സ്ത്രീ മരിച്ചത് കാട്ടാനയാക്രമണത്തിൽത്തന്നെ; 'ഭാര്യയെ കൊന്നെന്ന പ്രചാരണം',ബിനുവിന് ആശ്വാസ റിപ്പോർട്ട്

കൊല്ലപ്പെട്ട സീത
കൊല്ലപ്പെട്ട സീത

പീരുമേട്: വനത്തിൽ ആദിവാസിസ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിൽത്തന്നെയെന്ന് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് പറഞ്ഞു.

തോട്ടാപ്പുര സ്വദേശി സീത (42) ജൂൺ 13-നാണ് മരിച്ചത്. ശബരിമല വനമേഖലയുടെ ഭാഗമായ മീൻമുട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സീത കൊല്ലപ്പെട്ടെന്ന് ഒപ്പമുണ്ടായിരുന്ന സീതയുടെ ഭർത്താവ് ബിനുവും മക്കളും പോലീസിന് മൊഴിനൽകിയിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ അത് ശരിയാണെന്ന് മനസ്സിലായെന്നും എസ്‌പി പറഞ്ഞു.

പീരുമേട് ഡിവൈഎസ്‌പി വിശാൽ ജോൺസന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം അവസാനഘട്ടത്തിലാണ്. വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ കോടതിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

സത്യം പുറത്തുവന്നതിൽ സന്തോഷമെന്ന് സീതയുടെ ഭർത്താവ് ബിനു

വൈകിയെങ്കിലും സത്യം പുറത്തുവന്നല്ലോ, അതുമതിയെന്നും ആശ്വാസം തോന്നുന്നുവെന്നും കൊല്ലപ്പെട്ട സീതയുടെ ഭർത്താവ് ബിനു പറഞ്ഞു. ഭാര്യയെ കൊന്നെന്ന പ്രചാരണത്തിൽ വലിയവിഷമം തോന്നിയെന്നും ഇളയകുട്ടി ഇതുവരെ സ്‌കൂളിൽ പോകാൻ തുടങ്ങിയിട്ടില്ലെന്നും ബിനു പറഞ്ഞു.

Content Highlights: Police confirm tribal woman`s death in Peermade was due to elephant attack,