അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് അറിയുമായിരുന്നെങ്കിൽ RSS ഇത് ചെയ്യില്ലായിരുന്നു- തുഷാർ ഗാന്ധി

തുഷാർ ഗാന്ധി | Photo: Mathrubhumi news
തുഷാർ ഗാന്ധി | Photo: Mathrubhumi news

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്റെ വഴി തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി തുഷാര്‍ ഗാന്ധി. അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെങ്കില്‍ അവര്‍ ഈരീതിയില്‍ പ്രതികരിക്കില്ലായിരുന്നുവെന്ന് തുഷാര്‍ ഗാന്ധി വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ നെയ്യാറ്റിന്‍കരയില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞത്. 

ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ തുഷാര്‍ ഗാന്ധി നടത്തിയ ചില പരാമര്‍ശങ്ങളാണ് പ്രതിഷേധത്തിനിടയാക്കിയത്. ആര്‍.എസ്.എസും സംഘപരിവാറും രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തിയിരിക്കുന്നുവെന്നും നാം ജാഗ്രതയോടെ കഴിയണമെന്നും തുഷാര്‍ ഗാന്ധി പറഞ്ഞിരുന്നു.

വഴി തടഞ്ഞത് ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്ന് തുഷാര്‍ ഗാന്ധി പറഞ്ഞു. പ്രതിഷേധിച്ചവര്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെങ്കില്‍ അവര്‍ ഈ രീതിയില്‍ പ്രതികരിക്കുമായിരുന്നില്ലെന്നും തുഷാര്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 

അതേസമയം തുഷാര്‍ ഗാന്ധിക്കെതിരെയുണ്ടായത് ക്രൂരമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഇത് മഹാത്മാ ഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും  ഗാന്ധി നിന്ദയാണ് തുഷാര്‍ ഗാന്ധിയോട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം വിവാദമായതോടെ തുഷാര്‍ ഗാന്ധിക്ക് കേരളത്തില്‍ കൂടുതല്‍ വേദി ഒരുക്കി നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം.
 

Content Highlights: Tushar Gandhi, Mahatma Gandhi`s grandson, was blocked by RSS workers in Neyyattinkara