ഏരിയാ സമ്മേളനം: വഴിയടച്ച് സ്റ്റേജ് കെട്ടിയത് തെറ്റ്, ഇനി ആവർത്തിക്കില്ലെന്ന് CPM ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: വഞ്ചിയൂരിൽ സി.പി.എം ഏരിയാ സമ്മേളനത്തിനായി റോഡ് കയ്യേറി സ്റ്റേജ് കെട്ടിയ സംഭവത്തിൽ തെറ്റുസമ്മതിച്ച് സി.പി.എം. വഞ്ചിയൂർ ഏരിയാ സമ്മേളനത്തിന്റെ സമാപനച്ചടങ്ങുകൾക്കായി സ്റ്റേജ് കെട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെന്നും അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്നാണ് തന്റെ അഭിപ്രായമെന്നും പാർട്ടി ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വഴിയടച്ച് സ്റ്റേജ് കെട്ടിയത് ശരിയായില്ല. മേലിൽ ആവർത്തിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കും. റോഡുപണി നടക്കുന്നതിനാൽ ജനറൽ ആശുപത്രി പരിസരത്ത് വാഹനങ്ങൾ നിരോധിച്ചിരുന്നു. അത് കണക്കിലെടുത്താണ് സ്റ്റേജ് കെട്ടിയതെന്നും ജോയി പറഞ്ഞു. പാതയോരങ്ങളിൽപ്പോലും സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതിന് വിലക്കുള്ളപ്പോഴാണ് വഞ്ചിയൂരിൽ പ്രധാനവഴി പൂർണമായും അടച്ചുകൊണ്ട് സി.പി.എമ്മിന്റെ സമ്മേളനം നടന്നത്.
വഞ്ചിയൂരെ സ്റ്റേജ് വിവാദത്തിൽ കഴിഞ്ഞദിവസം ഹൈക്കോടതി സർക്കാരിനേയും പോലീസിനേയും രൂക്ഷമായി വിമർശിച്ചിരുന്നു. മരട് സ്വദേശിയായ പ്രകാശന്റെ ഹർജി പരിഗണിക്കവേയായിരുന്നു ഇത്. പൊതുനിരത്ത് കയ്യേറി സമ്മേളനങ്ങളും യോഗങ്ങളും നടത്തുന്നതിനെതിരെ സംസ്ഥാന സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളെന്തൊക്കെയാണെന്ന് ഇനി കേസ് പരിഗണിക്കുമ്പോൾ വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. വഞ്ചിയൂരെ സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടോയെന്ന് ആരാഞ്ഞ കോടതി കോടതിയലക്ഷ്യത്തിനുള്ള നടപടിയെടുക്കേണ്ട സംഭവമാണിതെന്നും നിരീക്ഷിച്ചു.
റോഡടച്ചുള്ള സമ്മേളനത്തിനെതിരെ വഞ്ചിയൂര്‍ സി.പി.എം ഏരിയാ കമ്മിറ്റിക്കെതിരേ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ അനധികൃത സംഘം ചേരല്‍, ഗതാഗത തടസ്സം, പോലീസിനോട് അപമര്യാദയായി പെരുമാറല്‍ എന്നിവയ്ക്കാണ് കേസ്. സമ്മേളന പരിപാടികള്‍ നടത്താന്‍ മാത്രമാണ് സി.പി.എം അനുമതി വാങ്ങിയിരുന്നത്. നടുറോഡില്‍ സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
വഞ്ചിയൂര്‍ കോടതിയുടെ സമീപത്തുള്ള റോഡിലാണ് സമ്മേളനവേദിയൊരുക്കിയത്. സമ്മേളനദിനത്തില്‍ ആംബുലന്‍സുകളും സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെയുള്ളവ ഗതാഗതക്കുരുക്കില്‍പെട്ടിരുന്നു.
Content Highlights: CPM admits fault for road closure during party meeting in Vanchiyoor