സിനഡ് കുർബാന; നിലപാടിലുറച്ച് ബിഷപ്പ്, പ്രതിഷേധവുമായി അല്മായ മുന്നേറ്റം

#സ്വന്തം ലേഖിക
മാര്‍ റാഫേല്‍ തട്ടില്‍
മാര്‍ റാഫേല്‍ തട്ടില്‍

കൊച്ചി: സിറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡ് കുർബാനക്കെതിരേ പ്രതിഷേധവുമായി അല്മായ മുന്നേറ്റം. സിനഡ് കുർബാന അടിച്ചേൽപ്പിക്കാനുള്ള മെത്രാന്മാരുടെ തീരുമാനത്തെ തള്ളിക്കളയുന്നുവെന്ന് അല്മായ മുന്നേറ്റം വ്യക്തമാക്കി. കലൂർ റീന്യൂവൽ സെന്ററിൽ കൂടിയ ഭാരവാഹികളുടെ യോഗത്തിന് ശേഷം പ്രവർത്തകർ ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ചു. വരും ​ദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കാനാണ് അല്മായ മുന്നേറ്റത്തിന്റെ തീരുമാനം. 

എറണാകുളം കത്തിഡ്രൽ ബസിലിക്കയുടെ മുന്നിൽ നിന്ന് പ്രതിഷേധ റാലിയായാണ് ബിഷപ്പ് ഹൗസിന് മുന്നിലെത്തി പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ  മുഴുവൻ പ്രവർത്തകരും മെത്രാൻമാരുടെ സംയുക്ത അഭ്യർത്ഥനയോടുള്ള വിയോജിപ്പ് ഓരോ ഫൊറോനയുടെയും ഇടവകകളുടെയും പേരിൽ അപ്പോസ്റ്റലിക്ക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരിന് ഒരു ബോക്സിലാക്കി കൂരിയയിൽ ഏൽപ്പിച്ചു.

അതേസമയം കുർബാന തർക്ക വിഷയത്തിൽ മുന്നറിയുപ്പുമായി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും രം​ഗത്തെത്തിയിരുന്നു. തോന്നിയതുപോലെ കുർബാന ചൊല്ലാനാകില്ലെന്നും ആരാധനാക്രമം വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ചു മാറ്റാനുള്ളതല്ലെന്നും ബിഷപ്പ് വ്യക്തമാക്കി. വൈദികർക്ക് തോന്നിയത് പോലെ കുർബാന ചൊല്ലാൻ പറ്റില്ലെന്നും സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിൽ ആയിരിക്കണം കുർബാന അർപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി നെടുങ്കണ്ടത്ത് സെന്റ് സെബാസ്റ്റ്യൻ ചർച്ച് കൂദാശാ കർമ്മത്തിനിടെയാണ് കുർബാന തർക്ക വിഷത്തിൽ ബിഷപ്പ് പരസ്യ പ്രതികരണം നടത്തിയത്. 

സിറോ മലബാർസഭയിൽ ഏകീകൃത കുർബാന നടത്തണമെന്ന് രേഖാമൂലം ആവശ്യപ്പെട്ട് സിനഡ് സർക്കുലർ ഇറക്കിയിരുന്നു. സിറോ മലബാർ സഭ സിനഡിന്റെ അവസാന ദിനമായ ജനുവരി 13ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ അദ്ധ്യക്ഷതയിൽ സമ്മേളിച്ച സിനഡിൽ പങ്കെടുത്ത എല്ലാ മെത്രാന്മാരും ഒപ്പിട്ടാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ പുതിയ ബിഷപ്പ് എത്തുന്നതോടെ രമ്യമായി പരിഹരിക്കാനാകുമെന്ന് കരുതിയിരുന്ന കുർബാന തർക്കം വീണ്ടും രൂക്ഷമാവുകയാണ്. എല്ലാവരേയും കേൾക്കുമെന്നും കുർബാന തർക്കത്തിൽ സാധ്യമായ പരിഹാരം കണ്ടെത്തുമെന്നും പറഞ്ഞ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ വാക്കുകൾ കാപട്യം നിറഞ്ഞതാണെന്നാണ് അല്മായ മുന്നേറ്റം  ആരോപിക്കുന്നത്. വിശ്വാസികളുമായി യാതൊരു ചർച്ചയും നടത്താതെയാണ് ഇപ്പോൾ ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നതെന്നും സിനഡിന്റെ ഏകീക‍ൃത കുർബാനയെ ഒരു രീതിയിലും അം​ഗീകരിക്കാൻ തയാറല്ലെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും അൽമായ മുന്നേറ്റം വ്യക്തമാക്കുന്നു. 

സിനഡിന്റെ സർക്കുലറിലെ നിർദ്ദേശ പ്രകാരം ഈ ഞായറാഴ്ച ദേവാലയങ്ങളിലെ കുർബാനക്കിടെ പുതിയ സർക്കുലർ വായിക്കണമെന്ന നിർദ്ദേശവുമുണ്ട്. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് അല്മായ മുന്നേറ്റം ഉയർത്തുന്നത്.

Content Highlights: unified holy mass bishop stands firm almaya munnettam proceeds with protests