'നീ അവിടെ പോയി ഇരിക്കെടാ' എന്ന് പറഞ്ഞതൊക്കെ വീട്ടിലുണ്ടാകുന്ന കാര്യമല്ലേ- വി.ഡി. സതീശൻ

#ന്യൂസ് ഡെസ്ക്

കോഴിക്കോട്: യുഡിഎഫ് പുതുയുഗ യാത്രയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജാഥയുടെ വൻ വിജയത്തിൽ അസൂയ പൂണ്ടവരാണ് ജാഥയുടെ ശോഭ കെടുത്താൻ ഇല്ലാത്ത കാര്യങ്ങൾ ഊതിവീർപ്പിച്ച് ഇത്തരം നെഗറ്റീവ് വാർത്തകൾ പടച്ചുവിടുന്നത്. കഴിഞ്ഞദിവസമുണ്ടായത് ഒരു വീട്ടിൽ അല്ലെങ്കിൽ കുടുംബത്തിൽ നടക്കുന്ന സാധാരണകാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടിയിൽ പുതുയുഗ യാത്ര സ്വീകരണത്തിനിടെ ഷാഫി പറമ്പിലും ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലും തമ്മിൽ തർക്കമുണ്ടായതിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.

സമയം വൈകിയതിനാൽ താൻ മാത്രം സംസാരിക്കാമെന്നും ഷാഫി പറമ്പിൽ സംസാരിക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. എന്നാൽ, ഷാഫി സംസാരിക്കണമെന്ന് പ്രമോദ് നിർബന്ധിച്ചപ്പോൾ അദ്ദേഹത്തെ മാറ്റി ഇരുത്തുകയാണ് ചെയ്തത്. ഒരു കുടുംബത്തിലുണ്ടാകുന്ന സാധാരണ കാര്യങ്ങൾ മാത്രമാണിതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

മുല്ലപ്പള്ളി രാമചന്ദ്രൻ വീണു എന്ന തരത്തിൽ വന്ന വാർത്തകൾ തെറ്റാണെന്നും താൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ അദ്ദേഹം തന്റെ സീറ്റിലേക്ക് ഇരിക്കുക മാത്രമാണ് ചെയ്തതെന്നും വി.ഡി. സതീശൻ പറഞ്ഞു.

കാസർകോട്, കണ്ണൂർ, മട്ടന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ ജാഥയ്ക്ക് ലഭിച്ച പ്രാധാന്യം കേരളം വിലയിരുത്തുന്നുണ്ട്. അതിന്റെ ശോഭ കെടുത്താൻ ഇല്ലാത്ത കാര്യങ്ങൾ ഊതി വീർപ്പിക്കുകയാണ്. സമയം വൈകിയതിനാൽ രാജമോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തങ്ങൾ സംസാരിക്കുന്നില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ. ഡിസിസി സെക്രട്ടറിയായ പ്രമോദ് വീണ്ടും നിർബന്ധിച്ചപ്പോൾ 'നീ അവിടെ പോയി ഇരിക്കടാ' എന്ന് പറഞ്ഞത് ഒരു കുടുംബത്തിൽ അല്ലെങ്കിൽ വീട്ടിൽ ഉണ്ടാകുന്ന പോലെയുള്ള കാര്യമല്ലേ

ജാഥയിൽ യാതൊരുവിധ അച്ചടക്ക ലംഘനവും ഉണ്ടായിട്ടില്ല. എല്ലാ ഘടകകക്ഷികളുടെയും നേതാക്കളും ജനപ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചിരുന്നു. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ നൽകുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Content Highlights: Opposition Leader VD Satheesan refutes rumors about the UDF Yatra, calling them baseless. Learn the truth behind the alleged controversies.