എം.ബി. രാജേഷിന്റെയും കെ.കെ. രാഗേഷിന്റെയും പഞ്ചായത്തുകൾ യുഡിഎഫ് ഭരിക്കും

പാലക്കാട്/കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷിന്റെ പഞ്ചായത്തായ ചളവറയിൽ ഭരണം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. 16-ാം വാർഡായ കയിലിയാടിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം സന്ധ്യാ സുരേഷ് പ്രസിഡന്റാകും. 17 അംഗ പഞ്ചായത്തിലെ കക്ഷിനില: എൽഡിഎഫ്-8, യുഡിഎഫ്-8. എൻഡിഎ-1.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പഞ്ചായത്തായ മുണ്ടേരിയിൽ എൽഡിഎഫിന് തിരിച്ചടി. പഞ്ചായത്ത് ചരിത്രത്തിലാദ്യമായി യുഡിഎഫിന് ഭരണം ലഭിച്ചു. 22 വാർഡുകളുള്ള പഞ്ചായത്തിൽ കക്ഷിനില (എൽഡിഎഫ്-11, യുഡിഎഫ്-11) തുല്യമായിരുന്നു.
വോട്ടെടുപ്പിൽ സിപിഎം അംഗത്തിന്റെ വോട്ട് അസാധുവാകുകയായിരുന്നു. 12-ാം വാർഡ് പ്രതിനിധി സുനിൽകുമാർ ബാലറ്റ് പേപ്പറിന്റെ മറുവശത്ത് ഒപ്പിടാത്തതിനെ തുടർന്നായിരുന്നു ഇത്. ഇതോടെ പത്തിനെതിരേ 11 വോട്ടുകൾ യുഡിഎഫിന് ലഭിച്ചു. മുസ്‌ലിം ലീഗിന്റെ സി.കെ. റസീനയാണ് പ്രസിഡന്റാവുക. കെ.കെ. രാഗേഷിനോടുള്ള പ്രതിഷേധ സൂചകമായി സുനിൽകുമാർ വോട്ട് അസാധുവാക്കിയതാണെന്നാണ് കോൺഗ്രസ് പറയുന്നത്.
Content Highlights: udf will rule panchayats of mb rajesh and kk ragesh