മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് (97) അന്തരിച്ചു. മണിപ്പാലിലെ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. 2011-ൽ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷൺ നൽകി ആദരിച്ചു. കേരള സർക്കാർ നൽകുന്ന പത്രപ്രവർത്തന രംഗത്തെ ഉന്നതാംഗീകാരമായ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം 2019-ൽ അദ്ദേഹത്തിന് ലഭിച്ചു.
പത്തനംതിട്ടയിലെ തുമ്പമൺ ആണ് സ്വദേശം. മജിസ്ട്രേറ്റ് ആയിരുന്ന ടി.ടി. ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928-ൽ ആയിരുന്നു ജനനം. എഴുത്തുകാരൻ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്ന നിലയിൽ സുപ്രധാനമായ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
കാല്‍നൂറ്റാണ്ടോളം 'ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി'ല്‍ എഴുതിയിരുന്ന 'പോയന്റ് ഓഫ് വ്യൂ' എന്ന കോളം ടി.ജെ.എസ് ജോര്‍ജിനെ വായനക്കാരുടെ പ്രിയങ്കരനാക്കി. ‘നൗ ഈസ് ദ ടൈം ടു സെ ഗുഡ്ബൈ' എന്ന തലക്കെട്ടിലാണ് കോളത്തിന്റെ അവസാന ലക്കം എഴുതി മൂന്ന് വര്‍ഷം മുമ്പ് സജീവ പത്രപ്രവര്‍ത്തനത്തില്‍നിന്ന് അദ്ദേഹം വിടവാങ്ങിയത്.
ഇംഗ്ലീഷ് സാഹിത്യത്തിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ഓണേഴ്സ് ബിരുദം കരസ്ഥമാക്കിയ അദ്ദേഹം, 1950-ൽ ബോംബൈയിലെ ഫ്രീ പ്രസ് ജേണലിലാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. പിന്നീട് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച് ലൈറ്റ്, ഫാർ ഈസ്റ്റേൺ എകണോമിക് റിവ്യൂ തുടങ്ങിയവയിൽ ജോലിചെയ്തു. ഹോങ്കോങ്ങിൽ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപർ കൂടിയാണ് ടിജെഎസ് ജോർജ്.
1965-ല്‍ ബിഹാര്‍ മുഖ്യമന്ത്രി കെ.ബി. സഹായിയെ ധിക്കരിച്ച് പട്ന ബന്ദ് സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്തതിന് ടി.ജെ.എസ്. ജോര്‍ജിനെ സര്‍ക്കാര്‍ ജയിലില്‍ അടയ്ക്കുകയുണ്ടായി. 37-ാം വയസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട ടി.ജെ.എസ്. ജോർജ് സ്വതന്ത്ര ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ പത്രാധിപരായി.
തന്റെ പത്രപ്രവര്‍ത്തക ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ 'ഘോഷയാത്ര' എന്ന പുസ്തകവും വി.കെ. കൃഷ്ണമേനോൻ, നർഗീസ്, എം.എസ്.സുബലക്ഷ്മി, സിംഗപ്പൂർ മുൻ പ്രസിഡന്റ് ലീക്വാൻയൂ എന്നിവരേക്കുറിച്ചുള്ള ജീവചരിത്ര ഗ്രന്ഥങ്ങളും ശ്രദ്ധേയമായിരുന്നു. ഭാര്യ: പരേതയായ അമ്മു. മക്കള്‍: എഴുത്തുകാരനായ ജീത് തയ്യില്‍, ഷെബ.
Content Highlights: ournalist & Author T.J.S. George (97) Passes Away