തൃശ്ശൂർ സുവോളജിക്കൽ പാർക്ക് തുറക്കുന്നു; 28 മുതൽ എല്ലാവർക്കും പ്രവേശനം, സമയം രാവിലെ 9 മുതൽ 5 വരെ

പുത്തൂർ: തൃശ്ശൂർ സുവോളജിക്കൽ പാർക്ക് 28-ന് പൊതുജനങ്ങൾക്ക് സന്ദർശനത്തിനു തുറക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. നാലുമാസംമുൻപ് പരീക്ഷണാടിസ്ഥാനത്തിൽ തുറന്ന് വിദ്യാർഥികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന പുത്തൂരിലെ പാർക്കിൽ ഇനിമുതൽ എല്ലാവർക്കും പ്രവേശനമുണ്ടാകും.
രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രവർത്തനസമയം. തിങ്കളാഴ്ചകളിൽ അവധിയാണ്. ശനിയാഴ്ച രാവിലെ എട്ടിന് നടക്കുന്ന ലളിതമായ ചടങ്ങിൽ വനംമന്ത്രി ആദ്യ സന്ദർശകനായി പ്രവേശിച്ചാണ് ഉദ്ഘാടനം ചെയ്യുക. പ്രത്യേക പ്രവേശനഫീസിനു പുറമേ ഡബിൾ ഡെക്കർ ബസിൽ കയറി സഞ്ചരിക്കുന്നതിനും ക്യാമറ ഉപയോഗിക്കുന്നതിനും നിശ്ചിതനിരക്ക് നൽകണം. വാഹനങ്ങൾക്ക് ഇനം തിരിച്ചും പാർക്കിങ് ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഒരാൾക്ക് 100 രൂപയാണ് പ്രവേശനഫീസ്. സീനിയർ സിറ്റിസൺ 50 രൂപ, അഞ്ചുമുതൽ 12 വരെ വയസ്സുള്ള കുട്ടികൾക്ക് 30 രൂപ നൽകണം. ഭിന്നശേഷിക്കാർക്കും കിന്റർഗാർട്ടൻ മുതൽ നാലാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും പ്രവേശനം സൗജന്യമാണ്. ഇരുചക്രവാഹനങ്ങൾക്ക് 25 രൂപയാണ് പാർക്കിങ് ഫീസ്.
ഓട്ടോ 30 രൂപ, കാർ/ജീപ്പ് 100 രൂപ, വാൻ, ടെമ്പോ, മിനി ബസ്- 175 രൂപ, ബസ് 250 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ക്യാമറ 350 രൂപ, വീഡിയോ ക്യാമറ 750 രൂപ. ക്ലോക്ക് റൂം 25 രൂപ, ബസ് ചാർജ് 50 രൂപ, കുട്ടികൾക്ക് 25 രൂപയും നൽകണം.
തൃശ്ശൂർ മൃഗശാലയിൽനിന്ന് 330 ജീവികളെയാണ് മാറ്റിയത്. കഫ്റ്റീരിയയും നാല് ഫുഡ് കിയോസ്‌കുകളും, ടോയ്ലറ്റ് ബ്ലോക്കുകളും സജ്ജമായി. സീബ്ര, ജിറാഫ്, ആഫ്രിക്കൻ മാൻ, അനകോണ്ട തുടങ്ങി ആറിനം ജീവികളെ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് നാലുകോടി രൂപയാണ് നൽകിയത്. ഹൈദരാബാദിലെ ഒരു കമ്പനിയുമായി ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഏപ്രിൽ മുതൽ ഇവയെ എത്തിച്ചുതുടങ്ങും.
പുത്തൂരിലെ സഫാരി പാർക്കും പെറ്റിങ് സൂ നിർമാണവും കഴിഞ്ഞാൽ തൃശ്ശൂരിലെ ശേഷിക്കുന്ന മാനുകളെയും പക്ഷികളെയും മറ്റ് ജീവികളെയും കൊണ്ടുവരും. പാർക്കിലെ നാലരക്കിലോമീറ്റർ പരിധിയിൽ 14 വ്യത്യസ്ത ആവാസ ഇടങ്ങളിലാണ് ഇപ്പോൾ ജീവികൾ കഴിയുന്നത്.
പാർക്ക് ഡയറക്ടർ ബി.എൻ. നാഗരാജ്, സ്‌പെഷ്യൽ ഓഫീസർ കെ.ജെ. വർഗീസ്, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ നജ്മൽ അമീൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യാ രാജേഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: The park officially opens to the general public on the 28th., Operating hours are from 9 AM to 5 PM, with Mondays as a holiday., Features 330 animals, with new additions like Zebras and Giraffes arriving soon., A detailed fee structure is available for entry, parking, and other amenities.