കരിമണൽ കർത്തയിൽ‍നിന്ന് കൈക്കൂലി വാങ്ങിയവരിൽ കോൺഗ്രസുകാരും മാർക്സിസ്റ്റുകളുമുണ്ട്- വി. മുരളീധരൻ

#ന്യൂസ് ഡെസ്ക്

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ കേസെടുക്കാതിരിക്കാനാണ് വി.ഡി. സതീശൻ സർക്കാർ ശ്രമിച്ചതെന്ന് വി. മുരളീധരൻ എംഎൽഎ. ബിജെപി എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി വൈറ്റില മേരിമെയ്ഡ് ഹോട്ടൽ ഹാളിൽ നടത്തിയ ജില്ലാ ശിബിരം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിമണൽ കർത്തയിൽ നിന്നും കൈക്കൂലിപ്പണം കൈപ്പറ്റിയ സതീശനും കൂട്ടരും ഭയം കാരണമാണ് എസ്‌എഫ്‌ഐഒ (SFIO) റിപ്പോർട്ട് വന്നിട്ടും 15 ദിവസം വൈകിപ്പിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതും, യാതൊരു ജോലിയും ചെയ്യാതെ മുഖ്യമന്ത്രിയുടെ മകൾക്ക് കൈക്കൂലി നൽകുന്നതും രണ്ടാണെന്നും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്താണ് ഈ അഴിമതി നടത്തിയതെന്നും മുരളീധരൻ പറഞ്ഞു.

കരിമണൽ കർത്തയെപ്പോലുള്ളവരെ സഹായിച്ച് കൈക്കൂലി വാങ്ങിയവരിൽ കോൺഗ്രസുകാരും മാർക്സിസ്റ്റുകളുമുണ്ടെന്നും അത് മറയ്ക്കാൻ മാധ്യമങ്ങളെ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാനുള്ള ശ്രമം പരിഹാസ്യമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കോ-ട്രഷറർ എ. അനൂപ്, സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, പി.ആർ. ശിവശങ്കരൻ, കെ.വി. സാബു, പി.എൽ. ബാബു, രാധിക വർമ്മ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. സജി, ശ്രീകുട്ടൻ തുണ്ടത്തിൽ, പ്രിയ പ്രശാന്ത് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.