’ഞാനും പണിമുടക്കിനൊപ്പമാണ്';ആസ്പത്രിയിൽനിന്ന് മടങ്ങിയ CPM ബ്രാഞ്ച് സെക്രട്ടറിയെ സിഐടിയുക്കാർ തടഞ്ഞു

#ഇ.വി.ജയകൃഷ്ണൻ
സിപിഎം മാക്കി ബ്രാഞ്ച് സെക്രട്ടറി അനീഷിന്റെ കാർ കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ പണമിടക്ക് അനുകൂലികൾ തടഞ്ഞപ്പോൾ | ഫോട്ടോ: മാതൃഭൂമി
സിപിഎം മാക്കി ബ്രാഞ്ച് സെക്രട്ടറി അനീഷിന്റെ കാർ കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ പണമിടക്ക് അനുകൂലികൾ തടഞ്ഞപ്പോൾ | ഫോട്ടോ: മാതൃഭൂമി

കാഞ്ഞങ്ങാട്: ശസ്ത്രക്രിയ കഴിഞ്ഞ മകനെ ആസ്പത്രിയിൽനിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെ പണിമുടക്ക് അനുകൂലികളായ സിഐടിയു പ്രവർത്തകർ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കാർ തടഞ്ഞു. സിപിഎം രാവണേശ്വരം മാക്കി ബ്രാഞ്ച് സെക്രട്ടറി പി.അനീഷിനെയും കുടുംബത്തെയുമാണ് കാഞ്ഞങ്ങാട് നഗരത്തിൽ ഒരുസംഘം സിഐടിയു പ്രവർത്തകർ തടഞ്ഞത്.

നാവിന് മുറിവേറ്റ നാലരവയസ്സുള്ള മകനെയുംകൊണ്ട്് ബുധനാഴ്ച രാവിലെയാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിൽ അനീഷ് എത്തിയത്. ഉടൻ ശസ്ത്രക്രിയ നടത്തി. വീട്ടിൽ വിശ്രമിച്ചാൽ മതിയെന്ന് ഡോക്ടർമാർ പറഞ്ഞതിനാൽ ഉച്ചയോടെ ആസ്പത്രി വിട്ടു. കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെത്തിയപ്പോൾ ഇരുപതോളംപേർ കാർ തടഞ്ഞ് റോഡരികിലേക്ക് മാറ്റിയിടാൻ പറഞ്ഞു. മകനെ ആസ്പത്രിയിൽ കാണിച്ച് വരികയാണെന്ന്‌ അനിഷ് ആവർത്തിച്ച് പറഞ്ഞിട്ടും സമരക്കാർ വിട്ടില്ല. ആസ്പത്രിയിൽനിന്നാണ് വരുന്നതെന്ന് കാറിലുണ്ടായിരുന്ന സ്ത്രീകളും പറഞ്ഞു. കാറിൽ ക്ഷീണിതനായി കിടക്കുന്ന കുട്ടിയെ കണ്ടിട്ടും സംഘം സമ്മതിച്ചില്ല. താൻ പാർട്ടി ബ്രാഞ്ച് സെക്രട്ടറിയാണെന്നും ഭാര്യ പാർട്ടിയംഗമാണെന്നും അനീഷ് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. കാറിൽനിന്നിറങ്ങിയ അനീഷ്, ’ഇതല്ല പാർട്ടി പഠിപ്പിച്ച സമരരീതിയെന്ന്’ പറഞ്ഞ് റോഡിൽ കുത്തിയിരുന്നു. ’ഞാനും പണിമുടക്കിനൊപ്പമാണ്. ആസ്പത്രിയിൽ പോകേണ്ട അവസ്ഥയുണ്ടായാൽ പിന്നെന്തു ചെയ്യും. ആസ്പത്രിയിൽ പോകുന്നവരെ തടയാൻ ഒരുനേതാക്കളും പറഞ്ഞിട്ടില്ല’- അനീഷ് രോഷംകൊണ്ടു.

അനീഷ് റോഡിലും വീട്ടുകാർ കാറിലുമായി മുക്കാൽമണിക്കൂറോളമിരുന്നു. സമരക്കാരിൽ ചിലർ കാറിലുണ്ടായിരുന്ന സ്ത്രീകളോട്‌ മോശമായി സംസാരിച്ചതായും പരാതിയുണ്ട്. ഇതിനിടെ രാവണേശ്വരത്തെ ചില സിപിഎം നേതാക്കളുടെ വിളിയെത്തി. മഹമ്മൂദ് മുറിയനാവി ഉൾപ്പെടെയുള്ള കാഞ്ഞങ്ങാട്ടെ പ്രാദേശിക സിപിഎം നേതാക്കളും സ്ഥലത്തെത്തി. പോയ്ക്കൊള്ളൂവെന്ന് സമരക്കാർ പറഞ്ഞെങ്കിലും അനീഷ് ആദ്യം വഴങ്ങിയില്ല. ’എന്റെ മോന്റെ അവസ്ഥ പറഞ്ഞിട്ടും ഇവർ മനസ്സിലാക്കാൻ ശ്രമിച്ചില്ലെന്നുമാത്രമല്ല, മോശമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു’ -പ്രതിഷേധിച്ച് നിൽക്കെ, സമരക്കാർതന്നെ മുന്നോട്ടുവന്ന് അനുനയിപ്പിച്ച് അനീഷിനെ കാറിൽ കയറ്റിവിടുകയായിരുന്നു.

Content Highlights: trade union strike citu workers stopped cpm branch secretary