കേൾവി പരിമിതിയിൽ കേട്ടില്ല രക്ഷയുടെ വിളി...പ്രഭാകരൻ നായരെ മരണം വിളിച്ചു

വാഗമൺ: കേൾവിപരിമിതി ഉണ്ടായിരുന്നതിനാൽ മണ്ണിടിഞ്ഞുവന്നശബ്ദം പ്രഭാകരൻ നായർ കേട്ടില്ല. ഒപ്പം പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ അലമുറയിട്ട് കരഞ്ഞ സഹോദരിയുടെ വിളിയും. നിശബ്ദത നിറഞ്ഞ ഉറക്കത്തിൽത്തന്നെ അദ്ദേഹം മരണത്തിലേക്ക് പോയി.
മകൾ സ്മിതയോടൊപ്പം താമസിച്ചിരുന്ന വൈക്കം മറവൻതുരുത്ത് കുലശേഖരമംഗലം ശ്രീപത്മനാഭത്തിൽ പ്രഭാകരൻ നായർ സഹോദരി ലീലാമണിക്ക് സുഖമില്ലെന്ന് അറിഞ്ഞാണ് കഴിഞ്ഞ ബുധനാഴ്ച വാഗമണ്ണിലെത്തിയത്.
സഹോദരിയുടെ എന്ത് ആവശ്യത്തിനും ഓടിയെത്തുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. വെള്ളിയാഴ്ച വൈകീട്ട് തിരികെ പോകാൻ തുടങ്ങിയെങ്കിലും ‘ഒരുദിവസംകൂടി നിന്നിട്ട് പോകാം’ എന്ന് പറഞ്ഞ് ലീലാമണി അദ്ദേഹത്തെ പിടിച്ചുനിർത്തി.
എന്നാൽ, പുലർച്ചെ രണ്ടിന് വീടിന്റെ ജനൽതകർത്ത് മണ്ണും കല്ലും അകത്തേക്ക് വീഴുന്ന ശബ്ദംകേട്ട് ഹാളിൽ കിടന്നുറങ്ങിയ ലീലാമണി ഞെട്ടിയുണർന്നു. അവർ ഉടൻതന്നെ പ്രഭാകരൻ നായർ ഉറങ്ങിയ മുറിയുടെ വാതിലിന് മുൻപിലെത്തി വിളിച്ചു. അപ്പോഴേക്കും അകത്തേക്ക് മണ്ണ് വീണു. അകത്തുനിന്ന് ഞരങ്ങുന്നശബ്ദം കേൾക്കാമായിരുന്നു. എന്നാൽ മൺകൂന കാരണം വാതിൽ തുറക്കാൻ കഴിഞ്ഞില്ല. പിന്നീട് ലീലാമണി പുറത്തേക്ക് ഓടി അലമുറയിട്ടെങ്കിലും ആരും കേട്ടില്ല. ഇൻഡോറിലുള്ള മകനെ വിളിച്ചുപറഞ്ഞപ്പോൾ മകന്റെ കൂട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത്. ഈസമയം പ്രഭാകരൻ നായർ കിടന്നിരുന്ന മുറിയിലേക്ക് വലിയ പാറക്കല്ല് വന്നുപതിച്ചു. ചെറിയൊരു മലയിൽ തറകെട്ടിയാണ് വീട് പണിതിരുന്നത്. അതുകൊണ്ടുതന്നെ വീടിന്റെ പിറകിൽ ഉയരത്തിൽ മൺതിട്ട ഉണ്ടായിരുന്നു. ഇതാണ് ഇടിഞ്ഞുവീണത്.
Content Highlights: Fatal landslide incident occurred in Vagamon during the early hours., The victim, Prabhakaran Nair, was unable to escape due to hearing impairment., The house was built on a hillside with a high soil embankment that collapsed., Immediate rescue efforts were hampered by the intensity of the debris and falling rocks.