'വി.ഇ. ഗഫൂറിന് എന്ത് യോഗ്യത', ലീഗ് ഹൗസിന്റെ മതിലിൽ പോസ്റ്റർ, കരിങ്കൊടി; പ്രതിഷേധം

#ന്യൂസ് ഡെസ്ക്
കോഴിക്കോട്ടെ ലീഗ് ഹൗസിന്റെ മതിലിൽ സ്ഥാപിച്ച പോസ്റ്ററുകളും കരിങ്കൊടിയും
കോഴിക്കോട്ടെ ലീഗ് ഹൗസിന്റെ മതിലിൽ സ്ഥാപിച്ച പോസ്റ്ററുകളും കരിങ്കൊടിയും

കോഴിക്കോട്: 12 സീറ്റിൽ വിജയിച്ചിട്ടും കോഴിക്കോട്ടുമാത്രം മന്ത്രിയില്ലാത്തതിൽ യു.ഡി.എഫ്. പ്രതിഷേധം പടരുന്നു. 'കോഴിക്കോട് ജില്ലയെ തടയാൻമാത്രം മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിന് എന്ത് മെറിറ്റാണുള്ള'തെന്ന ചോദ്യവുമായി മുസ്ലിംലീഗ് സംസ്ഥാനകമ്മിറ്റി ഓഫീസായ കോഴിക്കോട്ടെ ലീഗ് ഹൗസിനുമുൻപിൽ പോസ്റ്റർ പതിച്ചു. 'ആറിൽ ആറും നേടിയ കോഴിക്കോട് ജില്ലയെ തഴയാൻമാത്രം എന്ത് അയോഗ്യതയാണുള്ളതെ'ന്നും പോസ്റ്ററിൽ ചോദിക്കുന്നു. േപാസ്റ്ററിനൊപ്പം ലീഗ് ഹൗസിന്റെ മതിലിൽ കരിങ്കൊടികളും സ്ഥാപിച്ചിട്ടുണ്ട്.

മുസ്ലിംലീഗ് ആറുസീറ്റിലാണ് കോഴിക്കോട് ജില്ലയിൽ വിജയിച്ചത്. കുറ്റ്യാടിയിലെ നിയുക്ത എം.എൽ.എ. പാറക്കൽ അബ്ദുള്ളയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും അവസാനം പി.കെ. ബഷീറിനെ ഉൾപ്പെടുത്താൻ അദ്ദേഹം ഒഴിവാക്കപ്പെട്ടു.

ടേം വ്യവസ്ഥയിൽ മന്ത്രിയെ പ്രഖ്യാപിച്ചപ്പോൾ ആദ്യം കളമശ്ശേരിയിൽനിന്നുള്ള നിയുക്ത എം.എൽ.എ.യും വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മകനുമായ വി.ഇ. അബ്ദുൾ ഗഫൂറിന് നൽകി. സംസ്ഥാനനേതൃത്വത്തിൽ നിന്നുള്ള ചിലരുടെ താത്പര്യപ്രകാരമാണ് ഗഫൂറിനെ മന്ത്രിയാക്കിയതെന്നാണ് മുസ്ലിംലീഗിനുള്ളിലെ വിമർശനം. ചരിത്രത്തിൽ ആദ്യമായി ആറുസീറ്റിലും വിജയിച്ചിട്ടും സംസ്ഥാനനേതൃത്വം മറ്റുപരിഗണനകൾക്ക് പ്രാധാന്യം നൽകിയെന്നാണ് ലീഗ് പ്രവർത്തകരും പ്രാദേശികനേതാക്കളും പറയുന്നത്.

എന്നാൽ, മലബാറിനുപുറത്തേക്ക് ലീഗിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് എറണാകുളത്തുനിന്നുള്ള ഒരാൾക്ക് മന്ത്രിസ്ഥാനം നൽകിയതെന്ന് മുസ്ലിംലീഗ്‌ േനതൃത്വം വിശദീകരിക്കുന്നു.

കോൺഗ്രസിൽനിന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാറിനെയോ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. ജയന്തിനെയോ മന്ത്രിയാക്കുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലും ഇടതുകോട്ടകൾ തകർത്താണ് യു.ഡി.എഫ്. വിജയംനേടിയത്. കോൺഗ്രസ് മത്സരിച്ച അഞ്ചുസീറ്റിലും വിജയിച്ചു. ചരിത്രത്തിൽ ഇതുവരെയില്ലാത്ത മുന്നേറ്റമാണ് നടത്തിയത്. അതിന് നേതൃത്വംനൽകിയ ആൾ എന്നനിലയിൽ പ്രവീൺകുമാർ പരിഗണിക്കപ്പെടേണ്ടതാണെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. കോൺഗ്രസിലും ലീഗിലും ഒരു പരിഗണനയും ജില്ലയ്ക്ക് ലഭിച്ചില്ല. അതിന്റെ നിരാശ സത്യപ്രതിജ്ഞാച്ചടങ്ങ് നടന്ന തിരുവനന്തപുരത്തുവെച്ചും കോഴിക്കോട്ടുനിന്നുള്ള യു.ഡി.എഫ്. പ്രവർത്തകർ മാധ്യമങ്ങളുമായി പങ്കുവെച്ചു.

മലപ്പുറം വേങ്ങരയിൽനിന്ന് വിജയിച്ച കെ.എം. ഷാജിക്കായിരിക്കും മന്ത്രിയെന്ന നിലയിൽ ജില്ലയുടെ ചുമതല. പക്ഷേ, മറ്റൊരു ജില്ലയിലെ മണ്ഡലത്തിന്റെ പ്രതിനിധി എന്ന നിലയിൽ കോഴിക്കോട്ട് അദ്ദേഹത്തിന് എത്രമാത്രം ഇടപെടാൻ കഴിയുമെന്നാണ് യു.ഡി.എഫ്. പ്രവർത്തകർ ചോദിക്കുന്നത്. അതുകൊണ്ട് വികസനപദ്ധതികളിലടക്കം മുൻതൂക്കം ലഭിക്കാതെ പോവുമെന്ന ആശങ്ക പ്രവർത്തകർക്കുണ്ട്.

Content Highlights: UDF won 12 seats in Kozhikode but received no ministerial representation., Protests erupted at League House against the appointment of V.E. Abdul Gafoor., Congress and Muslim League cadres express dissatisfaction over leadership decisions., Concerns raised regarding the district's development under an external minister-in-charge., Leadership justifies the decision as a strategic move to expand influence beyond Malabar.