ആദ്യം വിസമ്മതം;ഒടുവിൽ ഹാങ്ങറിലേക്ക്‌: പറത്തിക്കൊണ്ടുപോകാൻ ശ്രമം,വിദഗ്ധസംഘമെത്തിയത് ഒമാൻ ബേസിൽ നിന്ന്

സാങ്കേതികത്തകരാറുകാരണം തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 കെട്ടിവലിച്ച് ഹാങ്ങറിലേക്കു മാറ്റുന്നു | ഫോട്ടോ: PTI
സാങ്കേതികത്തകരാറുകാരണം തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 കെട്ടിവലിച്ച് ഹാങ്ങറിലേക്കു മാറ്റുന്നു | ഫോട്ടോ: PTI

തിരുവനന്തപുരം: ആദ്യം വിസമ്മതിച്ചെങ്കിലും, മൂന്നാഴ്ചയായിട്ടും സാങ്കേതികത്തകരാർ പരിഹരിക്കാൻ കഴിയാതെ വരികയും ബ്രിട്ടീഷ് പാർലമെന്റിലുൾപ്പെടെ ചർച്ചയാവുകയും ചെയ്തതോടെയാണ് എഫ് 35-നെ ഹാങ്ങറിലേക്ക്‌ മാറ്റാൻ തയ്യാറായത്.

ഇന്ധനക്കുറവ് കാരണമാണ് എഫ് 35 തിരുവനന്തപുരത്ത് ഇറങ്ങിയത്. തിരുവനന്തപുരം വിമാനത്താവള അധികൃതർ എഫ് 35-ൽ ഇന്ധനവും നിറച്ചുനൽകി. പിന്നീടാണ് സാങ്കേതികത്തകരാർ ശ്രദ്ധയിൽപ്പെടുന്നത്. അന്നുതന്നെ അറ്റകുറ്റപ്പണി നടത്തുന്ന ഹാങ്ങറിലേക്ക്‌ മാറ്റാനുള്ള സംവിധാനമൊരുക്കാമെന്ന് ഇന്ത്യൻ വ്യോമസേന, ബ്രിട്ടീഷ് സൈനിക അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ അത്യാധുനികവും അതീവ സുരക്ഷാസംവിധാനവുമുള്ള വിമാനത്തെ മറ്റൊരു രാജ്യത്തെ ഹാങ്ങറിലേക്ക്‌ മാറ്റാൻ ബ്രിട്ടീഷ് സൈന്യം വിസമ്മതിച്ചു. കൂടാതെ പൈലറ്റ് വിമാനത്താവളത്തിലിരുന്ന് മുഴുവൻ സമയവും യുദ്ധവിമാനത്തെ നിരീക്ഷിച്ചിരുന്നു. അമേരിക്കൻ നിർമിതമായ അഞ്ചാം തലമുറ യുദ്ധവിമാനം നാറ്റോ സഖ്യത്തിലുൾപ്പെടാത്ത മറ്റൊരു രാജ്യത്തിനും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യ ചോരുമെന്ന ആശങ്കയിലാണ് വിമാനം ഹാങ്ങറിലേക്ക്‌ മാറ്റാത്തതെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തിയിരുന്നത്.

വിമാനം നന്നാക്കാനായി യുദ്ധക്കപ്പലിൽനിന്ന് കൂടുതൽ സൈനികർ എത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ബ്രിട്ടനിൽനിന്നുള്ള സംഘം ഇവിടെയെത്തി പരിശോധിച്ചെങ്കിലും സാങ്കേതികത്തകരാർ പരിഹരിക്കാനായില്ല. ഇതിനിടെ എഫ്-35 പറന്നുയർന്ന എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന യുദ്ധക്കപ്പൽ സിങ്കപ്പുർ തീരത്തേക്ക്‌ മടങ്ങിപ്പോയി.

രണ്ടാഴ്ചയോളം എഫ് 35 തിരുവനന്തപുരത്ത് തുടർന്നതോടെ ബ്രിട്ടീഷ് പാർലമെന്റിലും ഇത് ചർച്ചയായി. എഫ് 35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷിതമാണെന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി ലൂക്ക് പൊള്ളാർഡ് പാർലമെന്റിൽ മറുപടിയും നൽകിയിരുന്നു. തുടർന്നാണ് കൂടുതൽ വിദഗ്ദ്ധരെ ഇവിടെയെത്തിക്കാനും ഹാങ്ങറിലേക്ക്‌ മാറ്റി തകരാർ പരിഹരിക്കാനുള്ള നടപടികളും തുടങ്ങിയത്. ഹാങ്ങറിലേക്ക്‌ മാറ്റാനുള്ള ഇന്ത്യൻ അധികൃതരുടെ വാഗ്ദാനം സ്വീകരിക്കുന്നതായി ബ്രിട്ടീഷ് ഹൈക്കമ്മിഷണറുടെ പ്രതിനിധി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ബ്രിട്ടീഷ് - അമേരിക്കൻ സാങ്കേതിക വിദഗ്ദ്ധർ തന്നെയായിരിക്കും വിമാനം നന്നാക്കുന്നത്. വിമാനത്തെ ഹാങ്ങറിലേക്ക്‌ വലിച്ചുനീക്കാനായി എത്തിച്ച ഉപകരണമുൾപ്പെടെ തിരികെ കയറ്റിയശേഷമാണ് വിദഗ്ദ്ധരെയെത്തിച്ച എയർബസ് എ400 എം അറ്റ്‌ലസ് മടങ്ങിയത്.

ബ്രിട്ടീഷ്-അമേരിക്കൻ വിദഗ്ധസംഘമെത്തി

തിരുവനന്തപുരം: സാങ്കേതികത്തകരാറിനെത്തുടർന്ന് 22 ദിവസമായി വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാനായി ബ്രിട്ടീഷ്-അമേരിക്കൻ വിദഗ്ധസംഘമെത്തി. ഞായറാഴ്ച ഉച്ചയ്ക്കാണ് ഒമാനിലെ ബ്രിട്ടീഷ് എയർബേസിൽനിന്ന് 24 അംഗ സംഘമെത്തിയത്.
 

വിദഗ്ദ്ധ സംഘത്തെ എത്തിച്ച ശേഷം മടങ്ങുന്ന ബ്രിട്ടീഷ് വ്യോമസേനയുടെ A400M അറ്റ്‌ലസ് വിമാനം |Photo:ANI

സൈനികാവശ്യങ്ങൾക്കുള്ള ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ ചരക്കുവിമാനമായ എയർബസ് എ 400 എം അറ്റ്‌ലസ് (ഇസഡ്എം 417) വിമാനമാണെത്തിയത്. ബ്രിട്ടീഷ് സൈന്യത്തിലെ വിദഗ്ധരുൾപ്പെട്ട സംഘത്തിൽ, എഫ്-35 നിർമിച്ച അമേരിക്കൻകമ്പനിയായ ലോക്കീഡ് മാർട്ടിന്റെ സാങ്കേതികവിദഗ്ധരുമുണ്ട്. വിമാനത്താവളത്തിലെ ബേയിൽ നിർത്തിയിട്ടിരുന്ന എഫ്-35 സംഘം പരിശോധിച്ചു.

തുടർന്ന് വിമാനത്താവളത്തോടുചേർന്ന്, വിമാനങ്ങൾ അറ്റകുറ്റപ്പണിനടത്തുന്ന എയർ ഇന്ത്യയുടെ ഹാങ്ങർ യൂണിറ്റിലേക്കുമാറ്റി. ബ്രിട്ടീഷ് വിദഗ്ധർ എത്തിച്ച പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ചാണ് പ്രത്യേകവാഹനത്തിന്റെ സഹായത്തോടെ വലിച്ചുകൊണ്ടുപോയത്.

ഹാങ്ങറിൽ പ്രത്യേകസജ്ജീകരണങ്ങൾ ഒരുക്കിയശേഷമായിരിക്കും അറ്റകുറ്റപ്പണി നടത്തുക. ഇവിടെ തങ്ങിയിരുന്ന ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥർ കഴിഞ്ഞദിവസം ഹാങ്ങർ സന്ദർശിച്ചിരുന്നു. സാങ്കേതികവിദഗ്ധരിൽ 14 പേർ ഇവിടെ തങ്ങും. 10 പേരെയും വഹിച്ച് എയർബസ് എ 400 എം അറ്റ്‌ലസ് 4.30-ഓടെ മസ്കറ്റിലേക്കുമടങ്ങി.

വിദഗ്ധസംഘം സ്വകാര്യഹോട്ടലിലേക്ക്‌ മാറിയിട്ടുണ്ട്. അടുത്തദിവസം എഫ് 35-ന്റെ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. നേരത്തേ ഹൈഡ്രോളിക് സംവിധാനത്തിന് തകരാറാണെന്ന സൂചനയാണ് പുറത്തുവന്നിരുന്നത്. എന്നാൽ, ഒക്സിലറി പവർ യൂണിറ്റിനും തകരാറുണ്ടെന്നാണ് പുതിയവിവരം. സാങ്കേതികത്തകരാർ പരിഹരിക്കാൻകഴിഞ്ഞില്ലെങ്കിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ ലോക്ഹീഡ് 130 ഹെർക്കുലീസ് വിമാനം എത്തിച്ച് എഫ് 35 അതിൽ കൊണ്ടുപോകും.

Content Highlights: British F-35 fighter jet, grounded in Trivandrum due to technical issues, finally moved to hangar