'ഞാന്‍ മരിക്കാന്‍ പോകുകയാണ്; ഫോണ്‍വിളിച്ച് യുവാവ്, പാഞ്ഞെത്തി ജീവന്‍ തിരിച്ചുപിടിച്ച് പോലീസ്

എഐ സഹായത്താല്‍ നിര്‍മിച്ച പ്രതീകാത്മക ചിത്രം
എഐ സഹായത്താല്‍ നിര്‍മിച്ച പ്രതീകാത്മക ചിത്രം

വാടാനപ്പള്ളി (തൃശ്ശൂര്‍): 'ഞാന്‍ മരിക്കാന്‍ പോകുകയാണ്' -വെള്ളിയാഴ്ച രാത്രി 9.30-ന് വാടാനപ്പള്ളി സ്റ്റേഷനിലേക്ക് വിളിച്ച യുവാവ് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയോട് പറഞ്ഞു. ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച പോലീസ് ഉടന്‍ സ്ഥലത്തേക്കു കുതിച്ചു. നാട്ടുകാരുടെ സഹായത്താല്‍ വീട് കണ്ടെത്തി നോക്കിയപ്പോള്‍ കണ്ടതു തൂങ്ങിനില്‍ക്കുന്ന യുവാവിനെ.

പോലീസിന്റെ ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടിയത് തളിക്കുളം കച്ചേരിപ്പടി സ്വദേശിക്ക്. സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയുടെയും ജിഡി ചാര്‍ജിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഫിറോസിന്റെയും ഇടപെടലിലൂടെയാണു യുവാവിന്റെ ഫോണ്‍ കിട്ടിയത്.

വീഡിയോ കോളിലൂടെ ബന്ധപ്പെട്ടപ്പോള്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതായി കണ്ടു. ഇതോടെ ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ ഫിറോസ്, സിപിഒമാരായ ജോര്‍ജ് ബാസ്റ്റ്യന്‍, ശ്യാം എന്നിവര്‍ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് പുറപ്പെട്ടു.

വീട്ടിലെത്തിയപ്പോള്‍ ഒരു മുറിയില്‍ മാത്രം വെളിച്ചം കണ്ടു. കതക് മുട്ടിയിട്ടും തുറന്നില്ല. ജനല്‍ച്ചില്ല് പൊട്ടിച്ചുനോക്കിയപ്പോള്‍ യുവാവ് തൂങ്ങിനില്‍ക്കുന്നു. വാതില്‍ ചവിട്ടിത്തുറന്ന പോലീസ് കുരുക്കഴിച്ചുമാറ്റി സിപിആര്‍ നല്‍കി. ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചു.

Content Highlights: Quick police response saves a young man from suicide in Vadakkanchery, Thrissur