യുഡിഎഫിൽ തർക്കം, അംഗങ്ങൾ വിട്ടുനിന്നു; പുല്ലൂർ പെരിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

#സ്വന്തം ലേഖകൻ
Image courtesy: Mathrubhumi news screengrab
Image courtesy: Mathrubhumi news screengrab

കാസർകോട്: പുല്ലൂർ-പെരിയയിൽ പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം. യുഡിഎഫ് അംഗങ്ങളും ഒപ്പം ബിജെപി അംഗവും വിട്ടുനിന്നതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. എൽഡിഎഫിനും യുഡിഎഫിനും ഒൻപത് വീതവും ബിജെപിക്ക് ഒരംഗവുമാണുള്ളത്.

എൽഡിഎഫ് അംഗങ്ങൾ ഒൻപത് പേരും ഹാജരായെങ്കിലും യുഡിഎഫ് അംഗങ്ങൾക്ക് പിന്നാലെ ബിജെപി അംഗം എ. സന്തോഷ്‌കുമാറും  വിട്ടുനിന്നതോടെയാണ് വരണാധികാരി കെ.എൻ. സുനിത തിരഞ്ഞെടുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചത്.

പ്രസിഡന്റ് സ്ഥാനാർഥിയായി കോൺഗ്രസ് കോർ കമ്മിറ്റിയും ഡിസിസിയും നിശ്ചയിച്ച ഉഷ എൻ. നായരെ ഒരു വിഭാഗം കോൺഗ്രസ് അംഗങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ല. ഉഷ എൻ. നായരെ പ്രസിഡന്റായും അഡ്വ. എം.കെ. ബാബുരാജിനെ വൈസ് പ്രസിഡന്റായും നിശ്ചയിച്ചാണ് ഡിസിസി കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയത്. എന്നാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ ഹാജരായില്ല. കോൺഗ്രസ് നൽകിയ വിപ്പ് കൈപ്പറ്റിയ ഉഷ എൻ നായർ, വേണു കായക്കുളം,ദീപ മണികണ്ഠൻ എന്നിവരും മുസ്ലിം ലീഗ് അംഗം ഷാഫിയും പഞ്ചായത്തിൽ എത്തിയെങ്കിലും വരണാധികാരിക്ക് മുൻപിൽ ഹാജരായില്ല.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിച്ച് വിവിധ പാർട്ടിയിലെ പ്രവർത്തകർ ഉൾപ്പെടെ വലിയ ജനക്കൂട്ടം പഞ്ചായത്തിന് മുന്നിൽ തടിച്ച് കൂടിയിരുന്നു. എന്നാൽ രാവിലെ ഒരു വിഭാഗം കോൺഗ്രസ് അംഗങ്ങൾ വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ ചിത്രം മാറി മറിയുകയായിരുന്നു.

Content Highlights: udf members abstained from pullur periya panchayat president election poll rescheduled