റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് സ്ഥാപിച്ചത് ഏതാനുംമാസം മുൻപ്; ഏഴുപേർ കുടുങ്ങിയത് രണ്ടേമുക്കാൽ മണിക്കൂർ

തിരൂര്‍: റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ ഏഴുയാത്രക്കാര്‍ രണ്ടേമുക്കാല്‍ മണിക്കൂര്‍ കുടുങ്ങി. അഗ്‌നിരക്ഷാസേന ലിഫ്റ്റിന്റെ മുകള്‍ഭാഗം പൊളിച്ച് യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചു.
ചൊവ്വാഴ്ച രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരടങ്ങുന്ന കുടുംബവും മഞ്ചേരി അരീക്കോട് സ്വദേശികളായ ദമ്പതിമാരുമാണ് ലിഫ്റ്റില്‍ അകപ്പെട്ടത്. മുകളിലേക്ക് ഉയര്‍ന്ന ലിഫ്റ്റ് പൊടുന്നനെ നിലയ്ക്കുകയായിരുന്നുവെന്ന് ലിഫ്റ്റില്‍ കുടുങ്ങിയ അരീക്കോട് സ്വദേശി കൃഷ്ണന്‍ പറഞ്ഞു. ഏതാനും മാസം മുമ്പുമാത്രം സ്ഥാപിച്ച മൂന്നു ലിഫ്റ്റുകളില്‍ ഒന്നിലാണ് യാത്രക്കാര്‍ കുടുങ്ങിയത്.
റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതോടെയാണ് അഗ്‌നിരക്ഷാസേനയുടെ സഹായം തേടിയത്. ലിഫ്റ്റ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് മുകള്‍ഭാഗം ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച് പൊളിക്കാന്‍ തീരുമാനിച്ചത്. നെടുമങ്ങാട് സ്വദേശികളായ സൗജാനത്ത്, ഷംസുദ്ദീന്‍, ഹംതാന്‍, മന്‍ഹ, ഷിറാസ്, അരീക്കോട് കാവനൂര്‍ സ്വദേശികളായ കൃപാലയം കൃഷ്ണന്‍, ഭാര്യ രമണി എന്നിവരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്.
കോട്ടയ്ക്കലെ ആശുപത്രിയില്‍നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്നു തിരുവനന്തപുരത്തെ സംഘം. വന്ദേഭാരതില്‍ കയറാനായി ഒന്നാംനമ്പര്‍ പ്ലാറ്റ് ഫോമില്‍നിന്ന് രണ്ടാംനമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് പോകാനായി ലിഫ്റ്റില്‍ കയറിയതാണ്. ശസ്ത്രക്രിയ കഴിഞ്ഞ ഭാര്യയെ വീണ്ടും ഡോക്ടറെ കാണിക്കാനായി എറണാകുളത്തേക്കു പോകാന്‍ എത്തിയതായിരുന്നു കാവനൂര്‍ സ്വദേശികള്‍.
രണ്ടേമുക്കാല്‍ മണിക്കൂര്‍ നേരത്തെ ശ്രമത്തിനുശേഷം പുറത്തെത്തിച്ചവരെ ആംബുലന്‍സില്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. എല്ലാവരെയും പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. അപകടത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം തുടങ്ങി. റെയില്‍വേ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ ഷിഹാബുദ്ദീന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി ലിഫ്റ്റ് പരിശോധിച്ചു. ലിഫ്റ്റ് സ്ഥാപിച്ച സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
ലിഫ്റ്റ് അപകടത്തില്‍ രക്ഷകരായത് അഗ്‌നിരക്ഷാസേന
തിരൂര്‍: റെയില്‍വേസ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് രക്ഷകരായത് അഗ്‌നിരക്ഷാസേന.
തിരൂരില്‍നിന്ന് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ സലീമിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേനാംഗങ്ങളായ സീനിയ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ വി.പി.ഗിരീശന്‍, എം. അബ്ദുള്ള, ഫയര്‍ ഓഫീസര്‍മാരായ കെ.നസീര്‍, കെ.കെ. സന്ദീപ്, സുജിത്ത് സുരേന്ദ്രന്‍, എസ്. കിരണ്‍, ആര്‍. രാജേഷ് കുമാര്‍, ഹോം ഗാര്‍ഡുമാരായ സി.കെ. മുരളീധരന്‍, സി. സുരേശന്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കിയത്.
ആര്‍പിഎഫ്, എഎസ്‌ഐ ബി.എസ്. പ്രമോദ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എന്‍. ഗോകുലദാസന്‍, വി.കെ. ഷാജി, എ.സജീവന്‍, തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ സോമസുന്ദരവും പോലീസും ടിഡിആര്‍എഫും പോര്‍ട്ടര്‍മാരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍സംഘം സ്ഥലത്തെത്തിയിരുന്നു.
Content Highlights: Seven passengers, including a family of five, were trapped in a lift at Tirur Railway Station