ഉമാ തോമസ് MLA വീണ് പരിക്കേറ്റ സംഭവം: GCDAയ്ക്ക് പോലീസിന്റെ ക്ലീന്‍ചിറ്റ്, 'സുരക്ഷാവീഴ്ചയില്ല'

കൊച്ചി: ഉമാ തോമസ് എംഎൽഎ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ജി.ഡി.ഡി.എ) ക്ക് ക്ലീൻ ചിറ്റ് നൽകി പോലീസ്. ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മൃദംഗവിഷൻ ഡയറക്ടറടക്കമുള്ളവരാണ് മുഖ്യപ്രതികളെന്നുമാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. നൃത്തപരിപാടിക്കായി വേദിയൊരുക്കിയ മൃദംഗവിഷന് ഗുരുതരമായ വീഴ്ച സംഭവിച്ചതായും പോലീസ് പറയുന്നു. പോലീസ് കുറ്റപത്രം ഉടൻ സമർപ്പിക്കും.
സംഭവത്തിൽ പാലാരിവട്ടം പോലീസ് രണ്ട് കേസുകളാണ് എടുത്തിരുന്നത്. പരിപാടിയിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിച്ചും മറ്റൊന്ന് മൃദംഗവിഷന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സംഘാടകർക്കെതിരേയുമായിരുന്നു കേസ്. ഇതിൽ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിച്ച് രജിസ്റ്റർ ചെയ്ത കേസിലാണ് പോലീസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. ഇതിലാണ് ജിസിഡിഎക്ക് യാതൊരുവിധ സുരക്ഷാ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന കണ്ടെത്തൽ.
അതേസമയം സ്റ്റേജ് നിർമിക്കുന്നതിലടക്കം മൃദംഗവിഷനാണ് വീഴ്ച സംഭവിച്ചതെന്ന് വ്യക്തമാക്കിയാണ് പോലീസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്.
കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയ ഉമാ തോമസ് എംഎൽഎ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റതിന് പിന്നാലെ ജിസിഡിഎ, പരിപാടിയുടെ സംഘാടകരായ മൃദംഗവിഷൻ എന്നിവർക്കെതിരേയാണ് ആരോപണം ഉയർന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചിരുന്നുവെന്നതടക്കം ചൂണ്ടിക്കാണിച്ച് കോൺഗ്രസും രംഗത്തെത്തിയിരുന്നു.
Content Highlights: Police investigation clears GCD of negligence in MLA Uma Thomas`s accident and injury