നെല്ലിന്റെ താങ്ങുവില: UDF-ന്റെ ആ വാഗ്ദാനവും പാഴ്വാക്കായി; 5 രൂപ കൂട്ടുമെന്ന് വാഗ്ദാനം, കൂട്ടിയത് വെറും 28 പൈസ

കുമരകം(കോട്ടയം): നെൽകർഷകർക്ക് യു.ഡി.എഫ്. നൽകിയ പ്രകടനപത്രികയിലെ വാഗ്ദാനവും വെറുതെയാകുന്നു. നെല്ലിന്റെ താങ്ങുവില അഞ്ചുരൂപ കൂട്ടി കിലോഗ്രാമിന് 35 രൂപയാക്കുമെന്ന് യു.ഡി.എഫ്. പ്രകടനപത്രികയിൽ ഉറപ്പുനൽകിയിരുന്നു. കിലോയ്ക്ക് 30.72 രൂപയാണ് നിലവിൽ താങ്ങുവില. എന്നാൽ കഴിഞ്ഞദിവസം വർധിപ്പിച്ചത് കേവലം 28 പൈസ മാത്രമാണ്. കേന്ദ്രവിഹിതമായ 24.1 രൂപയും സംസ്ഥാന സർക്കാർ പ്രോത്സാഹന ബോണസ് 6.31 രൂപയും അടക്കം 30.72 രൂപയാണ് ഒരുകിലോഗ്രാം നെല്ലിന് കർഷകന് ലഭിച്ചിരുന്നത്. ഇതിനൊപ്പം മുഖ്യമന്ത്രി വി.ഡി.സതീശൻ വർധിപ്പിച്ച 28 പൈസ കൂടി ലഭിക്കുമ്പോൾ നെല്ലിന്റെ സംഭരണവില 31 രൂപയാകും. കൃഷിയിറക്കുന്നതിൽ നിലവിലെ ചെലവ് കണക്കാക്കിയാൽ കിലോഗ്രാമിന് 31 രൂപ കിട്ടിയാൽ ലാഭകരമല്ലെന്ന് കർഷകർ പറയുന്നു.
സബ്സിഡി വിത്തിന് ഒരുകിലോഗ്രാമിന് 22 മുതൽ 25 രൂപ വരെ നൽകണം. ഒരുചാക്കിന് 1100 രൂപയിൽ താഴെ വിലവന്നിരുന്ന ഫാക്ടംഫോസിന് 1200 രൂപ വർധിച്ചു. 2000 രൂപയിൽ താഴെയുണ്ടായിരുന്ന കളനാശികൾക്ക് 400 രൂപയും മറ്റിനം വളങ്ങൾക്ക് 300 മുതൽ 400 രൂപയുടെ വർധനവും കർഷകന് ഭാരമായി.
സർക്കാർ നൽകിവന്നിരുന്ന ഏക്കറിന് 400 രൂപ ബോണസ്, വളം സബ്സിഡി എന്നിവ നിലവിൽ കർഷകന് ലഭിക്കുന്നില്ല. നെല്ല് വിളവെടുപ്പ് നടത്തണമെങ്കിൽ തമിഴ്നാട്ടിൽനിന്ന് കൊയ്ത്ത് യന്ത്രങ്ങൾ എത്തണം. കേരള സർക്കാരിന്റെ കൊയ്ത്ത്യന്ത്രങ്ങൾ പരിപാലന കുറവുമൂലം പ്രവർത്തനരഹിതമാണ്. പുറംബണ്ടുകൾ തകർന്നനിലയിലാണ്.
കൊയ്ത്ത് കഴിഞ്ഞ് നെല്ല് കയറ്റിവിടുമ്പോൾ ഹാൻഡ്ലിങ് ചാർജ് ക്വിന്റലിന് 12 രൂപ അനുവദിക്കുന്നുണ്ട്. 21 വർഷംമുമ്പ് നിശ്ചയിച്ച നിരക്കാണിത്. ഇത് വർധിപ്പിക്കണമെന്ന കർഷകരുടെ ആവശ്യം നടപ്പാക്കിയിട്ടില്ല.
ക്വിന്റലിന് 175 രൂപ മുതൽ 300 രൂപ വരെയാണ് ലോഡിങ് ചാർജ് കർഷകർക്ക് നൽകേണ്ടിവരുന്നത്.
Content Highlights: UDF manifesto promised paddy support price of Rs 35 per kg., Actual increase announced is only 28 paise, bringing the total to Rs 31., Soaring costs of fertilizers, seeds, and weedicides burden farmers., Outdated handling charges and lack of harvester machines add to the crisis.