ബ്രൂവറിയോട് യോജിപ്പില്ല, മദ്യനയം എല്‍.ഡി.എഫില്‍ ചര്‍ച്ചചെയ്തിട്ടില്ല; എതിര്‍പ്പ് പരസ്യമാക്കി RJD

ആര്‍ജെഡി സെക്രട്ടറി ജനറല്‍ വറുഗീസ് ജോര്‍ജ് | Photo: Screengrab/Mathrubhuminews
ആര്‍ജെഡി സെക്രട്ടറി ജനറല്‍ വറുഗീസ് ജോര്‍ജ് | Photo: Screengrab/Mathrubhuminews

തിരുവനന്തപുരം: പാലക്കാട്ടെ ബ്രൂവറി പദ്ധതിക്കെതിരായ എതിര്‍പ്പ് പരസ്യമാക്കി ആര്‍.ജെ.ഡി. മദ്യനയം മുന്നണിയില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും ആര്‍ജെഡി സെക്രട്ടറി ജനറല്‍ വറുഗീസ് ജോര്‍ജ് പറഞ്ഞു. 'ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വരുമ്പോള്‍ മദ്യാസക്തി കുറയ്ക്കും എന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് മദ്യാസക്തി കൂടുന്നു. മദ്യലഭ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കൂടുതല്‍ അതിനെ ഉദാരമാക്കുന്ന നീക്കങ്ങളോട് ആര്‍ജെഡിക്ക് യോജിപ്പില്ല. എല്‍ഡിഎഫില്‍ ഈ വിഷയം ചര്‍ച്ച ചെയ്തില്ല. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് യോഗത്തില്‍ ഇത് സമഗ്രമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുന്നതുവരെ മദ്യശാല നിര്‍മാണം നിര്‍ത്തിവെയ്ക്കണം. മദ്യനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പകരം അത് ഉദാരമാക്കുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ല. ബ്രൂവറിയോട് യോജിപ്പില്ല, ഇത്തരം പദ്ധതികള്‍ക്ക് മുന്‍പ് ഭരണ മുന്നണിയുടെ ഏകോപന സമിതി ചര്‍ച്ചചെയ്യണം,' വറുഗീസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

'രണ്ടുവര്‍ഷത്തെ മദ്യനയം മുന്നണിയില്‍ ചര്‍ച്ചചെയ്തിട്ടില്ല. ഇത്തരം പദ്ധതികള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തതിനുശേഷം മന്ത്രിസഭയില്‍ പാസാക്കുകയാണ് വേണ്ടത്. മന്ത്രി തലത്തില്‍ തീരുമാനിച്ചതിനുശേഷം അല്ല എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ടത്. സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ടു പോകും എന്ന് കരുതുന്നില്ല. ഈ തിരഞ്ഞെടുപ്പ് വര്‍ഷം പുനരാലോചിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. പാലക്കാട് മദ്യശാല നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്', വറുഗീസ് ജോര്‍ജ് പറഞ്ഞു.

കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാട്ടിയത് അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു. 'കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാട്ടിയത് അവഗണനയാണ്. കാര്‍ഷിക മേഖലയിലെ സ്തംഭനാവസ്ഥ മറികടക്കുന്നതിന് ബജറ്റില്‍ ഒന്നുമില്ല. വയനാട്ടില്‍ ദുരിതാശ്വാസത്തിന് വേണ്ട പാക്കേജ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. വിഴിഞ്ഞത്തിനും ധനസഹായം ഇല്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ബജറ്റ് മാത്രമാണിത്. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിക്കുന്നില്ല, പകരം കുറയ്ക്കുകയാണ്. കേരളത്തെ ഞെരുക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്', അദ്ദേഹം പറഞ്ഞു.

Content Highlights: RJD criticizes Union Budget for neglecting Kerala