പോലീസുകാരന്റെ ബെെക്ക് കത്തിച്ചത് രണ്ട് യുവതികൾ; അക്രമം വിവാഹംമുടങ്ങിയതിന്റെ വെെരാഗ്യത്തിൽ, അറസ്റ്റ്

ആരതി, അഗ്നിക്കിരയായ ബുള്ളറ്റ്
ആരതി, അഗ്നിക്കിരയായ ബുള്ളറ്റ്

അഞ്ചൽ(കൊല്ലം): ആർച്ചലിൽ പോലീസുകാരന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ടു യുവതികൾ അറസ്റ്റിൽ. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ്(26), സുഹൃത്ത് ഇടുക്കി കൽത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടിൽ വീട്ടിൽ ഗായത്രി മോഹനൻ(26) എന്നിവരെയാണ് അഞ്ചൽ പോലീസ് അറസ്റ്റുചെയ്തത്. പോലീസ് കസ്റ്റഡിയിലിരിക്കേ, എലിവിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച മുഖ്യപ്രതി ആരതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആർച്ചൽ പാലവിള വീട്ടിൽ വിവേകിന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് കഴിഞ്ഞ ദിവസം രാത്രിയാണ് കത്തിച്ചത്. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ചിത്രങ്ങൾക്കു വ്യക്തത കിട്ടാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. യുവതികളെത്തിയ ഓട്ടോറിക്ഷ കണ്ടെത്തുകയും ഗൂഗിൾ പേ വഴി ഓട്ടോഡ്രൈവർക്ക് പണം കൊടുത്തതിന്റെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇവരുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പിന്നീട് സാങ്കേതികവിദ്യയുപയോഗിച്ച് ഇവരുടെ ചിത്രങ്ങൾ തയ്യാറാക്കി. ഓട്ടോഡ്രൈവർ ചിത്രങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

അറസ്റ്റിലായ ആരതിയും വിവേകുമായുള്ള വിവാഹനിശ്ചയം നടന്നിരുന്നു. പിന്നീട് ചില കാരണങ്ങളാൽ വിവാഹം മുടങ്ങി. ഇതിന്റെ വൈരാഗ്യത്തിലാണ്‌ യുവതികൾ ബൈക്ക് കത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

ശനിയാഴ്ച ആർച്ചലിലെത്തിയ ഇവർ, അവിടത്തെ ലൈബ്രറിക്കു സമീപം ഒളിച്ചിരുന്നു. രാത്രി വിവേകിന്റെ വീട്ടുമുറ്റത്തെത്തി ബൈക്ക് കത്തിക്കുകയായിരുന്നു. ഭീഷണിക്കത്തും ഒപ്പം വെച്ചു. വീടിന്റെ പടികളിൽ കരിയോയിലും ഒഴിച്ചു. കത്തിൽ ഒരു വിദ്യാർഥിസംഘടനയുടെ പേര് എഴുതിയിരുന്നത് കേസ് വഴിതിരിച്ചുവിടാൻവേണ്ടിയായിരുന്നെന്ന് പോലീസ് പറഞ്ഞു. മറ്റാരുടെയെങ്കിലും സഹായം ഇവർക്കു ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Content Highlights: two women arrested for setting fire on policeman bike in kollam anchal