23 മീ. ഉയരം, 240 മുറികൾ; 136 കോടി ചെലവ്; തിരുവനന്തപുരം വിമാനത്താവളത്തിൽ പഞ്ചനക്ഷത്രഹോട്ടൽ വരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പുത്തൻ ആഡംബര ഹോട്ടൽ നിർമാണത്തിന് അനുമതി നൽകാൻ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ ശുപാർശ. വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്തപ്പോൾത്തന്നെ ഹോട്ടൽ സമുച്ചയ നിർമാണത്തിനായി അദാനി ഗ്രൂപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. 136.31 കോടി മുടക്കി ചാക്കയിൽ അന്താരാഷ്ട്ര ടെർമിനലിന് മുൻവശമാണ് ഹോട്ടൽ സമുച്ചയം നിർമിക്കുന്നത്.
33902 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 240 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലായിരിക്കും നിർമിക്കുക. ഉയരമുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിന് നിയന്ത്രണങ്ങളുള്ളതിനാൽ പരമാവധി 23 മീറ്റർ പൊക്കം മാത്രമാണ് ഹോട്ടലിനുണ്ടാവുക. 660 സീറ്റുള്ള കൺവെൻഷൻ സെന്ററും റസ്‌റ്ററന്റ് അടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാകും.
മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളോട് അനുബന്ധമായി മികച്ച സൗകര്യങ്ങളുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളും കൺവെൻഷൻ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഷോപ്പിങ്ങിന് ഉൾപ്പെടെ മികച്ച സൗകര്യങ്ങൾ ഒരുക്കിയായിരിക്കും ഹോട്ടൽ പണിയുകയെന്നാണ് അദാനി ഗ്രൂപ്പ് നൽകുന്ന സൂചന.
നേരത്തെ നൽകിയ അപേക്ഷയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്‌സ്‌പെർട്ട് അപ്രൈസൽ കമ്മിറ്റിയുടെ (ഇഎസി) ശുപാർശയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സിറ്റി സൈഡ് ഡിവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് ഹോട്ടൽ നിർമാണം.
രൂപരേഖയിൽ മാറ്റം വരുത്തി
:പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകാൻ സംസ്ഥാന സർക്കാരിനോടാണ് ഇപ്പോൾ കേന്ദ്ര മന്ത്രാലയം ശുപാർശ ചെയ്തിരിക്കുന്നത്. നേരത്തെ അദാനി ഗ്രൂപ്പ് നൽകിയ കെട്ടിടത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്താൻ സ്‌റ്റേറ്റ് എൻവയോൺമെന്റ് ഇമ്പാക്ട് അസസ്‌മെന്റ് അതോറിറ്റി (എസ്ഇഐഎഎ) നിർദേശിച്ചിരുന്നു.
തുടർന്ന് രൂപരേഖയിൽ മാറ്റംവരുത്തി പാരിസ്ഥിതിക അനുമതിക്കായി സമർപ്പിച്ചിരുന്നു. എന്നാൽ, എസ്ഇഐഎഎയുടെ കാലാവധി കഴിഞ്ഞതിനാൽ അനുമതി ലഭിച്ചില്ല. തുടർന്നാണ് തീർപ്പാക്കാത്ത അപേക്ഷകൾ കേന്ദ്ര മന്ത്രാലയത്തിന്റെ ശുപാർശയ്ക്ക് അയച്ചത്. ഇപ്പോൾ കേന്ദ്രം ശുപാർശ ചെയ്തതിനാൽ സംസ്ഥാനത്തിന്റെ എസ്ഇഐഎഎയുടെ പാരിസ്ഥിതിക അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
അനുമതി ലഭിച്ചാൽ ഒരു വർഷത്തിനുള്ളിൽ കെട്ടിട നിർമാണം പൂർത്തിയാക്കും. തുടർന്ന് ഹോട്ടൽ നടത്തിപ്പ് മേഖലയിൽ വൈദഗ്ദ്യമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഏജൻസിയായിരിക്കും നടത്തിപ്പ് ചുമതല നിർവഹിക്കുക.
Content Highlights: Thiruvananthapuram Airport Poised for New Luxury Hote