ടി.കെ ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ; സന്ദർശനം ഭാര്യ കെ.പി. രമണിക്കൊപ്പം

തലശ്ശേരി: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ. ഭാര്യ കെ.പി രമണിക്കൊപ്പമാണ് ഗോവിന്ദൻ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തിയത്. ഡി.സി.സി ഓഫീസിൽ നടന്ന സ്വീകരണത്തിന് പിന്നാലെയാണ് അദ്ദേഹം വിനോദിനി ബാലകൃഷ്ണനെ കാണാൻ എത്തിയത്. കോടിയേരിയുടെ വീട്ടിലെത്തിയ ടി.കെ. ഗോവിന്ദനെയും ഭാര്യയെയും വിനോദിനി ബാലകൃഷ്ണൻ സ്വീകരിച്ചു.
കേവലം ഒരു രാഷ്ട്രീയ സന്ദർശനം എന്നതിലുപരി വൈകാരികമായ ഒത്തുചേരലായിരുന്നു ഇത്. കോടിയേരി ബാലകൃഷ്ണന്റെ കുടുംബവുമായി ടി.കെ. ഗോവിന്ദനും കുടുംബത്തിനും അടുത്ത ബന്ധമാണുള്ളത്. കഴിഞ്ഞ ദിവസം മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ കോടിയേരിയെ കുറിച്ച് ഓർത്ത് കെ.പി. രമണി വിതുമ്പിക്കരഞ്ഞത് ഇവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു.
രാഷ്ട്രീയ മാറ്റങ്ങൾക്കിടയിലും കോടിയേരിയുടെ കുടുംബത്തോടുള്ള സ്നേഹത്തിന് മാറ്റമില്ലെന്ന് ഈ സന്ദർശനം അടിവരയിടുന്നു. പാർട്ടിയിൽ നിന്ന് മാറി മറ്റൊരു പക്ഷത്ത് നിന്ന് മത്സരിക്കേണ്ടി വന്നപ്പോഴും തങ്ങൾക്ക് പാർട്ടിയോടുള്ള സ്നേഹവും കടപ്പാടും കെ.പി. രമണി നേരത്തെ വ്യക്തമാക്കിയിരുന്നു.
പാർട്ടി നിലനിൽക്കണമെന്ന ആഗ്രഹവും അവർ പ്രകടിപ്പിച്ചിരുന്നു. ആ നിലപാടിന്റെയും വൈകാരികമായ അടുപ്പത്തിന്റെയും തുടർച്ചയായാണ് ടി.കെ. ഗോവിന്ദന്റെ സന്ദർശനം വിലയിരുത്തപ്പെടുന്നത്. സന്ദർശന വേളയിൽ പഴയകാല ഓർമ്മകളും കുടുംബാംഗങ്ങൾ തമ്മിൽ പങ്കുവെച്ചു.
Content Highlights: Newly elected MLA TK Govindan visits the late Kodiyeri Balakrishnan's residence to pay respects after the 2026 election victory. Read the full story here.