'ഒരു മുന്നണിയിലുള്ള കക്ഷിയെ പിടിച്ചുകൊണ്ട് വരുന്നതെന്തിന്?'- ജോസ് കെ മാണി വിഷയത്തിൽ ചെന്നിത്തല

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും, പഞ്ചായത്ത്-പാർലമെന്റ് തെരഞ്ഞെടുപ്പുകളിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി വിപുലീകരണവും ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലേക്ക് കൊണ്ടുവരുന്നതിനേപ്പറ്റിയുള്ള ചർച്ചകളിൽ വ്യക്തമായ നിലപാടും ചെന്നിത്തല രേഖപ്പെടുത്തി.
നിലവിൽ ഇടതുമുന്നണിയുടെ ഭാഗമായി നിൽക്കുന്ന ഒരു കക്ഷിയെ പിടിച്ചുകൊണ്ടുവരുന്നത് ശരിയായ നടപടിയല്ല എന്ന് അദ്ദേഹം വ്യക്തമാക്കി,. ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ തുടരുമെന്നാണ് പറയുന്നത്, അവർ മുന്നണി വിടാൻ താൽപ്പര്യം പ്രകടിപ്പിച്ചാൽ മാത്രമേ യുഡിഎഫിൽ ചർച്ചയ്ക്ക് പ്രസക്തിയുള്ളൂ. യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നത് പാർട്ടികളെ ചാക്കിട്ട് പിടിക്കാനല്ല, മറിച്ച് മതേതര ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ആർജിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നതിനെ ചെന്നിത്തല സ്വാഗതം ചെയ്തു. താൻ ചേർന്ന പഴയ കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല ഇന്നത്തെ പാർട്ടിയെന്ന് അവർ പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സംഭവിച്ചിരിക്കുന്ന അപചയങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നത്. അധികാരമോഹം കൊണ്ടല്ല, മറിച്ച് പാർട്ടിയിലെ അവഗണനയും പ്രശ്നങ്ങളും കാരണമാണ് അവർ കോൺഗ്രസിൽ ചേർന്നതെന്നും ഇനിയും കൂടുതൽ ആളുകൾ ഇടതുപക്ഷം വിട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു,.
വയനാട്ടിലെ ദുരിതബാധിതർക്കായി കെപിസിസി വാങ്ങിയ ഭൂമി ആനത്താരയാണെന്ന ആരോപണം ചെന്നിത്തല തള്ളി. വയനാട്ടിൽ വന്യമൃഗസാന്നിധ്യമില്ലാത്ത സ്ഥലങ്ങൾ കുറവാണെന്നും, പാർട്ടി വാങ്ങിയ സ്ഥലം വാസയോഗ്യമാണെന്ന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകൾ നിർമ്മിച്ച് നൽകാനുള്ള നടപടികൾ വൈകാതെ പൂർത്തിയാക്കും. സി.പി.എം നടത്തുന്ന നുണപ്രചരണങ്ങളിൽ വയനാട്ടിലെ ജനങ്ങൾ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രാദേശിക നേതാവ് നൽകിയ പരാതിയെക്കുറിച്ച് ചോദിച്ചപ്പോൾ, അവർക്ക് പാർട്ടിയിൽ വലിയ പരിചയമില്ലാത്തതുകൊണ്ടാണ് അത്തരം പരാമർശങ്ങൾ ഉണ്ടായതെന്ന് അദ്ദേഹം മറുപടി നൽകി. കെപിസിസി പ്രസിഡന്റിന് ലഭിച്ച പരാതി അദ്ദേഹം പരിശോധിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Content Highlights: Senior Congress leader Ramesh Chennithala predicts UDF`s landslide victory with over 100 seats in Kerala assembly elections. He welcomes new joinees and addresses political alliances.