മോക് പോൾ വോട്ടിങ് യന്ത്രത്തിൽ; തൃക്കരിപ്പൂർ 47-ാം നമ്പർ ബൂത്തിലെ 990 വോട്ടുകൾ ആദ്യഘട്ടത്തിൽ എണ്ണില്ല

#ന്യൂസ് ഡെസ്ക്
ബിജെപി നേതാക്കള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍നിന്ന് | Screengrab Courtesy: x.com/amitmalviya
ബിജെപി നേതാക്കള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍നിന്ന് | Screengrab Courtesy: x.com/amitmalviya

കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ മണ്ഡലത്തിലെ തിമിരി നാലിലാംകണ്ടം ഗവ. യു.പി. സ്കൂളിലെ 47-ാം നമ്പർ ബൂത്തിൽ പോൾചെയ്ത 990 വോട്ടുകൾ ആദ്യഘട്ടത്തിൽ എണ്ണില്ല. തിരഞ്ഞെടുപ്പുദിവസം മോക് പോൾ ചെയ്ത വോട്ടുകൾ വോട്ടിങ് യന്ത്രത്തിൽനിന്ന് മാറ്റാതിരുന്നതിനാലാണിത്. എന്നാൽ മോക് പോൾ ചെയ്തതിന്റെ സ്ലിപ്പുകൾ വിവിപാറ്റ് മെഷീനിൽനിന്ന് എടുത്തുമാറ്റിയിരുന്നതിനാൽ വോട്ടർമാർ ചെയ്ത വോട്ടുകളുടെ സ്ലിപ്പ് മാത്രമാണ് അതിലുള്ളതെന്ന് അധികൃതർ പറഞ്ഞു.

ഈ സ്ലിപ്പുകൾ എണ്ണിയാൽ ഓരോ സ്ഥാനാർഥിക്കും എത്ര വോട്ടുകൾ ലഭിച്ചെന്ന് വ്യക്തമാകും. മോക് പോൾ ചെയ്തതിന്റെ സ്ലിപ്പുകൾ പ്രത്യേക കവറിൽ സൂക്ഷിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ വിവിധ റൗണ്ടുകളായി വോട്ടെണ്ണുമ്പോൾ ഈ ബൂത്തിലെ വോട്ടെണ്ണില്ല.

വോട്ടിങ് യന്ത്രങ്ങളിലെ വോട്ട്‌ എണ്ണിക്കഴിഞ്ഞാകും വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ട് കണക്കാക്കുക. ഓരോ മണ്ഡലത്തിലെയും നറുക്കിട്ടെടുക്കുന്ന അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനുപുറമെയാണ് ഈ ബൂത്തിലെ സ്ലിപ്പ് കൂടി എണ്ണുക. 50 വോട്ടുകളാണ് മോക്ക് പോളിന്റെ ഭാഗമായി ചെയ്തത്. മോക്ക് പോളിന്റെ ഭാഗമായി ഓരോ ഏജന്റുമാരും ചെയ്ത വോട്ടുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ മോക് പോൾ സർട്ടിഫിക്കറ്റുമുണ്ട്.

മോക്ക് പോൾ ചെയ്ത വോട്ടുകൾ വോട്ടിങ് യന്ത്രത്തിൽനിന്ന് മാറ്റിയിട്ടില്ലെന്ന വിവരം സ്ഥാനാർഥികളുടെ ഏജന്റുമാരെ ബോധ്യപ്പെടുത്തി സർട്ടിഫിക്കറ്റും വാങ്ങിയിട്ടുണ്ട്.

Content Highlights: 990 votes from Trikaripur Booth 47 excluded from initial EVM count due to mock poll data., VVPAT slips will be verified to confirm candidate totals., Mock poll slips were correctly removed from VVPAT machines earlier., Candidate agents have been notified and signed the necessary certificates.