'പോലീസിൽ അഴിമതി, ഗുണ്ടാബന്ധം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതിന് സസ്പെൻഡ് ചെയ്തു'

കോഴിക്കോട്: പോലീസില്‍ അഴിമതിയും ഗുണ്ടാബന്ധവും വ്യാപിച്ചുകിടക്കുന്നുന്നുവെന്ന വെളിപ്പെടുത്തലുമായി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന്. പോലീസിലെ ഗുണ്ടാബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതിനാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്നും ഉമേഷ് കൂട്ടിച്ചേര്‍ത്തു.
ഡിവൈ.എസ്.പി ഗുണ്ടാവിരുന്നില്‍ പോയതും ലഹരിക്കേസില്‍ പിടികൂടിയ പ്രതിയെ വിട്ടയക്കാന്‍ ആറന്മുള സി.ഐ. നിര്‍ദേശം നല്കി അയാളെ ബസ് കയറ്റിവിട്ടതുമെല്ലാം അന്വേഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ സി.ഐ.യെ പത്തനംതിട്ട എസ്.പി. സംരക്ഷിച്ചു. തെളിവ് നശിപ്പിക്കാന്‍ വിധത്തില്‍ സ്വാധീനമുള്ള ആളല്ല പരാതിക്കാരനായ താന്‍. എന്നിട്ടും തന്നെ സര്‍വീസില്‍നിന്ന് മാറ്റി നിര്‍ത്തിയാണ് അന്വേഷണമെന്നും ഉമേഷ് പറഞ്ഞു.
എല്ലാ തെളിവുകളും നശിപ്പിക്കാന്‍ സ്വാധീനമുള്ള ഉന്നതനെതിരെയാണ് ഇവിടെ ആരോപണം. എന്നിട്ടും അദ്ദേഹത്തെ സ്ഥാനത്ത് നിര്‍ത്തിയാണ് അന്വേഷണം നടത്തുന്നത്. അച്ചടക്കത്തിന്റെ പേരില്‍ എതിര് ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നുണ്ട്. പോലീസുകാരെ അടിച്ചമര്‍ത്തി പണിചെയ്യിച്ചിട്ട് ഉന്നതര്‍ അഴിമതി നടത്തുകയാണ്. സേനയെ തിരുത്തണമെങ്കില്‍ സര്‍ക്കാരിന് ഇച്ഛാശക്തി വേണമെന്നും ഉമേഷ് വള്ളിക്കുന്ന് പറഞ്ഞു.
പത്തനംതിട്ട മുന്‍ എസ്.പി. എസ്. സുജിത്ദാസ്, പി.വി. അന്‍വര്‍ എം.എല്‍.എയോട് കെഞ്ചുന്ന ശബ്ദരേഖ കേട്ടപ്പോള്‍ ഞെട്ടലുണ്ടായെന്നും ഉമേഷ് കൂട്ടിച്ചേര്‍ത്തു.
Content Highlights: umesh vallikkunnu alleges corruption and goonda connection in police force