തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗം ശംഭു മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം (Indian One-horned Rhinoceros) ശംഭു മരിച്ചു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന ശംഭു ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. 39 വയസ്സായിരുന്നു. കാണ്ടാമൃഗങ്ങളുടെ ശരാശരി ആയുസ്സ് 35-40 വയസ്സ് ആണ്.
തിരുവനന്തപുരം മൃശാലയിലെ ഏക കാണ്ടാമൃഗമായിരുന്നു ശംഭു. 1993 മേയ് 19-നാണ് അസം സ്റ്റേറ്റ് സുവോളജിക്കൽ പാർക്ക്, ഗുവാഹത്തിയിൽ നിന്ന് ശംഭുവിനെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. അന്ന് അഞ്ച് വയസുണ്ടായിരുന്ന ശംഭുവിനെ ഇവിടെ എത്തിക്കുന്നതിനായി ആകെ ആറര ലക്ഷം രൂപയാണ് ചെലവായത്. മൂന്ന് പതിറ്റാണ്ടിലേറെയായി തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ശംഭു.
മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസ്, പാലോട് നിന്നുള്ള പത്തോളജിസ്റ്റ് ഡോ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്താനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ദഹിപ്പിക്കും.
Content Highlights: Shambu, the 39-year-old sole Indian one-horned rhinoceros at Thiruvananthapuram Zoo and a major attraction for over three decades, passed away due to age-related health issues.