സുരേന്ദ്രന് പിന്നാലെ വട്ടിയൂർക്കാവിനായി കൃഷ്ണകുമാറും; മോഹിപ്പിക്കുന്നത് തദ്ദേശ-ലോക്‌സഭാ ഫലങ്ങൾ

#ന്യൂസ് ഡെസ്ക്
കെ.സുരേന്ദ്രന്‍, ആര്‍.ശ്രീലേഖ, ജി.കൃഷ്ണകുമാര്‍ |ഫോട്ടോ:മാതൃഭൂമി
കെ.സുരേന്ദ്രന്‍, ആര്‍.ശ്രീലേഖ, ജി.കൃഷ്ണകുമാര്‍ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിക്കാൻ ബിജെപിക്കുള്ളിൽ വൻ വടംവലി. ആർ.ശ്രീലേഖയ്ക്കും കെ.സുരേന്ദ്രനും പിന്നാലെ ജി.കൃഷ്ണകുമാറും താത്പര്യമറിയിച്ച് രംഗത്തെത്തി. ആർ.ശ്രീലേഖയുടെ പേരാണ് ആദ്യം പരിഗണനയിൽ വന്നിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ താത്പര്യം അറിയിച്ചതോടെ ആർ.ശ്രീലേഖ ഇടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ കൃഷ്ണകുമാറും പരസ്യമായി രംഗത്തെത്തിയത്.

'25 വർഷമായി ഞാൻ ജീവിക്കുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. എന്റെ ഓഫീസാണെങ്കിലും ഭാര്യയുടെ വീടാണെങ്കിലും എല്ലാം വട്ടിയൂർക്കാവിലാണ്. എന്റെ പ്രവർത്തനമണ്ഡലം തന്നെ വട്ടിയൂർക്കാവാണ്. സ്വാഭാവികമായും ഏതൊരു പൊതുപ്രവർത്തകനും അവരവരുടെ പ്രവർത്തന മണ്ഡലത്തിൽ മത്സരിക്കാനായിരിക്കും താത്പര്യം. എന്നിരുന്നാലും പാർട്ടിയുടെ തീരുമാനം ആയിരിക്കും അന്തിമം' കൃഷ്ണകുമാർ മാതൃഭൂമിയോട് പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബിജെപിക്കുണ്ടായ മുന്നേറ്റം തന്നെയാണ് നേതാക്കളെ വട്ടിയൂർക്കാവിലേക്ക് ആകർഷിക്കുന്നത്. 2016ൽ കുമ്മനം രാജശേഖരൻ മത്സരിച്ചതോടെയാണ് വട്ടിയൂർക്കാവിൽ ബിജെപിക്ക് സാധ്യത കണ്ടെത്തിയത്. സിപിഎമ്മിനെ മൂന്നാംസ്ഥാനത്താക്കി അന്ന് കുമ്മനം വൻ മുന്നേറ്റം നടത്തി. കെ.മുരളീധരനോട് 7622 വോട്ടുകൾക്ക് കുമ്മനം പരാജയപ്പെട്ടെങ്കിലും ബിജെപിക്ക് 20 ശതമാനത്തിലധികം വോട്ട് വർധിപ്പിക്കാൻ അദ്ദേഹത്തിനായിരുന്നു. എന്നാൽ 2019ൽ നടന്ന ഉപതിരഞ്ഞടുപ്പിൽ ബിജെപി വീണ്ടും മൂന്നാം സ്ഥാനത്തേക്ക് പോയി. എന്നാൽ 2021-ൽ വി.വി.രാജേഷ് മത്സരിച്ച് രണ്ടാം സ്ഥാനം തിരിച്ച്പിടിക്കുകയും ചെയ്തു. തുടർന്ന് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പും ബിജെപിയെ മണ്ഡലത്തിൽ ഒന്നാമതെത്തിച്ചിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലുൾപ്പെട്ട വട്ടിയൂർക്കാവിൽ രാജീവ് ചന്ദ്രശേഖർ ശശി തരൂരിനേക്കാൾ എട്ടായിരത്തിലധികം വോട്ടുകൾക്ക് ലീഡ് നേടിയിട്ടുണ്ട്. സിപിഎം മൂന്നാം സ്ഥാനത്തായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള വട്ടിയൂർക്കാവ് മണ്ഡലത്തിലെ 22 വാർഡുകളിൽ 11 എണ്ണം ബിജെപിക്ക് ഒപ്പമാണ് നിന്നത്. യുഡിഎഫ് ഒൻപത് വാർഡ് നേടിയപ്പോൾ എൽഡിഎഫ് നാലിലേക്ക് ചുരുങ്ങുകയും ചെയ്തു. ഈ കണക്കുകളാണ് ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന വട്ടിയൂർക്കാവിലേക്ക് നേതാക്കളെ മോഹിപ്പിക്കുന്നത്.

തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം ലഭിക്കാത്ത ശ്രീലേഖയെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർഥിയാക്കാമെന്നായിരുന്നു നേതാക്കളുടെ വാഗ്ദാനം. സുരേന്ദ്രൻ താത്പര്യം പ്രകടിപ്പിച്ചതോടെ രണ്ടാമത്തെ വാഗ്ദാനവും ലഭിക്കില്ലെന്ന് വന്നതോടെയാണ് ശ്രീലേഖ പരസ്യപ്രതികരണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയതെന്നാണ് സൂചന. മേയർ സ്ഥാനത്തേക്ക് തന്നെയാണ് പരിഗണിച്ചതെന്നും മേയറാക്കാമെന്നുള്ള ഉറപ്പിലാണ് മത്സരിക്കാനിറങ്ങിയതെന്നും ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇതു വിവാദമായതോടെ മേയർസ്ഥാനം കിട്ടാത്തതിൽ അതൃപ്തിയില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും കൗൺസിലറായി തുടരുമെന്നും നിലപാട് വ്യക്തമാക്കി. വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള പ്രതീതി ഉയർത്തി സിറ്റിങ് എംഎൽഎ വി.കെ.പ്രശാന്തുമായി ശ്രീലേഖ കൊമ്പുകോർക്കുകയും ചെയ്തിരുന്നു.

പാലക്കാടാണ് സുരേന്ദ്രനെ പാർട്ടി പരിഗണിക്കാനിരുന്നത്. എന്നാൽ വട്ടിയൂർക്കാവില്ലെങ്കിൽ ഇത്തവണ മത്സരരംഗത്തേക്കില്ലെന്നാണ് സുരേന്ദ്രനുമായി അടുപ്പമുള്ളവർ പറയുന്നത്. നിരവധിതവണ പാർട്ടിക്കു വേണ്ടി മത്സരിച്ച് വോട്ടുയർത്തിയ നേതാവാണ് സുരേന്ദ്രൻ. വിജയസാധ്യതയുള്ള ഒരു മണ്ഡലംതന്നെ വേണമെന്നാണ് അവരുടെ നിലപാട്. ഇതോടെ ശ്രീലേഖയ്ക്ക് വാക്കുകൊടുത്ത നേതാക്കൾ വെട്ടിലായി. കൃഷ്ണകുമാറും പരസ്യമായി രംഗത്തെത്തിയതോടെ പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും.

Content Highlights: Vattiyoorkavu Seat Sparks Fierce BJP Contest: Three Leaders Eye Candidacy