പൂരപ്രേമികളുടെ ഇഷ്ടതാരം; പൂരം കൂടാനെത്തുമോ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍?

Photo: PTI
Photo: PTI

തൃശ്ശൂര്‍: ഏറ്റവും തലപ്പൊക്കമുള്ള തൃശ്ശൂര്‍ പൂരത്തിന്, ആനകളുടെ തലപ്പൊക്കമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉണ്ടാകുമോ? പൂരമെത്തുമ്പോള്‍ ആദ്യം ഉയരുന്ന ചോദ്യങ്ങളിലൊന്നാണിത്. ഇത്തവണ സാധ്യത കുറവാണെന്നാണ് ഉത്തരം. കഴിഞ്ഞ വര്‍ഷത്തെപ്പോലെ നെയ്തലക്കാവിലമ്മയെയും പുറത്തേറ്റിയെത്തുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരിക്കില്ല എന്നത് ഉറപ്പായി. പകരം എറണാകുളം ശിവകുമാറായിരിക്കുമെന്ന് ഏതാണ്ട് തീരുമാനമായി.

കഴിഞ്ഞ രണ്ടുവര്‍ഷം മാത്രമാണു പൂരദിവസം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തിയത്. അതിനുമുമ്പ് തലേന്ന് നടക്കുന്ന പൂരവിളംബരത്തിനാണ് എത്തിയിരുന്നത്. നെയ്തലക്കാവിലമ്മയുമായി എത്തിയാണ് പൂരവഴിയായ വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരവാതില്‍ തുറന്നിടുന്നത്. അഞ്ചുവര്‍ഷം തൃശ്ശൂര്‍ പൂരത്തിനായി തെക്കേഗോപുരനട തുറന്നിടാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തിയിരുന്നു. ഈ ദൗത്യം എറണാകുളം ശിവകുമാറിലേക്ക് മാറിയതോടെയാണ് പൂരദിവസം നെയ്തലക്കാവിലമ്മയുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തിയത്.

പൂരത്തിന് നാന്ദികുറിച്ചുകൊണ്ടുള്ള തെക്കേഗോപുരനട തുറന്നിടല്‍ ഇത്ര ജനകീയമായതുതന്നെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വന്നതിനുശേഷമാണ്. തെക്കോട്ടിറക്കംപോലെ തെക്കേഗോപുരനട തുറക്കലും വളര്‍ന്നുകഴിഞ്ഞിരുന്നു.

പൂരദിവസം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നെയ്തലക്കാവിലമ്മയുമായി വന്നപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. ഈ എഴുന്നള്ളിപ്പ് റൗണ്ടിലെത്തിയപ്പോഴേക്കും വന്‍ ജനക്കൂട്ടമാണ് കൂടെക്കൂടിയിരുന്നത്.

ആരാധകരുടെ മോഹ ആനയാണെങ്കിലും പൂരത്തിന് രാമചന്ദ്രനെ പങ്കെടുപ്പിക്കുകയെന്നത് ശ്രമകരമാണ്. നിരവധി വിലക്കുകള്‍ മറികടന്നുവേണം എഴുന്നള്ളിപ്പിന് എത്തിക്കാന്‍. ഇത്തരം പ്രശ്‌നങ്ങളും ഇപ്പോഴത്തെ ഒഴിവാക്കലിന്റെ പിന്നിലുണ്ടെന്നറിയുന്നു. ആരാധകര്‍ കൂടുതലായതിനാല്‍ എഴുന്നള്ളിപ്പുകള്‍ വൈകുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. ഇതെല്ലാമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കാന്‍ കാരണമായി പറയുന്നത്.

പൂരത്തിന് രാമചന്ദ്രന്‍ ഉണ്ടാകില്ലെന്നു ഉറപ്പിച്ച് പറയാനാകില്ല. മറ്റേതെങ്കിലും ഘടകക്ഷേത്രം എഴുന്നള്ളിക്കാന്‍ തയ്യാറായാല്‍ രാമചന്ദ്രനു പൂരം കൂടാനാകുമെന്നതാണ് അവസാനനിമിഷം വരെ പ്രതീക്ഷ നിലനിര്‍ത്തുന്നത്. എന്നാല്‍, ഇതിന് ഏതെങ്കിലും ക്ഷേത്രം തയ്യാറാകുമോ എന്നാണ് പൂരപ്രേമികള്‍ കാത്തിരിക്കുന്നത്.

Content Highlights: Will the famed Thechikkottukavu Ramachandran participate in Thrissur Pooram this year? Find out the