ശസ്ത്രക്രിയ മുടങ്ങിയതായി അറിവില്ല, അന്വേഷിക്കും, പ്രശ്നം സർക്കാരിന്റെ മുന്നിലെത്തിയിട്ടില്ല-മന്ത്രി

വീണാ ജോർജ്| Photo: Mathrubhumi
വീണാ ജോർജ്| Photo: Mathrubhumi

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതിസന്ധിയെന്ന ഡോ. ഹാരിസ് ചിറക്കലിന്റെ ആരോപണം സമഗ്രമായി അന്വേഷിക്കുന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടറുടെ ആരോപണം സർക്കാരിന് പരാതിയായി എത്തിയിട്ടില്ല. സാങ്കേതിക പ്രശ്നം കാരണം ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

'സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഡിഎംഇയോട് റിപ്പോർട്ട് തേടി. നൂറുകണക്കിന് രോഗികളുടെ ശസ്ത്രക്രിയ മുടങ്ങി എന്നത് ചെറിയ കാര്യമല്ല. എത്ര ശസ്ത്രക്രിയ ഷെഡ്യൂൾ ചെയ്തു, എത്ര എണ്ണം നടന്നു, കഴിഞ്ഞ മാസം എത്ര നടന്നു, അതിന് മുമ്പത്തെ മാസം എത്ര നടന്നു, ഈ കാലഘട്ടത്തിൽ ഇത്തരത്തിൽ (ശസ്ത്രക്രിയ മുടങ്ങുന്ന സംഭവം) ഉണ്ടായിട്ടുണ്ടോ, എന്തുകൊണ്ട് ഡിഎംഇ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്തില്ല? തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു. അപ്പോഴാണ് ഡിഎംഇ വിവരങ്ങൾ അയച്ചു തന്നത്. ഇങ്ങനെയൊരു സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും എവിടെയെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്നത് പരിശോധിച്ച് എന്താണ് സംഭവിച്ചത് എന്ന് നോക്കാമെന്നും മന്ത്രി പറഞ്ഞു.

സാധാരണ ഒരുദിവസം നാല് ശസ്ത്രക്രിയ ആണ് ഷെഡ്യൂൾ ചെയ്യുന്നത്. കഴിഞ്ഞ ദിവസം മൂന്നെണ്ണം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഒരു ശസ്ത്രക്രിയ ചെയ്യാൻ സാധിച്ചില്ല എന്നാണ് ഡിഎംഇയുടെ  ചുമതല വഹിക്കുന്ന ഡോ. വിശ്വനാഥൻ അറിയിച്ചിട്ടുള്ളത്. ഉപകരണത്തിന്റെ കേടുപാടാണ് ശസ്ത്രക്രിയ മുടങ്ങാൻ കാരണം. അല്ലാതെ മറ്റു വിഷയം എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സർക്കാരിന്റെ മുമ്പിലും ഡിഎംഇയുടെ മുമ്പിലും ഈ പ്രശ്നം എത്തിയിട്ടില്ല. എന്താണ് എന്നത് സമഗ്രമായി അന്വേഷിക്കാം - മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം ഓരോ ആളും പ്രധാനപ്പെട്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം എത്തിയാൽ മാധ്യമപ്രവർത്തകരേയും കൊണ്ട് മെഡിക്കൽ കോളേജ് സന്ദർശിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും എല്ലാവരേയും ക്ഷണിക്കുന്നതായും മന്ത്രി പറഞ്ഞു. 

കിഫ്ബി പദ്ധതിയിൽ കൂടി 700ലധികം കോടി രൂപയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനുവദിച്ചത്. പുതിയ എംആർഐ, പുതിയ സിടി സ്കാൻ, പുതിയ സംവിധാനങ്ങൾ... ഗണ്യമായ ഒരു ഭാഗം യൂറോളജി വകുപ്പിലെ ഉപകരണങ്ങൾക്കാണ്. തിരുവനന്തപുരത്ത് എത്തിയാൽ ഒന്ന് പോയി നോക്കാം- മന്ത്രി പറഞ്ഞു. വിഷയം എന്താണ് എന്ന കാര്യം അന്വേഷിക്കട്ടെ, അതിന് ശേഷം സംസാരിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights: Kerala Health Minister Orders Probe into Thiruvananthapuram Medical College Surgery Delays