റോഡ് തടസ്സപ്പെടുത്തി സി.പി.എമ്മിന്റെ വേദി; പവർ യൂണിറ്റ് അടക്കം കസ്റ്റഡിയിലെടുത്ത് പോലീസ്

#ജിബിൻ ജെ.ബി./മാതൃഭൂമി ന്യൂസ്
റോഡടച്ച് സിപിഎം ഏരിയ സമ്മേളനത്തിന് സ്റ്റേജൊരുക്കിയപ്പോള്‍ |ഫോട്ടോ:മാതൃഭൂമി
റോഡടച്ച് സിപിഎം ഏരിയ സമ്മേളനത്തിന് സ്റ്റേജൊരുക്കിയപ്പോള്‍ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡടച്ച് സിപിഎം സ്റ്റേജ് കെട്ടിയ സംഭവത്തിൽ നടപടിയുമായി പോലീസ്. സ്റ്റേജ് കെട്ടാൻ ഉപയോ​ഗിച്ച സാമഗ്രികൾ പോലീസ് കസ്റ്റഡിയിലെടുത്തു. വിഷയത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് നടപടി. പവർ യൂണിറ്റ് അടക്കമുള്ള സാധനങ്ങളാണ് പിടിച്ചെടുത്തത്. കുറച്ച് കസേരകളും ഒരു ലോറിയും കൊടിക്കെട്ടാൻ ഉപയോ​ഗിച്ച കമ്പുകളും പവർ യൂണിറ്റും മാത്രം കസ്റ്റഡിയിലെടുത്ത നടപടി കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നാണ് ഉയരുന്ന ആക്ഷേപം.

വഞ്ചിയൂർ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂർണമായും അടച്ചാണ് സി.പി.എം. പാളയം ഏരിയ സമ്മേളനത്തിന് വേദിയൊരുക്കിയത്. പാതയോരങ്ങളിൽ പോലും ഗതാഗതം തടസ്സപ്പെടുന്ന സമ്മേളനങ്ങൾ നടത്താൻ പാടില്ലെന്ന കോടതി വിധി നിലനിൽക്കെയാണ് വഞ്ചിയൂർ പോലീസ്  സ്റ്റേഷന് സമീപം ഇത്തരത്തിൽ ഒരു സംഭവം അരങ്ങേറിയത്. എന്നാൽ സമ്മേളനം പൂർത്തിയാകുന്നതുവരെ നടപടി സ്വീകരിക്കാൻ തയാറാകാതിരുന്ന പോലീസ് സ്റ്റേജ് വരെ പൂർണ്ണമായും അഴിച്ചുമാറ്റിയതിന് ശേഷമാണ് കണ്ടാലറിയാവുന്ന 500 പേർക്കെതിരെ കേസെടുത്തത്.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ജില്ലാ സെക്രട്ടറി വി.ജോയി, വി.കെ.പ്രശാന്ത് എം.എൽ.എ. എന്നിവരടക്കമുള്ള നേതാക്കൾ പൊതുസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സമ്മേളനം കഴിഞ്ഞ് കെ.പി.എ.സി. അവതരിപ്പിച്ച നാടകവും നടന്നു. ഇതും കഴിഞ്ഞാണ് സ്റ്റേജ് പൊളിച്ചുമാറ്റിയത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി, പൊതുസമ്മേളനത്തിൽ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങളും ആരാഞ്ഞിരുന്നു. മാത്രമല്ല ആരാണ് ഇത്തരത്തിൽ സ്റ്റേജ് കെട്ടുന്നതിന് അനുവാദം കൊടുത്തതെന്നും എന്തുക്കൊണ്ട് കോടതിയലക്ഷ്യത്തിന് കേസെടുത്തില്ലെന്നും കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടികൾ ശക്തമാക്കിയത്. 

കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ സംഭവത്തിൽ 30-ഓളം സി.പി.എം. നേതാക്കൾക്കും എട്ട് അതിഥിത്തൊഴിലാളികൾക്കുമെതിരേ പോലീസ് കേസെടുത്തു. ഏരിയാ സെക്രട്ടറി വഞ്ചിയൂർ പി.ബാബുവിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. 20 ഏരിയാ കമ്മിറ്റി അംഗങ്ങളും പ്രതിപട്ടികയിലുണ്ട്.

Content Highlights: Vanchiyoor road blockade Case police taking action