ഇടതുഭരണത്തിൽ സംസ്ഥാന കടം ആറുലക്ഷം കോടിയായി -വി.ഡി.സതീശൻ

തിരുവനന്തപുരം: പത്തുവർഷം കേരളം ഭരിച്ച ഇടതുമുന്നണി സംസ്ഥാന കടം ആറു ലക്ഷം കോടിയാക്കി വർദ്ധിപ്പിച്ചെന്നും നാടിന്റെ വികസനത്തിന് യുഡിഎഫ് പ്രകടനപത്രികയിൽ ബദൽനിർദേശങ്ങളുണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. മലയിൻകീഴിൽ കാട്ടാക്കട നിയോജകമണ്ഡലത്തിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കുന്നവരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവർക്കെതിരേ സിപിഎമ്മിൽ യാതൊരു നടപടിയുമില്ല. അകത്തായവർ പുറത്തുള്ളവരുടെ പേരുപറയുമെന്ന ഭയമാണ് പാർട്ടിക്കുള്ളത്. ജയിലിലേക്കു പോകുന്നവരുടെ ഘോഷയാത്ര കാണാനിരിക്കുന്നതേയുള്ളു. 2019-ൽ ദ്വാരപാലക ശില്പം കോടീശ്വരനു വിറ്റവർ 2025-ലും ഇത് ആവർത്തിക്കാൻ ശ്രമിച്ചപ്പോഴാണ് കോടതിയുടെ ഇടപെടലുണ്ടായത്. ഉണ്ണികൃഷ്ണൻപോറ്റിയുമായി മുൻപുതന്നെ അടുത്ത ബന്ധമുള്ളയാളാണ് കടകംപള്ളി സുരേന്ദ്രനെന്നും ഇതിനുള്ള തെളിവുകൾ നൽകാൻ തയ്യാറാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

കേരളത്തിന്റെ സമഗ്ര മാലിന്യ നിർമാർജനത്തിനും തെരുവുനായ ആക്രമണത്തിനെതിരേയും കുടുംബശ്രീ അംഗങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കും യുഡിഎഫ് പ്രകടന പത്രികയിൽ പദ്ധതികളുണ്ട്. യുഡിഎഫ് വന്നാൽ അഞ്ചുകൊല്ലത്തിനുള്ളിൽ സമ്പൂർണ അധികാരവികേന്ദ്രീകരണം നടപ്പാക്കും.- വി.ഡി.സതീശൻ പറഞ്ഞു.

യുഡിഎഫ് മണ്ഡലം ചെയർമാൻ പള്ളിച്ചൽ സതീഷ് അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് എൻ.ശക്തൻ, എം.വിൻസെന്റ്‌ എംഎൽഎ, പാലോട് രവി, വി.എസ്.ശിവകുമാർ, മലയിൻകീഴ് വേണുഗോപാൽ, ആർ.വി.രാജേഷ്, മലവിള ബൈജു എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളായ എം.മണികണ്ഠൻ, പ്രിയാ ചന്ദ്രൻ, അഞ്ജിതാ വിനോദ്, ഗോപു നെയ്യാർ, ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാർഥികൾ എന്നിവർ സംഗമത്തിൽ പങ്കെടുത്തു.

Content Highlights: Opposition Leader V.D. Satheesan criticizes LDF`s debt, highlights UDF manifesto`s solutions for Kerala`s development, waste management, stray dog attacks, and decentralization.