‘തോറ്റാലും തെറ്റ് തിരുത്താൻ സിപിഎം തയ്യാറാവില്ല, പ്രതിപക്ഷ നേതാവ് പുതിയ ഒരാൾ ആകാമായിരുന്നു’

#കെ.പി നിജീഷ് കുമാര്‍
വി.കുഞ്ഞികൃഷ്ണന്‍
വി.കുഞ്ഞികൃഷ്ണന്‍

തിരുവനന്തപുരം: തോറ്റാലും സിപിഎം തെറ്റ് തിരുത്തില്ലെന്നാണ് മുൻ അനുഭവമെന്ന് പയ്യന്നൂർ നിയുക്ത എംഎൽഎ വി കുഞ്ഞികൃഷ്ണൻ. ഞാൻ ജയിക്കാൻ വേണ്ടി ആയിരുന്നില്ല മത്സരിച്ചത്. ഒരു പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. പക്ഷേ ജനങ്ങൾ കൈവിട്ടില്ലെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. സിപിഎം തിരുത്തലിന് എത്രത്തോളം തയ്യാറാകും എന്നത് കണ്ടറിയേണ്ട കാര്യമാണ്. മുൻ അനുഭവങ്ങളിൽ നിന്നും എനിക്ക് വ്യക്തമാവുന്നത് തിരുത്തലിന് തയ്യാറാവില്ല എന്നതാണ്. മൂന്നുതവണ തെറ്റ് തിരുത്തൽ രേഖ അംഗീകരിച്ച് ചർച്ച ചെയ്തതാണ്. പക്ഷേ ഒരു മാറ്റവും ഉണ്ടായിട്ടില്ല.

ജനവിധി ഇങ്ങനെയായ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് പുതിയ ഒരാൾ ആകാമായിരുന്നു എന്ന് തനിക്ക് അഭിപ്രായമുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. ശൈലീമാറ്റമല്ല പ്രശ്‌നം. തെറ്റിനെ പാർട്ടിക്കകത്ത് ശക്തമായി വിമർശിക്കുക അതിനുശേഷം തിരുത്തുക എന്നതാണ്. എന്നാൽ തെറ്റ് ചെയ്യുമ്പോൾ ഇപ്പോൾ വിമർശിക്കാൻ ആരും തയ്യാറാകുന്നില്ല എന്ന അവസ്ഥയിലേക്ക് പാർട്ടിക്കകത്ത് അപചയം സംഭവിച്ചിരിക്കുന്നു. അതാണ് മാറേണ്ടത്.

പാർട്ടി ഏകാധിപത്യ രീതിയിലേക്ക് മാറുന്നു എന്നത് ഞാൻ നേരത്തെ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ഉൾ പാർട്ടി ജനാധിപത്യത്തിന് ഒരു പ്രസക്തിയും ഇല്ലാത്ത അവസ്ഥയിലേക്ക് ഇപ്പോൾ കാര്യങ്ങൾ മാറി. ഇത് ഏകാധിപത്യത്തിലേക്കാണ് സ്വാഭാവികമായി നീങ്ങുക. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങുമ്പോൾ ഭീഷണികളൊക്കെ ഉണ്ടായിരുന്നു. ഞാൻ ഉയർത്തിയ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് വേണ്ടി പോരാടുക എന്നത് ഞാൻ ആദ്യം മുതൽ സ്വീകരിച്ച നിലപാടാണ്. പക്ഷേ പാർട്ടിക്ക് അകത്ത് പോരാടിയതുകൊണ്ട് പ്രയോജനമില്ല എന്ന് മനസ്സിലായപ്പോഴാണ് ഒരു പുസ്തകം എഴുതി ജനങ്ങളുടെ മുൻപാകെ അവതരിപ്പിക്കുന്നതിന് വേണ്ടി തയ്യാറായത്.

ജനങ്ങൾ അത് ഏറ്റെടുക്കുന്നതിന് വേണ്ടി സന്നദ്ധമാവുകയായിരുന്നു.അതാണ് ഈ തിരഞ്ഞെടുപ്പ് വിജയം ബോധ്യപ്പെടുത്തുന്നത്. ഞാൻ എന്റെ നിലപാട് തുടക്കത്തിൽ തന്നെ വ്യക്തമാക്കിയതാണ്. ഒരു പാർട്ടിയിലേക്കും പോകില്ല. ആർഎസ്പി യിലേക്ക് പോകും എന്നൊക്കെയുള്ള വാർത്തകൾ ശുദ്ധ അസംബന്ധമാണ്. ഞാൻ ഒരു ഇടതുപക്ഷം ആയി ഒരു കമ്മ്യൂണിസ്റ്റായി നിലനിൽക്കാനാണ് ആഗ്രഹിക്കുന്നത്. കമ്മ്യൂണിസ്റ്റായി നിലനിൽക്കാൻ ഏതെങ്കിലും പാർട്ടിയുടെ പിന്തുണയോ സഹായമോ ഒന്നും ആവശ്യമില്ല. ആ നിലയിൽ തന്നെ മുന്നോട്ടുപോവുക എന്നതാണ് ലക്ഷ്യമെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

Content Highlights: V Kunhikrishnan asserts CPM refuses to correct past mistakes despite election outcomes., Claims the party is shifting toward authoritarianism with no internal democracy., Rejects rumors of joining other parties, maintaining a communist identity., Advocates for open criticism and internal reform within the party structure.