റെയിൽവേ പാർക്കിങ്ങിലെ തീപ്പിടിത്തം: കാരണം വൈദ്യുതിലൈനിൽനിന്നുള്ള തീപ്പൊരി ?

തൃശ്ശൂർ: റെയിൽവേസ്റ്റേഷന്റെ രണ്ടാം കവാടത്തിനു സമീപത്തെ പാർക്കിങ്ങിൽ മുന്നൂറോളം ബൈക്കുകൾ കത്തിനശിച്ചതിന്റെ കാരണം വൈദ്യുതിലൈനിൽനിന്നുള്ള തീപ്പൊരിയാണെന്ന സംശയം ശക്തമാകുന്നു. അഗ്നി രക്ഷാ സേനയും ഈ നിഗമനത്തിൽത്തന്നെയാണുള്ളത്. പോലീസിന്റെ നേതൃത്വത്തിലും കാരണം കണ്ടെത്താനുള്ള പരിശോധനകൾ നടക്കുന്നുണ്ട്. ചൊവ്വാഴ്ച ജില്ലാ ഫൊറൻസിക് യൂണിറ്റും സയന്റിഫിക് ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിച്ചു. അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ 18 അംഗ ടീമാണ് അന്വേഷിക്കുന്നത്.
തൃശ്ശൂർ വെസ്റ്റ് പോലീസ്സ്റ്റേഷനിലേക്ക് ചൊവ്വാഴ്ചയും ബൈക്ക് കത്തിയതിൽ പരാതിയുമായി ആളുകളെത്തിയിരുന്നു. കത്തിനശിച്ച ഓരോ ബൈക്കിന്റെയും ഷാസി നമ്പറും എൻജിൻ നമ്പറും വാഹനനമ്പറും കണ്ടെത്തണം. കത്തിയതിന്റെ അവശിഷ്ടങ്ങൾ ഉടമയെ കാണിച്ച് ഇതുതന്നെയല്ലേ വാഹനമെന്ന് ഉറപ്പാക്കണം. കണ്ടാൽ തിരിച്ചറിയാനാകാത്തവിധം ബൈക്കുകൾ നശിച്ചിട്ടുണ്ട്. ഒട്ടേറെ ബൈക്കുകളുടെ എൻജിനുൾപ്പെടെയുള്ള ഭാഗങ്ങളും ഇല്ലാതായിട്ടുണ്ട്. ഉടമകളെ അപകടമുണ്ടായ സ്ഥലത്തേക്ക് പ്രവേശിപ്പിക്കാൻ തുടങ്ങിയിട്ടില്ല. ബൈക്ക് വെച്ചിരുന്ന സ്ഥലം നിർണയിച്ചാണ് പലരും സ്വന്തം ബൈക്കാകുമെന്ന നിഗമനത്തിലെത്തുന്നത്.
എങ്ങനെ കത്തി; ആർക്കറിയാം ?
മനക്കൊടിയിലെ കെട്ടിടനിർമാണ കരാറുകാരനായ റോബർട്ട്രാജ് 28-ന് പുലർച്ചെ ഒന്നരയ്ക്കാണ് ബൈക്ക് ഇവിടെ നിർത്തി കന്യാകുമാരിയിലേക്കുപോയത്. നാട്ടിലേക്കുപോകുമ്പോൾ വണ്ടി ഇവിടെയാണ് നിർത്താറുള്ളത്. ഞായറാഴ്ച കൂട്ടുകാരാണ് വിളിച്ച് വിവരം പറഞ്ഞത്. തിങ്കളാഴ്ച രേഖകളുമായെത്തി പോലീസിൽ പരാതി നൽകി. ഇനി എന്തുചെയ്യുമെന്ന ചോദ്യത്തിന് എല്ലാവരും ചെയ്യുന്നപോലെ ചെയ്യാമെന്നായിരുന്നു മറുപടി. തൃശ്ശൂർ എസ്എൻ പാക്കിലെ അമർജിത്ത് ഇവിടെ വണ്ടി നിർത്തി പയ്യന്നൂർക്കുള്ള യാത്രക്കിടെയാണ് തീപ്പിടിത്തത്തിന്റെ വിവരമറിയുന്നത്. 2008 മോഡൽ വണ്ടിയാണെങ്കിലും കൂടെപ്പിറപ്പിനോടെന്നപോലെയായിരുന്നു വണ്ടിയോടുള്ള സ്നേഹം. കൂട്ടുകാർക്കൊപ്പം ബെംഗളൂരുവിൽ പോയി തിരിച്ചെത്തിയപ്പോൾ അമലിന് കാണാനായത് കത്തിക്കരിഞ്ഞ് കിടക്കുന്ന വണ്ടികൾക്കിടയിലുള്ള സ്കൂട്ടറാണ്. തീപ്പിടിത്തത്തിന്റെ വാർത്തയൊന്നും ഇവർ ശ്രദ്ധിച്ചിരുന്നില്ല. കേച്ചേരി സ്വദേശിയായ സലീം വണ്ടി വെച്ചിരുന്ന സ്ഥലം പുറത്തുനിന്ന് നോക്കി തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എല്ലാ കത്തിനശിച്ചുവെന്ന യാഥാർഥ്യം ഉൾക്കൊണ്ട് സങ്കടത്തോടെയാണ് മടങ്ങിയത്. ഒട്ടേറെപ്പേരാണ് സങ്കടപ്പറച്ചിലുകളുമായി എത്തുന്നത്. ഇരുനൂറ്റിയമ്പതോളം വണ്ടികളാണ് അര മണിക്കൂറിനുള്ളിൽ കത്തിയമർന്നത്. 54 വണ്ടികളാണ് കേടുപാടുകളില്ലാതെ തിരികെ ലഭിച്ചത്. ഈ വാഹനങ്ങളും പുറത്തെടുക്കാനായിട്ടില്ല.
നഷ്ടപരിഹാരത്തിനുള്ള വഴികൾ
ബൈക്കുകൾ കത്തിനശിച്ചവർക്ക് നഷ്ടപരിഹാരത്തിനുള്ള വഴികൾ തേടാം. സിവിൽ കേസായി കേസ് ഫയൽചെയ്യുമ്പോൾ റെയിൽവേയെയും കരാറുകാരനെയും പ്രതി ചേർക്കാം. വ്യക്തിപരമായി കേസ് ഫയൽചെയ്യണം. കൺസ്യൂമർ കോടതിയിലും കേസ് ഫയൽ ചെയ്യാം. സിവിൽ കോടതികളിലേതുപോലെ പൂർണതോതിൽ തെളിവുകൾ ഹാജരാക്കേണ്ടതില്ല. കോടതിച്ചെലവ് കുറയുകയും ഉടമയ്ക്ക് കേസ് നടത്താമെന്ന ഗുണവുമുണ്ട്. കത്തിനശിച്ച വണ്ടിക്ക് ഫുൾകവർ ഇൻഷുറൻസ് ഉണ്ടെങ്കിൽ ഓൺ ഡാമേജ് ഇൻഷുറൻസ് കവറേജിന് അവകാശപ്പെടാം. ക്ലെയിം ചെയ്താലും ഇൻഷുവേഴ്സ് എസ്റ്റിമേറ്റ് വിലയോ മാർക്കറ്റ് വിലയോ ഏതാണോ കുറവ് അതാണ് ലഭിക്കുക. വാഹനത്തിന്റെ ഉപയോഗ തേയ്മാനം എന്ന നിലയ്ക്കും തുക കുറയ്ക്കും. അപകടത്തിൽ നഷ്ടം ബാധിച്ചവരെല്ലാംചേർന്ന് കോടതിയെ സമീപിക്കുന്നത് കേസ് നടത്തിപ്പിനും സാമ്പത്തികച്ചെലവ് കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് അഭിഭാഷകനായ ഫ്രാൻസിസ് കുര്യൻ പറഞ്ഞു.
Content Highlights: Nearly 300 bikes destroyed in a massive fire at Thrissur Railway Station parking. Investigators suspect electrical sparks from overhead lines. Learn about the incident and compensation options.