ങളിലേയ്ക്ക് ഒതുങ്ങുന്ന കാലമാണിത്. മനുഷ്യൻ സാമൂഹിക ജീവിയാണ് എന്നുള്ള യാഥാർഥ്യം വിസ്മരിക്കുന്നു. മനുഷ്യന്റെ പരിണാമ വഴികളിലെല്ലാം കൂട്ടായ്മകൾ ഉണ്ടായിട്ടുണ്ട്. പ്രയാസങ്ങളിൽനിന്നും ദുരിതങ്ങളിൽനിന്നും മനുഷ്യസമൂഹം കരകയറിയത് ഇതിലൂടെയാണ്. ഇങ്ങനെയുളള കൂട്ടായ്മയിൽനിന്നാണ് കലയും സാഹിത്യവും ഉണ്ടായത്. കൂട്ടായ്മയെ ചേർത്തുപിടിക്കുന്ന മഹനീയമായ ദൗത്യമാണ് കലാകാരന്മാരും സാഹിത്യകാരന്മാരും എഴുത്തുകാരും ഉൾപ്പെടെയുള്ളവർ ചെയ്യുന്നത്. അവർ ഭാവനയുടെ ലോകത്തേക്ക് നമ്മളെ കൈപിടിച്ചു കൊണ്ടുപോകുന്നു. അഭ്യസിക്കുന്ന കലകൾ അതിമനോഹരമായി പ്രകടിപ്പിക്കാൻ കലാകാരന്മാർക്ക് കഴിയും. മനുഷ്യന്റെ സാമൂഹിക-കുടുംബജീവിതത്തിന്റെ അടിത്തറയെ മനോഹരമാക്കുന്നത് കലയും സംഗീതവും എഴുത്തുമാണ് എന്ന തിരിച്ചറിവ് ഉണ്ടാകണം", വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

വി.ഡി. സതീശന്റെ പരാമർശം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. "വീട്ടുജോലികൾ ആൺ, പെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും ചെയ്യണം എന്ന മാറ്റം നമ്മൾ പാഠപുസ്തകങ്ങളിൽ വരുത്തി. എന്നിട്ടും....!!", മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഫേയ്സ്ബുക്കിൽ കുറിച്ചു.

രൂക്ഷ വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടിയും ഫേയ്സ്ബുക്കിൽ രംഗത്തെത്തി. "ചുമ്മാതല്ല, ജന്തർ മന്ദിറിലെ സമരപ്പന്തലിലെ പെൺകുട്ടികളുടെ സമരവീറും വീര്യവും കണ്ട് വാപൂട്ടി മുഖം കൊടുക്കാതെ ഇരുന്നത്. ഇവിടം വരെയേ വണ്ടി എത്തിയിട്ടുള്ളു", എന്നായിരുന്നു ശാരദക്കുട്ടിയുടെ പോസ്റ്റ്.

Content Highlights: VD Satheesan's speech at Pampa Literary Festival sparked criticism., The controversy centers on his suggestion that mothers should teach daughters-in-law traditional cooking., Critics, including former minister V Sivankutty, labeled the remarks as regressive., Writer Saradakkutty strongly criticized the politician's stance on gender roles., Public debate is ongoing regarding the intersection of tradition and modern gender equality.