‘പൊള്ളിക്കുന്ന തണുപ്പാണതെനിക്ക്, അത്രമേൽ ശൂന്യതയിലാണ് ഞാൻ!’

പി.ടി. തോമസും ഉമ തോമസും (ഫയൽ ചിത്രം) - ഫോട്ടോ - മാതൃഭൂമി
പി.ടി. തോമസും ഉമ തോമസും (ഫയൽ ചിത്രം) - ഫോട്ടോ - മാതൃഭൂമി

തൊടുപുഴ: ഇടുക്കി രാജപുരം ഉപ്പുതോട്ടിൽ തിങ്കളാഴ്ച മരംകോച്ചുന്ന തണുപ്പായിരുന്നു. സെയ്ന്റ് ജോസഫ്സ് പള്ളിയുടെ സെമിത്തേരിയിലെ പി.ടി. തോമസിന്റെ കുടുംബക്കല്ലറയിൽ എത്തിയപ്പോൾ ഉമാ തോമസിന്റെയും മക്കളുടെയും മനസ്സിൽ ഓർമ്മകളുടെ മഞ്ഞുതുള്ളികൾ നിറഞ്ഞു. ഇടയ്ക്ക് ആ ഓർമ്മകൾ മനസ്സിനെ പൊള്ളിച്ചിട്ടുമുണ്ടാകും. പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പി.ടി. തോമസിന്റെ നാലാം ചരമവാർഷികമായിരുന്നു തിങ്കളാഴ്ച.

2021-ലെ തണുപ്പുള്ള ഡിസംബറിലാണ് പി.ടി. വിടപറഞ്ഞത്. ഉമാ തോമസ്, മക്കളായ വിഷ്ണു തോമസിനും വിവേക് തോമസിനും ഒപ്പമാണ് ഓർമ്മദിവസം രാജമുടിയിലെത്തിയത്. പി.ടിയുടെ വളരെയടുത്ത ബന്ധുക്കളും ചിതാഭസ്മം അടക്കിയ കല്ലറയിലെത്തി പ്രാർഥിച്ചു.‘‘ ഈ പുലർച്ചയിൽ ഞാനും മക്കളും ഇവിടെ ഉപ്പുതോടാണ്. ഈ മണ്ണിൽനിന്നാണ് എന്റെ പി.ടി. തുടങ്ങിയത്. തിരിച്ചെത്തിയതും ഇവിടേക്ക് തന്നെ. പി.ടി. പോയ ദിവസമാണിത്. പൊള്ളിക്കുന്ന തണുപ്പാണതെനിക്ക്. അത്രമേൽ ശൂന്യതയിലാണ് ഞാൻ. ആരെയും കൂസാത്ത ആർക്കും ഭയപ്പെടുത്താനാകാത്ത, ഒരിക്കലെങ്കിലും കണ്ട ഒരാളെപ്പോലും മറന്നുപോകാത്ത എന്റെ പി.ടി. ഇവിടെയാണുള്ളത്. പ്രിയപ്പെട്ട അമ്മച്ചിയോടൊപ്പം’’- കല്ലറയ്ക്കരികിൽ നിൽക്കുന്ന ചിത്രത്തോടൊപ്പം ഉമ തോമസ് ഈ വരികളും ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Content Highlights: Uma Thomas and her sons visited the family tomb of PT Thomas in Upputhodu, Idukki on his 4th death anniversary. Cherishing memories and sharing heartfelt tributes.