‘കാശ് വാങ്ങി കാലുവാരിയവരെ കാലിൽ തൂക്കിയെറിയണം’: 'ചതിയന്മാരെ' ചൊല്ലി UDFൽ ബഹളം, അന്വേഷിക്കാൻ കമ്മിഷൻ

പത്തനംതിട്ട: കാശ് വാങ്ങൽ, കാലുവാരൽ, ഉറക്കം നടിക്കൽ, ഒറ്റുകൊടുക്കൽ... നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനകാലം എങ്ങനെയുണ്ടായിരുന്നെന്ന് നോക്കാൻ കൂടിയ യു.ഡി.എഫ്. ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയോഗം ചതിയന്മാരെ ചൊല്ലി ബഹളത്തിലായി. ജയിച്ചതിനുശേഷമുള്ള ആദ്യയോഗത്തിൽ ആഹ്ലാദത്തോടെ എത്തിയ നിയുക്ത എം.എൽ.എ. അബിൻ വർക്കി പ്രവർത്തകരുടെ പോരാട്ടവീര്യംകണ്ട് പ്രത്യേകിച്ച് ‘വർക്കൊന്നും’ ചെയ്യാതെ ഇരുന്നു.
ബുധനാഴ്ച ജില്ലാ കോൺഗ്രസിന്റെ ആസ്ഥാന മന്ദിരമായ ഡി.സി.സി. ഒാഫീസിലായിരുന്നു യോഗം. യു.ഡി.എഫ്. കൺവീനറാണ് ആദ്യം ‘ചതി വിഷയം’ അവതരിപ്പിച്ചത്. എതിർ സ്ഥാനാർഥിയിൽനിന്ന് കാശ് വാങ്ങി പ്രവർത്തനത്തിന് ഇറങ്ങാതിരിക്കുകയും നീക്കങ്ങൾ ഒറ്റുകൊടുക്കുകയും ചെയ്തവരുടെ പട്ടിക കൈയിലുണ്ടെന്ന് ഷംസുദ്ദീൻ പറഞ്ഞു. ഇതോടെ യോഗം ബഹളത്തിലായി. അങ്ങനെയെങ്കിൽ അത് നാട്ടുകാരെ അറിയിക്കണമെന്നും കാലുവാരിയവരെ കാലിൽ തൂക്കിയെറിയണമെന്നും ഒരുവിഭാഗം ആവശ്യപ്പെട്ടു. ശാന്തരാകാനും കഴിഞ്ഞത് കഴിഞ്ഞെന്നും അബിൻ പറഞ്ഞതോടെ സംഗതി കൂടുതൽ കലങ്ങി.
തോറ്റിരുന്നെങ്കിൽ എം.എൽ.എ. ഇത് പറയുമായിരുന്നോ എന്നായിരുന്നു മറുചോദ്യം. ചതിച്ചവരുടെ പേര് പുറത്ത് വരണമെന്നും നടപടിവേണമെന്നുമുള്ള നിലപാടിൽ ഭൂരിഭാഗം പേരും ഉറച്ച് നിന്നതോടെ അന്വേഷണ കമ്മിഷനെ വെയ്ക്കാമെന്ന ധാരണയിലെത്തിയാണ് യോഗം അവസാനിപ്പിച്ചത്.
കോന്നി മണ്ഡലത്തിലെ രണ്ട് ഭാരവാഹികൾക്കെതിരേ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. മറ്റ് നിയോജകമണ്ഡലങ്ങളിലും സ്ഥാനാർഥികൾക്കെതിരേ പ്രവർത്തിച്ചതായി ബോധ്യപ്പെട്ടാൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഡി.സി.സി.പ്രസിഡന്റ് പറഞ്ഞിരുന്നു.
Content Highlights: UDF Aranmula constituency meeting faced internal unrest following the 2026 assembly election., Allegations of financial misconduct and betrayal against party members were raised., Newly elected MLA Abin Varkey attended the session amid heated arguments., The party has decided to form an inquiry commission to investigate the sabotage claims., Strict disciplinary actions promised against those who worked against candidates.