യു.എ.ഇ.യിൽ വീശിയടിച്ച ഇന്ധനഗന്ധം; ദുരൂഹത നീക്കി അധികൃതർ, കാരണം ഉമ്മുൽ ഖുവൈനിലെ എണ്ണച്ചോർച്ച

ദുബായ്: ദുബായും ഷാർജയും അടക്കം യു.എ.ഇ.യിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസമുണ്ടായ ഇന്ധന ഗന്ധത്തിന്റെ കാരണം വിശദീകരിച്ച് അധികൃതർ. ഉമ്മുൽ ഖുവൈൻ തീരത്തുണ്ടായ ഇന്ധന ചോർച്ചയാണ് ഇതിന് കാരണമെന്ന് യു.എ.ഇ. കാലാവസ്ഥാ-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കടലിൽ എണ്ണ കലർന്നതോടെ ഉമ്മുൽ ഖുവൈനിലെ എല്ലാ ബീച്ചുകളും താത്കാലികമായി അടച്ചു.
കഴിഞ്ഞദിവസം ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ തുടങ്ങിയ എമിറേറ്റുകളിലാണ് ഇന്ധന ഗന്ധം അനുഭവപ്പെട്ടത്. മണ്ണെണ്ണയുടെയും പാചക വാതകത്തിന്റെയും മണം അനുഭവപ്പെട്ടതായാണ് പലരും പറഞ്ഞിരുന്നത്. ഇതിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ഷാർജ പോലീസും അറിയിച്ചിരുന്നു. യു.എ.ഇ. കാലാവസ്ഥാ-പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യത്തിൽ പുതിയ വിശദീകരണം നൽകിയത്.
ഇന്ധനടാങ്കറിൽനിന്നുള്ള ചോർച്ചയെത്തുടർന്ന് തീരത്ത് വൻതോതിൽ ഇന്ധനം വ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഗന്ധമാണ് കാറ്റിൽ വിവിധ എമിറേറ്റുകളിലെത്തിയത്. ഇന്ധനം വ്യാപിച്ചതിനെത്തുടർന്ന് ഉമ്മുൽഖുവൈനിലെ എല്ലാ ബീച്ചുകളും താത്കാലികമായി അടച്ചതായും മന്ത്രാലയം വ്യക്തമാക്കി.. മത്സ്യബന്ധനത്തിന് പോകുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണം. മേഖലയിൽ മത്സബന്ധനം നിരോധിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതരുടെ നിർദേശം പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.