തൃശ്ശൂര്‍ പൂരം; 'അപകടകാരികളായ ആനകളെ നഗരാതിര്‍ത്തിയില്‍പ്പോലും പ്രവേശിപ്പിക്കരുത്'

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനായി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മുഹമ്മദ് ഷഫീക്ക് പ്രത്യേക ഉത്തരവിറക്കി. അപകടകാരികളായ ആനകളെ ഏപ്രില്‍ 17 മുതല്‍ 20 വരെ നഗരാതിര്‍ത്തിയില്‍പ്പോലും പ്രവേശിപ്പിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. പൂരം സംഘാടകര്‍, ആനയുടമകള്‍, പാപ്പാന്മാര്‍, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ളതാണ് പ്രത്യേക ഉത്തരവ്. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഡ്രോണ്‍, ഹെലിക്യാം എന്നിവയ്ക്ക് നിരോധനമുണ്ട്.
ഹെലികോപ്റ്റര്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയ്ക്കും നിരോധനമുണ്ട്. സ്വരാജ് റൗണ്ടിലും ഇവ ഉപയോഗിക്കരുത്. ആനകളുടെയും മറ്റും കാഴ്ചകള്‍ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍, ലേസര്‍ ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗവും പൂര്‍ണമായും നിരോധിച്ചു. 17 മുതല്‍ 20 വരെയാണ് നിരോധനം.
ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ള ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാന്‍ പാടില്ല. എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ ഭീഷണിയായ മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണം. അപകടകരമായി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ വെടിക്കെട്ട് കാണാന്‍ ആളുകളെ പ്രവേശിപ്പിക്കരുത്. ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ സംബന്ധിച്ച് കോടതിവിധികളും സര്‍ക്കാര്‍ ഉത്തരവുകളും പാലിക്കണം. ഘടകപൂരങ്ങള്‍ സമയക്രമം പാലിക്കണം.
ആനപ്രതിസന്ധി അയഞ്ഞു
തൃശ്ശൂര്‍ പൂരത്തിലെ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി അയഞ്ഞു. പൂരത്തിന് ആനകളെ വിട്ടുനല്‍കാന്‍ എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍ തീരുമാനിച്ചു. വനംവകുപ്പ് നിലപാടില്‍ മാറ്റം വരുത്തി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതും എഴുന്നള്ളിപ്പിന്റെ സുഗമമായ നടത്തിപ്പിനായി പ്രായോഗിക തീരുമാനങ്ങള്‍ എടുക്കാന്‍ വനംവകുപ്പിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തതിന്റെ വെളിച്ചത്തിലാണ് സമരത്തില്‍നിന്ന് പിന്‍വാങ്ങുന്നതെന്ന് കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
13-ന് പ്രധാനപങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ടു ഘടകക്ഷേത്രങ്ങളിലും കൊടിയേറിയതോടെ പൂരം ഒരുക്കങ്ങള്‍ മുറുകിയ താളത്തിലാണ് നടക്കുന്നത്. 17-ന് വൈകീട്ടാണ് സാമ്പിള്‍ വെടിക്കെട്ട് നടക്കുക. 18-ന് തൃശ്ശൂര്‍ പൂരത്തിന് നാന്ദികുറിച്ച് വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരനട തുറന്നിടും. പൂരദിവസമായ 19-ന് പുലര്‍ച്ചെമുതല്‍ ഘടകക്ഷേത്രങ്ങളില്‍നിന്നുള്ള എഴുന്നള്ളിപ്പുകള്‍ വടക്കുന്നാഥക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും.
മഠത്തില്‍വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങി നിരവധി വിസ്മയങ്ങള്‍ അരങ്ങേറും. 20-ന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ട് നടക്കും. ഉച്ചയോടെ നടക്കുന്ന ഉപചാരത്തോടെ പൂരം പൂര്‍ണമാകും.
ഉദ്യോഗസ്ഥരെ നിയോഗിച്ചു
തൃശ്ശൂര്‍ പൂരത്തിന്റെ സമ്പൂര്‍ണ മേല്‍നോട്ടം എ.ഡി.എം. ടി. മുരളിക്ക് നല്‍കി ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഉത്തരവിറക്കി. പാറമേക്കാവ് സാമ്പിള്‍, വെടിക്കെട്ട്, കുടമാറ്റം എന്നിവയുടെ ചുമതല സബ് കളക്ടര്‍ മുഹമ്മദ് ഷഫീക്കിനും തിരുവമ്പാടി വിഭാഗം സാമ്പിള്‍, പ്രധാന വെടിക്കെട്ട് എന്നിവയുടെ ചുമതല ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍.) അതുല്‍ എസ്. നാഥിനും നല്‍കി. മഠത്തില്‍വരവ്, ഇലഞ്ഞിത്തറമേളം, പകല്‍പ്പൂരം, പൂരംപ്രദര്‍ശനം, കുടമാറ്റം, നടതുറക്കല്‍, ഘടകപൂരങ്ങള്‍ തുടങ്ങിയവ നടക്കുന്ന സ്ഥലങ്ങളിലും വെടിക്കോപ്പുശാലകളുടെ പരിശോധനയ്ക്കും ക്രമസമാധാനപരിപാലനം ഉറപ്പാക്കാനും വിവിധ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
നല്ലോണം കാണാം പൂരം, കാഴ്ച മറയ്ക്കുന്ന പവിലിയന്‍ പൊളിച്ചു
തൃശ്ശൂര്‍: പൂരക്കാഴ്ച മറയ്ക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരനടയുടെ കിഴക്കുഭാഗത്ത് നിര്‍മാണം തുടങ്ങിയ വി.ഐ.പി. പവിലിയന്‍ പൊളിച്ചുമാറ്റി. ഇതിന് എതിര്‍വശത്ത് പാറമേക്കാവിന്റെ വെടിക്കെട്ടുപുരയോടുചേര്‍ന്ന സ്ഥലത്ത് നിര്‍മിക്കാനാണ് നീക്കം. എന്നാല്‍, തറയില്‍നിന്നും ഉയര്‍ത്തി വി.ഐ.പി. പവിലിയന്‍ നിര്‍മിച്ചാല്‍ കോടതിയലക്ഷ്യത്തിന് പരാതിനല്‍കുമെന്ന് വിധി സമ്പാദിച്ച തൃശ്ശൂര്‍ സ്വദേശി കെ. നാരായണന്‍കുട്ടി അറിയിച്ചു.
വി.ഐ.പി. പവിലിയന്‍ കാഴ്ചയ്ക്ക് തടസ്സമാകരുതെന്നും ഇത് ജില്ലാ കളക്ടര്‍ ഉറപ്പാക്കണമെന്നുമാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ബഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളുടെ യോഗം കളക്ടര്‍ വിളിച്ചുചേര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച നടന്ന ഈ യോഗത്തിലാണ് പവിലിയന്റെ സ്ഥലംമാറ്റാന്‍ തീരുമാനിച്ചത്.
വെടിക്കെട്ടുപുരയ്ക്കു തൊട്ടടുത്ത് സാധാരണ ആളുകളെ നിര്‍ത്താറില്ല. ഇവിടെ വി.ഐ.പി. പവിലിയന്‍ നിര്‍മിക്കുന്നത് പെസോ നിയമങ്ങള്‍ക്കും എതിരാണെന്ന് പറയുന്നു. പാറമേക്കാവ് വെടിക്കെട്ടുപുരയും അനുബന്ധ ഷെഡ്ഡും കൂടിയാകുമ്പോള്‍ നിലവിലെ രീതിയില്‍ കാണികള്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം പവിലിയന്‍ നിര്‍മിക്കാമെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തല്‍. നിലവിലെ സ്ഥലത്തുനിന്ന് പവിലിയന്‍ മാറ്റുന്നതോടെ ആയിരക്കണക്കിന് ആളുകള്‍ക്ക് സുഗമമായി കുടമാറ്റം കാണാനുള്ള വഴിയൊരുങ്ങും.
ആറുമീറ്ററെന്ന അകലം നിര്‍ദേശിച്ചത് ദേവസ്വം ബോര്‍ഡെന്ന് മന്ത്രി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വിശദീകരണം തേടി
കണ്ണൂര്‍: തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് ആനകളും ആളുകളും തമ്മിലുള്ള അകലം ആറുമീറ്ററാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത് ദേവസ്വം ബോര്‍ഡുകളാണെന്നും തൃപ്തികരമായ അകലം പാലിക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയ പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നതെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശമാണ് കോടതിക്ക് കൂടുതല്‍ സ്വീകാര്യമായി തോന്നിയതെന്നും അദ്ദേഹം വിശദീകരിച്ചു.
കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് നാട്ടാനകളുടെ സുരക്ഷിതത്വത്തില്‍ പാലിക്കേണ്ട നിബന്ധനകളെ സംബന്ധിച്ച് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് വിവാദമായതോടെ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദേവസ്വം ബോര്‍ഡുകളുടെകൂടി നിര്‍ദേശങ്ങള്‍ പരിഗണിച്ചുള്ള ഭേദഗതിയാണ് സമര്‍പ്പിച്ചത്.
മുന്‍ ഉത്തരവ് പൂരം അട്ടിമറിക്കാനുള്ള ശ്രമമാണെന്ന രീതിയിലുള്ള പ്രചാരണം നടന്നിരുന്നു. ഇത് മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുള്ളതാണെന്നും വിഭാഗീയതയുണ്ടാക്കാനുള്ള ശ്രമങ്ങളില്‍നിന്ന് പിന്‍മാറണന്നും മന്ത്രി ആവശ്യപ്പെട്ടു. ഉത്തരവ് പുറപ്പെടുവിച്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.
തൃശ്ശൂര്‍ പൂരം സ്‌കെച്ച് ഗാല തുടങ്ങി
അര്‍ബന്‍ സ്‌കെച്ചേഴ്‌സ് പൂരം മുഖ്യവിഷയമാക്കി നടത്തുന്ന മൂന്നുദിവസത്തെ രാജ്യാന്തര സ്‌കെച്ച് മേള 'തൃശ്ശൂര്‍ പൂരം സ്‌കെച്ച് ഗാല - 2024' ആരംഭിച്ചു. ചടങ്ങില്‍ 'തൃശ്ശൂര്‍ പൂരം-എ ഫെസ്റ്റിവലോഗ്' എന്ന സചിത്രപുസ്തകം പുണെയില്‍നിന്നുള്ള ചിത്രകാരന്‍ സഞ്ജീവ് ജോഷിയ്ക്ക് നല്‍കി ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ പ്രകാശനംചെയ്തു. ഫറ ഇറാനി, ബി. രവീന്ദ്രനാഥ്, എം.എം. വിനോദ്കുമാര്‍, ബ്രിജേഷ് ഉണ്ണി, പ്രൊഫ. ടി. കൃഷ്ണകുമാര്‍, ശില്പാ സുരേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അക്ഷരാ രവീഷ് ഭരതനാട്യം അവതരിപ്പിച്ചു.
മൂന്ന് വിദേശികളും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള 65 പേരുമടക്കം നൂറിലധികം ചിത്രകാരന്മാര്‍ മൂന്നുദിവസങ്ങളിലായുള്ള പരിപാടികളില്‍ പങ്കെടുക്കും. തൃശ്ശൂര്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ രാവിലെ എട്ടു മുതല്‍ വര്‍ക്ക് ഷോപ്പുകളും സ്‌കെച്ച് വാക്കുകളും നടക്കും. ഉച്ചതിരിഞ്ഞ് സെയ്ന്റ് തോമസ് കോളേജില്‍ പഠനക്ലാസ്. ആദ്യദിനമായ തിങ്കളാഴ്ച അഞ്ച് വര്‍ക്ക്‌ഷോപ്പുകളും രണ്ട് സ്‌കെച്ച് വാക്കുകളും നടന്നു.
സേവനമുഖവുമായി പാറമേക്കാവ്
തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സേവനമുഖവുമായി പാറമേക്കാവ് ദേവസ്വം. രോഗികളായ എട്ടുപേര്‍ക്കും മരണാനന്തരസഹായമായി ഒരു കുടുംബത്തിനുമാണ് ദേവസ്വം സാമ്പത്തികസഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് സഹായമായി നല്‍കുക. തൃശ്ശൂര്‍, പാലക്കാട്, ഇരിങ്ങാലക്കുട, തളിക്കുളം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലുള്ളവരാണ് ഇവര്‍.
വയോധികരും ഗുരുതരരോഗം പിടിപെട്ട 10 വയസ്സില്‍ താഴെയുള്ള കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു. തൊഴിലിനിടെ വീണുമരിച്ച കരാര്‍തൊഴിലാളിയുടെ കുടുംബത്തിനാണ് മരണാനന്തരസഹായമായി തുക നല്‍കുന്നത്. ചമയപ്രദര്‍ശനം, സാമ്പിള്‍ വെടിക്കെട്ട് എന്നിവ നടക്കുന്ന ഏപ്രില്‍ 17-ന് തുക വിതരണം ചെയ്യും. 10.45-ന് ക്ഷേത്രനടപ്പുരയിലാണ് ചടങ്ങ് നടക്കുക.
Content Highlights: thrissur pooram 2024 special circular established by sub divisional magistrate