റദ്ദാക്കില്ല, പി.എം ശ്രീയുമായി മുന്നോട്ട്‌; പിന്മാറ്റം സാധ്യമല്ലെന്ന് UDF

#ന്യൂസ് ഡെസ്ക്
അടൂര്‍ പ്രകാശ് മാധ്യമങ്ങളെ കാണുന്നു
അടൂര്‍ പ്രകാശ് മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം: വിവാദമായ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കഴിഞ്ഞ സർക്കാർ ഒപ്പിട്ട പദ്ധതിയാണിതെന്നും അതുമായി മുന്നോട്ടുപോകുമെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി. കരാറിൽ നിന്ന് ഇനി പിന്മാറാൻ സാധിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏതെല്ലാം വിദ്യാലയങ്ങളിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കണമെന്നത് യുഡിഎഫ് തീരുമാനിക്കും. ഇക്കാര്യത്തിൽ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കവേയാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്. മദ്യ നയം രൂപപ്പെടുത്താൻ യുഡിഎഫ് ഉപസമിതിയെ നിയോഗിക്കും. അതിന്റെ അടിസ്ഥാനത്തിൽ തീരുമാനം സർക്കാരിനെ അറിയിക്കും. ഇതനുസരിച്ചുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ചർച്ച നടത്തി പൂർത്തീകരണം ഉണ്ടാകും. എൽഡിഎഫ് ഭരിക്കുന്ന ബോർഡുകളിലും കോർപ്പറേഷനുകളിലും വഹിച്ചുകൊണ്ടിരിക്കുന്ന സ്ഥാനമാനങ്ങൾ അവർ സ്വയം രാജിവെക്കണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.

Content Highlights: UDF confirms commitment to the PM SHRI project., A sub-committee will decide the list of schools for project implementation., A separate sub-committee formed to study the liquor policy., LDF members in local bodies urged to resign from positions.