‘13 മണ്ഡലങ്ങളിലെയും വിവിപാറ്റുകൾ എണ്ണണം’; കോഴിക്കോട്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് UDF

കോഴിക്കോട്: ജില്ലയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അതിനാൽ 13 നിയമസഭാമണ്ഡലങ്ങളിലെയും മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്നും യു.ഡി.എഫ്. നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് പേരാമ്പ്ര, കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബാലുശ്ശേരി മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ സംസ്ഥാന ചീഫ് ഇലക്‌ട്രറൽ ഓഫീസർക്ക് കത്തുനൽകി.
വോട്ടെണ്ണൽസമയത്ത് അസ്വാഭാവികത കണ്ടാൽ മുഴുവൻ വിവിപാറ്റുകളും എണ്ണാൻ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ഏജന്റുമാർ ആവശ്യപ്പെടുമെന്നും യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്‌ലാമിലെ പേരാമ്പ്ര മണ്ഡലത്തിന്റെ സ്‌ട്രോങ് റൂമിനോടുചേർന്നുള്ള മെറ്റീരിയൽ റൂം തുറന്നതും കൊയിലാണ്ടിമണ്ഡലത്തിലെ റിട്ടേണിങ് ഓഫീസർ സ്േട്രാങ് റൂമിന്റെ സുരക്ഷാവലയത്തിൽ (ഇന്നർപെരിമീറ്റർ) നിയമവിരുദ്ധമായി പ്രവേശിച്ചതും ദുരൂഹമാണെന്ന് യു.ഡി.എഫ്. നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
“ഈ വിഷയത്തിൽ കളക്ടറുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. കളക്ടറുടെ അനുമതിയില്ലാതെ മെറ്റീരിയൽ റൂം തുറക്കാനാവില്ല. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് മെറ്റീരിയൽ റൂം വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂമിനടുത്ത് സ്ഥാപിച്ചത്. ഇത് ഗുരുതരമായ സുരക്ഷാപ്രശ്നമാണ്. അതിന്റെ ഉത്തരവാദിത്വം തന്റെ തലയിൽ വരുമെന്നതുകൊണ്ടാണ് യു.ഡി.എഫ്. പരാതിനൽകിയിട്ടും കളക്ടർ ഒന്നും ചെയ്യാതിരിക്കുന്നത്.
സ്േട്രാങ് റൂമിന്റെ സുരക്ഷാവലയത്തിൽ പ്രവേശിച്ച കൊയിലാണ്ടിയിലെ റിട്ടേണിങ് ഓഫീസർക്ക് നോട്ടീസ് നൽകിയതല്ലാതെ ഒരു നടപടിയും കളക്ടർ സ്വീകരിച്ചില്ല. പേരാമ്പ്രയിലെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ അന്തിമറിപ്പോർട്ട് നൽകുമെന്നുപറഞ്ഞെങ്കിലും അതുമുണ്ടായില്ല. കളക്ടർ അട്ടിമറിക്ക് കൂട്ടുനിന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു” -ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ, മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് എം.എ. റസാഖ്, ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സംസ്ഥാനത്തിന്റെ ഭരണമാറ്റത്തിൽ നിർണായകമാവുന്ന ഫലം വരുന്ന ജില്ല കോഴിക്കോടാണ്. അതുകൊണ്ടാണ് കോഴിക്കോട് ജില്ല, സി.പി.എം. തിരഞ്ഞെടുപ്പ് അട്ടിമറിക്ക് തിരഞ്ഞെടുത്തത്. ഏപ്രിൽ 20-ന് രാവിലെ 11.15 മുതൽ ഉച്ചയ്ക്ക് 1.50 വരെയുള്ള സമയം എന്താണ് േപരാമ്പ്ര മണ്ഡലത്തിന്റെ മെറ്റീരിയൽ റൂമിൽ നടന്നതെന്ന് ഇപ്പോഴും ആർക്കുമറിയില്ല. എല്ലാം ഹാക്കുചെയ്യപ്പെടുന്ന കാലഘട്ടമാണ്. മെറ്റീരിയൽ റൂമിൽ കയറിയ മുഴുവൻ ഉദ്യോഗസ്ഥരുടെയും കൈയിലുള്ള ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കണം. അന്നത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവിടണം.
ജില്ലാതിരഞ്ഞെടുപ്പ് ഓഫീസർക്കും ജില്ലാപോലീസ് മേധാവിക്കും മാത്രം അനുമതിയുള്ള സ്േട്രാങ് റൂമിന്റെ സുരക്ഷാവലയത്തിൽ എന്തിനുവേണ്ടിയാണ് കൊയിലാണ്ടി റിട്ടേണിങ് ഓഫീസർ കടന്നതെന്ന് വ്യക്തമല്ല. വിവാദമുണ്ടായശേഷവും റിട്ടേണിങ് ഓഫീസർ അനുമതിയില്ലാത്ത സ്ഥലത്ത് കടന്നത് സംശയകരമാണെന്നും യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു.
Content Highlights: UDF demands 100% VVPAT verification across 13 Kozhikode constituencies., Allegations of unauthorized access to strong rooms and material rooms., Suspicion cast on the District Collector's role in security protocols., Demand for scientific investigation of electronic devices used by officials., Call for the release of CCTV footage from the Perambra strong room.