ഭരിക്കുന്നത് LDF; രാമങ്കരി പഞ്ചായത്തില്‍ CPM പിന്തുണയോടെ യു.ഡി.എഫിന്റെ അവിശ്വാസപ്രമേയ നോട്ടീസ്

കുട്ടനാട്: എല്‍.ഡി.എഫ്. ഭരിക്കുന്ന കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍ സി.പി.എം. അംഗങ്ങളുടെ പിന്തുണയോടെ യു.ഡിഎഫ്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേന്ദ്രകുമാറിനും വൈസ് പ്രസിഡന്റ് കുഞ്ഞുമോള്‍ ശിവദാസിനും എതിരെയാണ് നോട്ടീസ് നല്‍കിയത്.
യു.ഡി.എഫിന്റെ നാല് മെമ്പര്‍മാര്‍ക്കൊപ്പം സി.പി.എമ്മിന്റെ മൂന്ന് മെമ്പര്‍മാരും ചേര്‍ന്നാണ് നോട്ടീസ് നല്‍കിയത്. ആര്‍. രാജുമോന്‍, ഡെന്നി സേവ്യര്‍, സോളി ആന്റണി, ഷീന റെജപ്പന്‍ എന്നീ യു.ഡി.എഫ് അംഗങ്ങളും കെ.പി. അജയഘോഷ്, സൂര്യ ജിജിമോന്‍, ബിന്‍സ് ജോസഫ് എന്നീ സി.പി.എം അംഗങ്ങളും ആണ് നോട്ടീസില്‍ ഒപ്പിട്ടത്. ഇവര്‍ക്ക് സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയുണ്ട് എന്ന് കരുതുന്നു.
സി.പി.എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടനാട്ടില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ നിരവധി സംഭവവികാസങ്ങള്‍ക്ക് തുടക്കം കുറിച്ചത് രാമങ്കരിയിലാണ്. മുന്നൂറോളം പേര്‍ കുട്ടനാട്ടില്‍ സി.പി.എം. വിട്ട് സി.പി.ഐയുടെ ഭാഗമായിരുന്നു. സി.പി.എം. ടിക്കറ്റില്‍ വിജയിച്ച പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേന്ദ്രകുമാറാണ് ഇതിന് ചുക്കാന്‍ പിടിച്ചത്.
രാജേന്ദ്ര കുമാറിനെ താഴെയിറക്കുമെന്ന് അന്നേ സി.പി.എം. പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നെന്നാണ് വിവരം. എന്നാല്‍ ജില്ലാ നേതൃത്വത്തിന്റെ പിന്തുണ ഈ നീക്കത്തിന് ലഭിച്ചില്ല. കുറുമാറ്റ നിരോധന നിയമപ്രകാരം പ്രസിഡന്റ് സ്ഥാനത്തുനിന്നും പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തുനിന്നും മാറേണ്ടിവരും എന്ന നിയമോപദേശം കിട്ടിയതിനാല്‍ രാജേന്ദ്രകുമാര്‍ ഔദ്യോഗികമായി സി.പി.ഐയുടെ അംഗത്വം എടുത്തിട്ടില്ല.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സി.പി.എമ്മിലെ ഒരു വിഭാഗം നടത്തിയിരിക്കുന്ന ഈ നീക്കം കുട്ടനാട്ടില്‍ എല്‍.ഡി.എഫില്‍ പൊട്ടിത്തെറിക്ക് കാരണമാകും. സി.പി.െഎയുടെ സീറ്റായ മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് കുട്ടനാട്. ഇവിടെ സി.പി.എമ്മും കൊടിക്കുന്നില്‍ സുരേഷുമായി അഡ്ജസ്റ്റ്‌മെന്റ് ഉണ്ടെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സി.പി.എം. കൂടുതല്‍ പ്രതിസന്ധിയില്‍ ആയേക്കും.
രാമങ്കരി പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനും കൊടുകാര്യസ്ഥതക്കുമെതിരെയാണ് യു.ഡി.എഫ്. അവിശ്വാസ പ്രമേയം. രാമങ്കരി പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഷോപ്പിങ് കോംപ്ലക്‌സ് പൊളിച്ചു നീക്കി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിര്‍മിക്കുവാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Content Highlights: udf forwards no confidence motion in ramankari panchayat with the support of cpm members