'ഞാൻ തിരുവനന്തപുരത്തേക്കൊന്നു വിളിക്കട്ടേ': സെക്രട്ടേറിയറ്റിൽ നിറഞ്ഞ് ഖദർധാരികൾ,ലിഫ്റ്റ് പൊട്ടിവീണു

തിരുവനന്തപുരം: ഗ്രാമത്തലവർ വിളിച്ചുകൂട്ടുന്ന നാട്ടുകൂട്ടംപോലെ സെക്രട്ടേറിലെ ബ്ലോക്കുകളും ഇടനാഴികളും നിറഞ്ഞ് ആൾക്കൂട്ടം. 'ഞാൻ തിരുവനന്തപുരത്തേക്കൊന്നു വിളിക്കട്ടേ' എന്നു വീമ്പുപറയുന്ന സിനിമാ കഥാപാത്രങ്ങൾ അധികാര ഇടനാഴിയിൽ തലങ്ങും വിലങ്ങും കാണാം. സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയവരൊന്നും തലസ്ഥാനം വിട്ട് മടങ്ങിപ്പോയിട്ടില്ലേയെന്ന് തോന്നിക്കുംവിധം കോൺഗ്രസുകാർ കൈയടക്കിയതോടെ 'ഖദർഫുള്ളായി' സെക്രട്ടേറിയറ്റും പരിസരവും. താങ്ങാവുന്നതിലും അധികം ആളുനിറഞ്ഞതോടെ അനക്‌സിലെയും സൗത്ത് സാൻഡിവിച്ച് ബ്ലോക്കിലെയും ലിഫ്റ്റുകൾ കഴിഞ്ഞദിവസം പൊട്ടിവീണു.
പശയിട്ടുതേച്ച വടിവൊത്ത മുണ്ടുകളുടെ ഉരസൽ ശീൽക്കാരം ഇടനാഴികളിൽ നിറയുന്നു. ചില ബ്ലോക്കിൽ അത്തറിന്റെ പരിമളം, മറ്റുചിലയിടത്ത് ഖദറിന്റെ കഞ്ഞിപ്പശമണം.
പത്തുവർഷത്തെ കാത്തിരിപ്പിനുശേഷം യു.ഡി.എഫ്. അധികാരത്തിൽ വന്നതോടെ ആവേശവും ആവശ്യങ്ങളുമായി പാർട്ടി പ്രദേശികനേതാക്കളുടെ നേതൃത്വത്തിൽ അണികളും അനുയായികളും സെക്രട്ടേറിയറ്റിലേക്ക്് വണ്ടികയറുകയാണ്. സ്ഥലംമാറ്റംമുതൽ ചെറുതും വലുതുമായ ശുപാർശകളുമായാണ് വരവ്.
മുൻപ് സെക്രട്ടേറിയറ്റിന് അകത്തുകടക്കാൻ പാസ് വേണമായിരുന്നെങ്കിൽ ഇപ്പോൾ നിവേദനത്തിന്റെ കോപ്പി ഉയർത്തിക്കാണിച്ചാൽ മതി എന്നാണവസ്ഥ. സമരഗേറ്റ് ഇടയ്ക്കുതുറന്നത് കാര്യങ്ങൾ എളുപ്പമാക്കി. സെക്രട്ടേറിയറ്റ് മുറ്റത്ത് 'ഹൈ എൻഡ്' വാഹനങ്ങളുടെ തിരക്ക്. കോഫിഹൗസിലെ അടുപ്പത്ത് എന്നും കൂടുതൽ അരിയിടേണ്ട നില. വനിതാതട്ടുകടയിൽ പഴംപൊരി തണുക്കാൻ സമയില്ലാതെ അപ്രത്യക്ഷമാകുന്നു.
മന്ത്രി ഓഫീസുകളിൽ നിന്നുതിരിയാൻ ഇടമില്ലാതായതോടെ പണിയെടുക്കാൻ പാടുപെടുകയാണ് ജീവനക്കാർ.
സെക്രട്ടേറിയറ്റ് പരിസരത്തെ ഹോട്ടലുകളും കച്ചവടക്കാരുമൊക്കെ ഉണർവിലും ആവേശത്തിലുമാണ്. പെട്ടിക്കടകൾമുതൽ കാണാം തിരക്ക്. ലോഡ്ജ് മുറികൾ മിക്കദിവസങ്ങളിലും നിറയുന്നു.
തിരക്കുകടുത്തതോടെ സെക്രട്ടേറിയറ്റിൽ പതിയെ നിയന്ത്രണംകൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. സന്ദർശകസമയം മൂന്നുമുതൽ അഞ്ചുവരെ നിജപ്പെടുത്താനും പാസ് ഏർപ്പെടുത്താനുമാണ് തീരുമാനം. കെ.പി.സി.സി. ആസ്ഥാനമടക്കമുള്ള ഭരണപക്ഷ രാഷ്ട്രീയപ്പാർട്ടി ഓഫീസുകളും സന്ദർശകരുടെ തിരക്കിലാണ്.
Content Highlights: Massive influx of party workers following the 2026 UDF government formation., Infrastructure strain including elevator malfunctions in government blocks., Shift in administrative atmosphere with high demand for recommendations and transfers